തിരുവനന്തപുരം: പാർട്ടിയിലെ ഹെഡ്‌മാസ്റ്റർ ആയിരുന്നു കാനം രാജേന്ദ്രൻ. അധികം സംസാരിക്കാതെ പ്രവൃത്തിയിൽ വിശ്വസിച്ചിരുന്ന നേതാവ്. തെറ്റുകണ്ടാൽ വടിയെടുത്ത് തിരുത്തുന്ന സംസ്ഥാന സെക്രട്ടറി. സെക്രട്ടറി പദത്തിലെ അവസാന കാലത്ത് സിപിഎമ്മിന്റെ ബി ടീമെന്ന് മുൻകാല സെക്രട്ടറിമാരെ പോലെ കാനവും ആക്ഷേപം കേട്ടെങ്കിലും, സർക്കാരിന് നാണക്കേടുണ്ടാക്കുന്നത് ഒന്നും ചെയ്തുകൂടാ, പറഞ്ഞുകൂടാ എന്ന പക്ഷക്കാരനായിരുന്നു കാനം. അതുകൊണ്ട് തന്നെ വേണ്ട സമയത്ത് ചില്ലറ തിരുത്തുകൾ സർക്കാരിൽ വരുത്താൻ ശ്രമിക്കുന്ന കാനം പ്രതിസന്ധികളിൽ സർക്കാരിന് രക്ഷാകവചം തീർത്തയാളായിരുന്നു.

ഇടക്കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യൻ രവീന്ദ്രൻ സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കി എന്ന വിമർശനം നേരിടുന്ന കാലത്താണ് കാനത്തിന്റെ വരവ്. ശക്തിയില്ലാതിരുന്ന കാലത്തും പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടിയിട്ടുണ്ടെന്നും ഇനിയും മുഖ്യമന്ത്രി പദവി കിട്ടാൻ അർഹതയുണ്ടെന്നുമായിരുന്നു പാർട്ടി സെക്രട്ടറിയായ ശേഷം കാനം ആദ്യമായി പ്രതികരിച്ചത്. സിപിഐയെ വിമർശിക്കുന്ന എതിരാളികൾക്ക് ചുട്ട മറുപടി നൽകുമെങ്കിലും, അതിരുവിടാതിരിക്കാൻ കാനം ജാഗ്രത കാട്ടി.

ആദ്യകാലത്ത് ഇടതുമുന്നണി സർക്കാരിന്റെ ചില നയങ്ങളെ തിരുത്താൻ വേണ്ടി ചില അമ്പുകൾ അദ്ദേഹം തൊടുത്തുവിട്ടു. മാവോയിസ്റ്റുകളോടുള്ള നയത്തിന്റെ കാര്യത്തിലായിരുന്നു കാനത്തിനും സിപിഐക്കും സിപിഎമ്മിനോട് വിയോജിപ്പ്. കേരളാ കോൺഗ്രസ് എമ്മിന്റെ ഇടത് മുന്നണി പ്രവേശനത്തിലും കാനത്തിന് വ്യത്യസ്താഭിപ്രായം ആയിരുന്നു. രാഷ്ട്രീയമായി അപകടനിലയിലുള്ളവർക്കുള്ള വെന്റിലേറ്ററല്ല ഇടത് മുന്നണിയെന്നായിരുന്നു ആദ്യ അഭിപ്രായം. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെ.മാണി ഇടതുമുന്നണിയിൽ എത്തിയപ്പോൾ എതിർക്കാൻ അദ്ദേഹം തുനിഞ്ഞതുമില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് രണ്ട് സീറ്റിൽ മത്സരിച്ചിരുന്ന സിപിഐ. വൈക്കം മാത്രം നിലനിർത്തി കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്തപ്പോൾ ജില്ലാ നേതൃത്വത്തിന് എതിർപ്പായിരുന്നു. കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്താൽ ചങ്ങനാശേരി വേണമെന്ന അഭിപ്രായം ഉയർന്നെങ്കിലും കാനം കൂടെ നിന്നില്ല. തങ്ങൾ തുടർച്ചയായി പരാജയപ്പെടുന്ന 'സിറ്റിങ് സീറ്റ്', കേരള കോൺഗ്രസിന്റെ വിന്നിങ് സീറ്റ് എന്നായിരുന്നു കാനത്തിന്റെ വിശദീകരണം.

