- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകംപള്ളിക്കെതിരായ റിയാസിന്റെ വിമർശനത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തു നിൽക്കവേ തലസ്ഥാനത്തെ സിപിഎമ്മിനെ വെട്ടിലാക്കി കോർപ്പറേഷനിലെ റോഡു പണി വിവാദം. മുതിർന്ന സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെ വിമർശിച്ചു പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് പരോക്ഷമായി പരാമർശിച്ചതാണ് വിവാദമായത്. സംഭവത്തിൽ റിയാസിനെതിരായി സിപിഎം ജില്ലാ കമ്മിറ്റി രംഗത്തുവന്നു.
തലസ്ഥാന നഗരത്തിൽ നടക്കുന്ന റോഡ് പണി വിവാദത്തിൽ കടകംപള്ളി പ്രതികരിച്ചത് ജനവികാരം മനസ്സിലാക്കിയായിരുന്നു. എന്നാൽ, ഇതിനെ തള്ളിപ്പറഞ്ഞാണ് മന്ത്രിയുടെ വാക്കുകൾ. മുഹമ്മദ് റിയാസിന്റെ വിമർശനത്തിൽ ജില്ലാ നേതൃത്വത്തിന് ശക്തമായ എതിർപ്പാണ് ഉണ്ടായിരിക്കുന്നത്. കടകംപള്ളിയടക്കം ജില്ലാ നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന് ധ്വനിപ്പിച്ചായിരുന്നു റിയാസിന്റെ പ്രസംഗം. മുന്മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളിക്കെതിരായ റിയാസിന്റെ നീക്കം ജില്ലാ നേതൃയോഗങ്ങളിലും ചർച്ചയാകും.
തലസ്ഥാന നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാതായിട്ട് മൂന്ന് വർഷമായി. മൂന്ന് മാസം കൊണ്ട് പണി തീരുമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ റോഡ് പൊളിച്ചതോടെ ജനം നട്ടംതിരിയുകയാണ്. ഇതിനെതിരെ വൻ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സ്മാർട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ വികസന സമിതി യോഗത്തിൽ കടകംപള്ളി പ്രസംഗിച്ചത്.
എന്നാൽ, ആകാശത്ത് റോഡ് നിർമ്മിക്കാനാകുമോ എന്ന് തിരിച്ച് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം പിടിവിട്ടു. "ആകാശത്ത് റോഡ് നിർമ്മിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ല, റോഡിൽ തന്നെ നടത്തണം. അതു നടത്തണമെന്നു മാത്രമല്ല എല്ലാം ഒരുമിച്ചു നടത്താതെ ചിലതു മാത്രം നടത്തി. അപ്പോ വരുന്ന ചർച്ചയെന്താ?
ഈ റോഡിൽ എന്തുകൊണ്ട് പണി നടത്തുന്നില്ല, നടന്നുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും. ഇപ്പോ എല്ലാവരും ചേർന്നുകൊണ്ട് അതിന്റെ പ്രവർത്തി നടത്തുന്നു. ഇതു ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്‌നം. ചില വിമർശനങ്ങൾ അനാവശ്യമായി ചില മാധ്യമങ്ങൾ ഉയർത്തുകയാണ്. കരാറുകാരനെ നീക്കം ചെയ്തതിൽ ചിലർക്കു പൊള്ളിയിട്ടുണ്ട്. നീക്കം ചെയ്തതിന്റെ ഭാഗമായി ഉണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിന്റെ ചില പ്രയാസങ്ങൾ ചിലർക്കുണ്ട്. പൊള്ളലേറ്റു മുറിവുണങ്ങാത്തവർ എന്തു പറഞ്ഞാലും ജനം വിശ്വസിക്കില്ല" റിയാസ് പറഞ്ഞു.
അതേസമയം ഈ വിവാദം മുതലെടുക്കാൻ പ്രതിപക്ഷവും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്ന് നിയമസഭയിൽ വിഷയം ടി സിദ്ദിഖ് നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. റിയാസിന്റെ കയ്യിൽ നിന്നേറ്റ പൊള്ളൽ മറക്കാനാണ് കടകംപള്ളിയുടെ ശ്രമം. റോഡു വികസനത്തിൽ കരാറുകാരനെ മാറ്റിയത് ചിലർക്ക് പൊള്ളിയെന്നായിരുന്നു റിയാസിന്റെ വിമർശനം. മന്ത്രി മുഹമ്മദ് റിയാസ് തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചില മാധ്യമങ്ങൾ താൻ പറഞ്ഞതിനെ വളച്ചൊടിച്ചു. റിയാസ് പറഞ്ഞത് തനിക്കെതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.