കാസർകോട്: റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി ജലീൽ. ഭീരുക്കളാണ് ഒളിച്ചോടുകയെന്നും ചെയ്തത് സത്യമെങ്കിൽ ആരെ ഭയപ്പെടാനാണെന്നും കെ.ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതിയുണ്ടാവില്ലെന്നും അതുകൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും എന്നാണ് കുറിപ്പ്.

റിയാസ് മൗലവി വധക്കേസിൽ അദ്ദേഹത്തിന്റെ കുടുംബത്തിനായി വാദിച്ച അഭിഭാഷകൻ അഡ്വ.സി ഷുക്കൂർ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പമാണ് ജലീലിന്റെ പ്രതികരണം. സാധാരണ കോടതികളിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് ട്രാൻസ്ഫർ ഉണ്ടാവുക മെയ് മാസം, സമ്മർ വെക്കേഷനു ശേഷമാണ്. റിയാസ് മൗലവി കേസിൽ മൂന്നു പ്രതികളെയും കുറ്റ വിമുക്തരാക്കിയ കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനു പതിവിനു വിപരീതമായി, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഹൈക്കോടതി ആലപ്പുഴ ജില്ലാ ജഡ്ജായി ട്രാൻസ്ഫർ നൽകിയിട്ടുണ്ട് എന്നാണ് ഷുക്കൂർ വക്കീൽ ഫേസ്‌ബുക്കിൽ കുറിച്ചത്.

റിയാസ് മൗലവി കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ട കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥലംമാറ്റിയത്. അതേസമയം, ആറുമാസം മുൻപ് തന്നെ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിരുന്നെന്നും ഇതിന്റെ സ്വാഭാവിക നടപടി മാത്രമാണ് ഇതെന്നുമാണ് ലഭിക്കുന്ന വിശദീകരണം. 2023 ഓഗസ്റ്റിലാണ് കെ. കെ ബാലകൃഷ്ണൻ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേറ്റത്. ജില്ലാ ജഡ്ജിയും ഹൈക്കോടതി ഐടി വിഭാഗം രജിസ്റ്റ്രാറുമായ ജി ഗോപകുമാറാണ് പുതിയ കാസർകോട്ട് പകരം നിയമിതനായത്.

പ്രതികളെ വെറുതെ വിട്ട നടപടി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. റിയാസ് മൗലവി വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കുകയും ചെയ്തിരുന്നു.

അതേസമയം, വിവാദമായ റിയാസ് മൗലവി കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നു. വിചാരണ കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കുറ്റപ്പെടുത്തലിനൊപ്പം 7 വർഷം ജാമ്യം ലഭിക്കാതെ പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സർക്കാർ ഹർജിയിൽ പറയുന്നു. മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അപ്പീൽ ഹർജി വേനലവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. പ്രതികൾ പാസ്‌പോർട്ട് കെട്ടിവെക്കണം വിചാരണ കോടതി പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്