തിരുവനന്തപുരം: ഒടുവിൽ സിപിഐയ്ക്ക് എല്ലാം മനസ്സിലായി. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച ഭരണവിരുദ്ധവികാരം സത്യസന്ധമായി പരിശോധിക്കണമെന്ന് സിപിഐ. സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. അതിരൂക്ഷ വിമർശനമാണ് ഇടതു മുന്നണിയുടെ രണ്ടമാനായ സിപിഐ നേതാക്കൾ പിണറായിയ്‌ക്കെതിരെ ഉയർത്തുന്നത്. പ്രത്യക്ഷത്തിൽ സിപിഎമ്മിനെ പിന്തുണയ്ക്കുമ്പോഴും സിപിഐ പാർട്ടി യോഗങ്ങളിൽ സത്യം തിരിച്ചറിയുന്നു.

മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതി എതിർക്കണമെന്നും ജനങ്ങളെ പേടിപ്പിക്കുന്ന സുരക്ഷാസന്നാഹങ്ങളോടെയുള്ള യാത്ര എതിർവികാരമാണ് സൃഷ്ടിക്കുന്നതെന്നും ജില്ലാ സെക്രട്ടറിമാർ തുറന്നടിച്ചു. സിപിഎമ്മിനു വിധേയപ്പെട്ടുമാത്രം പ്രവർത്തിക്കുന്നതിൽ അതിരൂക്ഷ വിമർശനമുയർന്നു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ എല്ലാ വിഷയത്തിലും സർക്കാരിനെ അനുകൂലിക്കുന്നുവെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് സിപിഐ നേതാക്കളുടെ വിമർശനം നിർണ്ണായകമാകുന്നത്. യാഥാർത്ഥ്യ ബോധത്തോടെയുള്ള വിമർശനമായിരുന്നു അതിൽ പലതും.

പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയം സഹതാപതരംഗമാണെന്നും മുന്നണിയുടെ അടിയുറച്ച വോട്ടുകൾ ചോർന്നിട്ടില്ലെന്നും വിലയിരുത്തിയായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ട്. എന്നാൽ, ഭരണവിരുദ്ധവികാരം ഉണ്ടായോ എന്ന് സത്യസന്ധമായി വിലയിരുത്തണമെന്ന് ജില്ലാ സെക്രട്ടറിമാർ ആവശ്യപ്പെട്ടു. എം വി ഗോവിന്ദനെപ്പോലെ ഒരു സെക്രട്ടറിക്കു മാത്രമേ പുതുപ്പള്ളി തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാവുമെന്നു പറയാനാവൂവെന്നും ചർച്ചയിൽ പരിഹാസമുണ്ടായി. മുഖ്യമന്ത്രിക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയേയും വെറുതെ വിടുന്നില്ല.

ഇടതു മുന്നണിയിൽ വലിയ പാർട്ടി സിപിഎമ്മാണെങ്കിലും ആശയപരമായ തിരുത്തൽ സിപിഐ. നടത്താറുണ്ടെന്നാണ് ഇടത് അനുഭാവികളുടെ വിശ്വാസം. ഈ ദൗത്യത്തിൽ നേതൃത്വം പരാജയപ്പെട്ടു. രാഷ്ട്രീയവിമർശനം പറയേണ്ടിടത്തു പറയുന്നില്ല. ജനങ്ങളെ ഭീതിപ്പെടുത്തി മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോവുന്നു. ഇതൊക്കെ താഴെത്തട്ടിൽ ജനങ്ങൾക്കിടയിലുണ്ടാക്കുന്ന വികാരം വേറെയാണെന്ന് എൽ.ഡി.എഫ്. യോഗത്തിലെങ്കിലും തുറന്നുപറയണം-ഇതാണ് സിപിഐ യോഗം മുമ്പോട്ട് വയ്ക്കുന്നത്. ഇടതു യോഗത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം.

മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതിയെ എതിർക്കാനോ തിരുത്താനോ സിപിഐ. മന്ത്രിമാർ തയ്യാറാവുന്നില്ല. പാർട്ടി നേതൃത്വമെങ്കിലും അതിനു തയ്യാറാവണം. നെല്ലു സംഭരണത്തിൽ കൃത്യമായി പണം നൽകുന്നതിൽ വീഴ്ച വരുത്തി. ധനവിനിമയം കാര്യമായി നടക്കുന്നില്ല. സംസ്ഥാനസെക്രട്ടറിയുടെ അഭാവത്തിൽ മറ്റു നേതാക്കൾ ഉയർന്നു പ്രവർത്തിക്കുന്നില്ലെന്നും ജില്ലാ സെക്രട്ടറിമാർ കുറ്റപ്പെടുത്തി.

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് നിസ്സാരമായി കാണേണ്ട ഒന്നല്ലെന്ന് തൃശ്ശൂർ ജില്ലയിലെ നേതാക്കൾ സിപിഐ. സംസ്ഥാന കൗൺസിലിൽ പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന സിപിഎം. നേതാക്കളുടെ നിലപാടിൽ സിപിഐ. നേതൃത്വം കർശനമായി ഇടപെടണം. കുറ്റക്കാർക്കെതിരേ മുഖംനോക്കാതെ നടപടിയുണ്ടാവേണ്ടതുണ്ടെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തൃശൂരിൽ സിപിഐയാണ് ലോക്‌സഭയിൽ മത്സരിക്കുന്നത്. കരുവന്നൂർ ലോക്‌സഭയിലെ വിജയ സാധ്യതയെ ബാധിച്ചിട്ടുണ്ടെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

സംസ്ഥാന സർക്കാരിന്റെ പോരായ്മകളും 'ഉമ്മൻ ചാണ്ടി പിണറായി' താരമതമ്യവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വൻതിരിച്ചടിക്കു കാരണമായതായി സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ സംസ്ഥാന സെന്റർ റിപ്പോർട്ടിൽ ഒഴിവാക്കിയതും വിമർശന വിധേയമായി. പരാജയം ഇത്ര കനത്തത് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ വികാരം കൂടി പ്രതിഫലിച്ചതു കൊണ്ടാണെന്നു ജില്ലാ കമ്മിറ്റി വിലയിരുത്തി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വം പ്രതിക്കൂട്ടിൽ നിൽക്കുന്നതിന്റെ ബാധ്യത സിപിഐ ഏറ്റെടുക്കേണ്ടതില്ലെന്നും അഭിപ്രായം ഉയർന്നു. കരുവന്നൂർ തട്ടിപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന തൃശൂരിലെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന വിമർശനവും പ്രതിനിധികൾ പങ്കുവച്ചു. തിരുവനന്തപുരം കാട്ടാക്കടയിൽ പാർട്ടി ഭരിക്കുന്ന കണ്ടല ബാങ്കിലെ വൻക്രമക്കേടിൽ സംസ്ഥാന നേതൃത്വത്തിനു ജാഗ്രതക്കുറവുണ്ടായി എന്നും സിപിഐ തിരിച്ചറിയുന്നുണ്ട്.