- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഐയെ സിപിഎമ്മിന്റെ ബി ടീമാക്കിയെന്ന വിമർശനം ഉയർന്നപ്പോഴും കൂസലാക്കിയില്ല; സിപിഐ സിപിഎമ്മിനെ തിരുത്തുന്ന നയം തിരുത്തിയത് കാനം; ഡി രാജ അടക്കം കേന്ദ്ര നേതൃത്വത്തെ വരച്ച വരയിൽ നിർത്തിയ സംസ്ഥാന സെക്രട്ടറി; അടിയുറച്ച നിലപാടുകളുടെ കാനം ലൈൻ
തിരുവനന്തപുരം: പാർട്ടിയിൽ ആരും വിമർശനത്തിന് അതീതരല്ല എന്ന നയം മുറുകെ പിടിച്ച നേതാവായിരുന്നു കാനം രാജേന്ദ്രൻ. സെക്രട്ടറി ആയാലും, ചെയർമാൻ ആയാലും പാർട്ടി മാനദണ്ഡം പാലിക്കണം, അതായിരുന്നു കാനം ലൈൻ. സംസ്ഥാന വിഷയത്തിൽ, പാർട്ടി സംസ്ഥാന ഘടകത്തോട് അഭിപ്രായം ആരായാതെ കേന്ദ്രനേതൃത്വമായാലും അഭിപ്രായം പറയരുത് എന്ന് അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.
2021 ലാണ് സംഭവം. കേരള പൊലീസിനെതിരെ നടത്തിയ പരസ്യ പ്രതികരണത്തിൽ ആനിരാജയെ പിന്തുണച്ച സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെ വിമർശിച്ച് കാനം രാജേന്ദ്രൻ രംഗത്തെത്തി. ആനി രാജയുടെ പ്രസ്താവനയിലെ ഡി രാജയുടെ പ്രതികരണം ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനം അല്ലെന്ന് കാനം തുറന്നടിച്ചു. ആനി രാജയുടെ പ്രസ്താവന ദേശീയ എക്‌സിക്യൂട്ടീവ് തള്ളിയതാണ്. ദേശീയ ജനറൽ സെക്രട്ടറിയെ വിമർശിക്കുന്നതിൽ അപാകതയില്ല. ദേശീയ സെക്രട്ടറിയായാലും ചെയർമാനായാലും പാർട്ടി മാനദണ്ഡം ലംഘിക്കാൻ പാടില്ലെന്നാണ് കാനം അന്നുപറഞ്ഞത്.
കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുണ്ടെന്നായിരുന്നു ആനി രാജയുടെ പരാമർശം. എന്നാൽ ഈ പരാമർശം തള്ളിക്കൊണ്ട് സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തുകയായിരുന്നു. ആനി രാജയുടെ പ്രസ്താവനയിൽ വിയോജിപ്പ് അറിയിച്ച് കൊണ്ട് കാനം രാജേന്ദ്രൻ ദേശീയ നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ആനിരാജയുടെ നടപടി പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാനത്തിന്റെ കത്ത്.
എന്നാൽ, ഇതിന് പിന്നാലെ ആനി രാജയെ പിന്തുണച്ചു കൊണ്ട് ദേശീയ സിപിഐ നേതാവ് ഡി രാജ രംഗത്തെത്തുകയായിരുന്നു. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകളെ വിമർശിക്കണം എന്നായിരുന്നു രാജ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെയാണ് കാനം ദേശീയ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
പാർട്ടി ചെയർമാനായിരുന്ന എസ് എ ഡാങ്കെ മുതലുള്ളവരെ വിമർശിച്ചിരുന്ന പാർട്ടിയാണ് സിപിഐ. അതുകൊണ്ട് ജനറൽ സെക്രട്ടറി ആയാലും ചെയർമാനായാലും പാർട്ടി മാനദണ്ഡം ലംഘിച്ചാൽ അത് വിമർശിക്കപ്പെടും. ദേശീയ നിർവാഹക സമിതി അംഗം സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് സംസ്ഥാന ഘടകത്തിന്റെ അറിവോടെ പ്രതികരിക്കണം. ആനി രാജ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളിലെ പൊലീസ് നടപടിയെ കുറിച്ചല്ലേ വിമർശിച്ചതെന്ന ചോദ്യത്തിന് 'അവർ എന്ത് പറഞ്ഞുവെന്നതല്ല, നിലവിലെ പൊതുമാനദണ്ഡം ലംഘിച്ചു' എന്നതാണ് പ്രധാനമെന്നും കാനം അന്ന് വിശദീകരിച്ചിട്ടുണ്ട്.
