കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പ് കാലത്ത് വിവാദമായ കാഫിർ പ്രയോഗത്തിൽ ആദ്യ പരാതിക്കാരനായ തന്നെയാണ് പൊലീസ് ലക്ഷ്യമിടുന്നതെന്ന പരാതിയുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിം. പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ല. തന്റെ പേരിൽ വ്യാജ സന്ദേശമാണ് പ്രചരിച്ചതെന്നും താനാണ് കേസിലെ ആദ്യ പരാതിക്കാരനെന്നും എന്നാൽ തനിക്കെതിരെയാണ് പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണമെന്നും കുറ്റപ്പെടുത്തി കാസിം കേരള ഹൈക്കോടതിയെ സമീപിച്ചു.

വിവാദ വാട്‌സ്ആപ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കേസിൽ പൊലീസ് ആദ്യം പരാതി നൽകിയ തന്നെത്തന്നെ പ്രതിയാക്കിയെന്ന് കുറ്റപ്പെടുത്തുന്നു. യൂത്ത് ലീഗ് നിടുബ്രമണ്ണ എന്ന പേരിൽ വ്യാജ പോസ്റ്റ് ആണ് നിർമ്മിച്ചതെന്നും അമ്പാടിമുക്ക് സഖാക്കൾ എന്ന ഐഡിയിലാണ് ഈ സന്ദേശം താൻ ആദ്യമായി കണ്ടതെന്നും കാസിം ഹർജിയിൽ പറയുന്നു. സംഭവത്തിൽ താൻ നൽകിയ ആദ്യ പരാതിയിൽ അന്വേഷണം നിലച്ചിരിക്കുകയാണെന്നും സത്യം പുറത്ത് വരാൻ ഉചിതമായ അന്വേഷണം വേണമെന്നും കാസിം ആവശ്യപ്പെടുന്നു. ഹർജി നാളെ കോടതി പരിഗണിക്കും.

അതിനിടെ, കാഫിർ പ്രയോഗത്തിൽ മുൻ എംഎൽഎ കെ.കെ ലതികയുടെ മൊഴിയെടുത്തു. രണ്ടുദിവസം മുമ്പാണ് വടകര എസ്എച്ചഒയുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്. ലതിക വർഗീയ പരാമർശമുള്ള പോസ്റ്റർ ഷെയർ ചെയ്തിരുന്നു.

വടകരയിൽ വർഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ചു. ഇത് സ്‌ക്രീൻ ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ പോസ്റ്റു ചെയ്തു.

ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ, സ്‌ക്രീൻ ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുൻ എംഎ‍ൽഎ കെ.കെ ലതിക സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീൻ ഷോട്ട് ഫേസ്‌ബുക്ക് പേജിൽ പോസ്റ്റു ചെയ്തുവെന്നാണ് ആരോപണം.