തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഒരു പൊതുവേദിയിൽ കണ്ടിട്ട് കാലം കുറച്ചായി. അടുത്തിടെ ഇടതു മുന്നണിയും സിപിഐയും നടത്തിയ പരിപാടികളിലൊന്നും കാനത്തെ ആരും കണ്ടിരുന്നില്ല. ഇതോടെ കാനത്തിന് എന്തുസംഭവിച്ചു എന്ന ചോദ്യം കുറച്ചുകാലമായി തന്നെ ഉയരുന്നുണ്ട്. സംസ്ഥാന സർക്കാറുമായി ചേർന്നു പ്രവർത്തിക്കുന്ന കാനം തന്റെ മുൻഗാമികളെ പോലെ സിപിഎമ്മുമായി അധികം കലഹിക്കാറുമില്ല. ഇതിൽ പരിഭവമുള്ളവരും സിപിഐയിലുണ്ട് താനും.

കടുത്ത അനാരോഗ്യങ്ങൾ മൂലം കാനം രാജേന്ദ്രൻ സിപിഐ. സംസ്ഥാനസെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നതുമൂലം അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമാണ്. കടുത്ത പ്രമേഹരോഗിയായ കാനത്തിന് അടുത്തിടെ രോഗം മൂർച്ഛിച്ചിരുന്നു. ഇതേ തുടർന്ന് അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. ഇതോടെ ആശുപത്രികളിലാണ് കുറച്ചുകാലമായി അദ്ദേഹത്തിന്റെ ജീവിതം. കാലിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നതോടെ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരവേ സെക്രട്ടറിക്ക് സംസ്ഥാനമാകെ ഓടിനടക്കേണ്ടിവരും. എന്നാൽ, കുറച്ചുകാലമായി പാർട്ടിയുടെ പൊതുപരിപാടികളിൽനിന്നെല്ലാം വിട്ടുനിൽക്കുകയാണ് അദ്ദേഹം. പല വിഷയങ്ങളിലും സിപിഐയുടെ നിലപാടുകൾ വിശദീകരിക്കാനും കാനത്തിന് സാധിച്ചിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഓടി നടന്ന പ്രവർത്തനം ഏകോപിപ്പിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാരമാകും. അതുകൊണ്ടാണ് സ്ഥാനമൊഴിയലിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്.

പാർട്ടിരീതിയനുസരിച്ച് രണ്ടുവർഷംകൂടി കാനത്തിന് സെക്രട്ടറിസ്ഥാനത്തു തുടരാം. പൊതുപരിപാടികളിൽ ഇല്ലെങ്കിലും സെക്രട്ടറിയെന്നനിലയിൽ പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം കാനത്തിന്റേതാണ്. ഭരണകാര്യങ്ങളിൽ മന്ത്രിമാർ വിവരം ധരിപ്പിക്കുന്നതും അവർക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതും കാനം തന്നെയാണ്. നിലവിൽ സംസ്ഥാനസെക്രട്ടറിക്കുതാഴെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാർകൂടിയുണ്ട് -ഇ. ചന്ദ്രശേഖരനും പി.പി. സുനീറും. ഇവരിൽ ആർക്കെങ്കിലും സെക്രട്ടറിയുടെ ചുമതല താത്കാലികമായി നൽകാം. എന്നാൽ, തിരുവനന്തപുരം കേന്ദ്രമാക്കിയല്ല ഇരുവരുടെയും പ്രവർത്തനമെന്ന ന്യൂനതയുണ്ട്.

കാനം മാറേണ്ട സാഹചര്യമുണ്ടായാൽ പകരം ആര് സെക്രട്ടറിയാകും എന്നതിലും സിപിഐയിൽ ആശയക്കുഴപ്പമുണ്ട്. പല വിധത്തിലുള്ള ഭിന്നതകൾ പാർട്ടിക്കുള്ളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വമാണ് പകരം പരിഗണിക്കപ്പെടുന്നവരിൽ മുൻനിരയിലുള്ളത്. അടുത്തവർഷം അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും. ദേശീയനേതൃത്വത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിലവിൽ സംസ്ഥാനത്ത് സജീവമാണ്. മുൻ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ പേരിലേക്കും ചിന്തവരാം. കാനത്തിനും പ്രകാശ് ബാബുവിന്റെ കാര്യത്തിൽ എതിർപ്പില്ല.