പിന്നീട് നൽകിയ ഒരു അഭിമുഖത്തിൽ, ആ വാർത്തകൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. താനും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാണെന്നും 9 അംഗ കേന്ദ്ര സെക്രട്ടേറിയറ്റിൽ താനും അംഗമാണെന്നും അതുകൊണ്ട് എവിടെ വരെ പോകാം, എന്തു പറയാം എന്നതിനെക്കുറിച്ച് തനിക്കു വ്യക്തമായ ധാരണയുണ്ടെന്നും കാനം വ്യക്തമാക്കി. അജയഘോഷിന്റെ കാലം മുതൽ പാർട്ടി ജനറൽ സെക്രട്ടറിക്കെതിരെ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ആ ചരിത്രം ആളുകൾക്കു മനസിലാക്കാൻ വേണ്ടി അങ്ങനെ പറഞ്ഞെന്നേയുള്ളൂവെന്നും, ജനറൽ സെക്രട്ടറിയെ വിമർശിച്ചതല്ലെന്നും കാനം വിശദീകരിച്ചു. കേന്ദ്ര നേതൃത്വം പറയുന്ന കാര്യങ്ങളെ ആരും ചോദ്യം ചെയ്തുകൂടാ എന്നത് ആഭ്യന്തര ജനാധിപത്യം ഉള്ള ഒരു പാർട്ടിക്കു ചേരുന്ന രീതിയല്ലെന്നും കാനം അന്ന് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
സിപിഐയെ സിപിഎമ്മിന്റെ ബി ടീമാക്കി എന്ന വിമർശനം
പാർട്ടി യോഗങ്ങളിൽ, സംസ്ഥാന സർക്കാരിന് എതിരെ അംഗങ്ങൾ എണ്ണിയെണ്ണി വീഴ്ചകൾ തുറന്നുപറയുമ്പോഴും, അതുപുറത്തുപറഞ്ഞ് നാണക്കേടുണ്ടാക്കാൻ കാനം തയ്യാറായിരുന്നില്ല. സെപ്റ്റംബറിൽ നടന്ന സിപിഐ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങളിൽ സർക്കാരിന് എതിരെ മാത്രമല്ല, പാർട്ടി നേതൃത്വത്തിന് എതിരെയും വിമർശനം ഉയർന്നിരുന്നു.
പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ മൗനം പാലിച്ച പാണ്ഡവരെപ്പോലെയാകാതെ, പാർട്ടിനേതൃത്വം വിദുരരെ പോലെയാകണമെന്ന് മലപ്പുറത്തുനിന്നുള്ള അംഗം വിമർശിച്ചിരുന്നു. പിണറായി സർക്കാരിന്റെ വീഴ്ചകൾ തിരിച്ചറിയുന്നുണ്ടെങ്കിലും അത് പറഞ്ഞ് നാണക്കേടുണ്ടാക്കാൻ കാനം തയ്യാറായിരുന്നില്ല. 'ഇന്ന് വാഴ്‌ത്തിപ്പാടുന്ന പഴയ സർക്കാരുകൾക്കെതിരെയും അന്നു വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയും അനുബന്ധമായ പരിമിതികളും ഈ സർക്കാർ നേരിടുന്നുണ്ട്. പ്രതിപക്ഷം സർക്കാരിനെതിരെ നിൽക്കുമ്പോൾ സിപിഐക്ക് അതിനൊപ്പം ചേരാനാകില്ല. മുഖ്യമന്ത്രിയുടെ അകമ്പടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐക്ക് ഉപദേശിക്കാനുമാവില്ല. ബന്ധപ്പെട്ടവർ സ്വയം മനസ്സിലാക്കേണ്ട കാര്യമാണത്' -കാനം പറഞ്ഞത് ഇങ്ങനെയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നതായിരുന്നു സിപിഐ യോഗത്തിന്റെ പൊതു വികാരം. തിരുത്തൽ ശക്തിയായി ഇടതുപക്ഷത്ത് സിപിഐ മാറണമെന്നും അഭിപ്രായം ഉയർന്നു. ഇതിന് മറുപടിയായാണ് ഒന്നും എവിടേയും പറയില്ലെന്ന് കാനം വിശദീകരിച്ചത്. എന്നാൽ സർക്കാരിനെതിരായ ആരോപണങ്ങളെ തള്ളിയതുമില്ല.
ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ പാർട്ടിയാണ് സിപിഐ. സിപിഎമ്മിനെ എന്നും തിരുത്തുന്ന ചരിത്രമായിരുന്നു സിപിഐയ്ക്ക്. എന്നാൽ ഇക്കാലത്ത് അതിന് തീരെ സാധ്യതയില്ലെന്നായിരുന്നു കാനത്തിന്റെ വിലയിരുത്തൽ. സിപിഐയുടെ പിന്തുണയില്ലെങ്കിലും സിപിഎമ്മിന് ഭരണവുമായി മുമ്പോട്ട് പോകാം. ഈ സാഹചര്യത്തിൽ തെറ്റു തിരുത്തലിനായി മുമ്പോട്ട് വയ്ക്കുന്നതൊന്നും സിപിഎം അംഗീകരിക്കില്ലെന്നാണ് കാനം അടക്കമുള്ളവർ വിലയിരുത്തിയത്.
'എന്തു പ്രശ്‌നവും പുറത്തു പറഞ്ഞാലേ പരിഹരിക്കപ്പെടൂ എന്ന സങ്കൽപം ഉണ്ടായിരുന്നു. മുന്നണിയുടെ പ്രധാന ഭാഗമായ പാർട്ടിക്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതു നേരിട്ടു പറഞ്ഞ് തീർക്കാനുള്ള സംവിധാനം ഇന്നു നിലവിൽ ഉണ്ട്. മുന്നണിയിലെ കക്ഷികൾ പരസ്പരം സംസാരിക്കാത്തവരല്ല, മാധ്യമങ്ങളിൽ കൂടി മാത്രമേ അവർ സംസാരിക്കൂ എന്നുമില്ല.
രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്ന യോഗങ്ങളിൽ പരസ്പരം അഭിപ്രായങ്ങൾ സിപിഎമ്മും സിപിഐയും പറയാറുണ്ട്. പൊതു നിലപാട് ചർച്ച ചെയ്ത് രൂപപ്പെടുത്താറുണ്ട്. കേരളത്തിലെ മാധ്യമങ്ങൾ ആ യാഥാർഥ്യം കാണണം. മുന്നണിയിലെ നല്ല കാര്യങ്ങൾക്കെല്ലാം പിന്തുണ, മോശം കാര്യങ്ങളെ പരസ്യമായി വിമർശിക്കും എന്നതല്ല സിപിഐ ഇന്ന് എടുക്കുന്ന സമീപനം. നേരിട്ടു ചർച്ച ചെയ്ത് തിരുത്താനുള്ളത് തിരുത്തും, ഞങ്ങൾ തിരുത്തേണ്ടതാണെങ്കിൽ അതും ചെയ്യും. ഇതിലെല്ലാം ചില മാധ്യമങ്ങൾക്ക് അസംതൃപ്തി ഉണ്ട് എന്ന് അറിയാം. തൽക്കാലം സഹിക്കുകയല്ലാതെ മറ്റു മാർഗമില്ല.'- ഇതായിരുന്നു കാനത്തിന്റെ നിലപാട്.