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ഘടകകക്ഷി എന്ന നിലയിൽ സിപിഐ നടത്തിയ പല പരാമർശങ്ങളും പാർട്ടിയെ കുഴപ്പത്തിലാക്കിയിരുന്നു. അതിലൊന്നായിരുന്നു കടക്ക് പുറത്ത് വിവാദം. ഈ വിഷയത്തിൽ, മുഖ്യമന്ത്രിയെ വിമർശിച്ചാണ് കാനം രംഗത്ത് വന്നത്. മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിൽ മാധ്യമപ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി 'കടക്ക് പുറത്ത്' എന്ന് ആക്രോശിച്ചിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരുന്നു. ഈ സംഭവത്തിൽ മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ന്യായീകരിച്ച് കുറിപ്പെഴുതിയിരുന്നു. മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിൽ മാധ്യമപ്രവർത്തകരെ ക്ഷണിച്ചിരുന്നില്ലെന്നാണ് പിണറായി വിജയൻ കുറിച്ചത്.

കണ്ണൂർ വി സി നിയമന വിവാദത്തിലും ഗവർണർക്ക് ശുപാർശ നൽകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം തുറന്നുപറഞ്ഞു. സർവകലാശാല വി സിയായി ഗോപിനാഥിനെ പുനർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് മന്ത്രി ആർ ബിന്ദു കത്തയച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ ഗവർണർ രംഗത്ത് വന്നിരുന്നു. ഇല്ലാത്ത അധികാരം മന്ത്രി ആർ. ബിന്ദു ഉപയോഗിച്ചുവെന്ന് കാനം പരോക്ഷമായി പറഞ്ഞു. അതേസയമം അധികാര ദുർവിനിയോഗം നടത്തിയോ എന്ന ചോദ്യത്തിൽ നിന്ന് കാനം ഒഴിഞ്ഞു മാറി.

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയ്ക്കെതിരെയും കാനം രംഗത്തുവന്നിരുന്നു. വിവാദ പരാമർശം തിരുത്തേണ്ടത് ബിഷപ്പെന്ന് കാനം പറഞ്ഞു. പരസ്പര സ്പർദ്ധ വളർത്തരുതെന്നും കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും കാനം പറഞ്ഞു. അതേസമയം, നാർകോട്ടിക് ജിഹാദ് പരാമർശം കേരള സമൂഹത്തിനും ക്രൈസ്തവ പാരമ്പര്യങ്ങൾക്കും ചേർന്നതല്ല. പാലാ ബിഷപ്പിന്റെ പ്രസ്താവന ബിജെപിക്ക് ഊർജം പകരുന്നതാണെന്നും കാനം വിലയിരുത്തി. മതമേലധ്യക്ഷന്മാർ മാർപാപ്പയെ മാതൃകയാക്കണമെന്നും കാനം രാജേന്ദ്രൻ. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

വിവരാവകാശവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ ഉന്നയിക്കുന്ന വാദത്തിൽ കഴമ്പില്ലെന്ന് കാനം തുറന്ന് പറഞ്ഞിരുന്നു. 'വിവരാവകാശനിയമവും മന്ത്രിസഭാ തീരുമാനവും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾ അറിയേണ്ടാത്ത എന്തു കാര്യമാണ് ഇവിടെ നടക്കുന്നതെന്ന് കാനം ചോദിച്ചു.

ഒരു വിഷയത്തിൽ മന്ത്രിസഭ തീരുമാനമെടുക്കുന്നതുവരെ മാത്രമാണ് രഹസ്യ സ്വഭാവമുള്ളത്. തീരുമാനം എടുത്തുകഴിഞ്ഞാൽ പിന്നീടതു പരസ്യമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന തരത്തിൽ വിവരാവകാശത്തെ പരിപോഷിപ്പിക്കുകയാണു വേണ്ടത്. വിവരാവകാശത്തിന്റെ ചിറകരിയാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കും. വിവരാവകാശനിയമം അനുശാസിക്കുന്ന അവകാശങ്ങൾ പൗരന്മാർക്ക് അനുവദിച്ചു നൽകാൻ ശേഷിയുള്ള ഇടതുപക്ഷമാണു കേരളം ഭരിക്കുന്നതെന്നായിരുന്നു കാനത്തിന്റെ നിലപാട്.

എന്നാൽ, അവസാന കാലത്ത് സിപിഎമ്മിന്റെ ബി ടീമാക്കി സിപിഐയെ മാറ്റി എന്ന വിമർശനം കാനവും നേരിട്ടു. 'എന്തു പ്രശ്‌നവും പുറത്തു പറഞ്ഞാലേ പരിഹരിക്കപ്പെടൂ എന്ന സങ്കൽപം ഉണ്ടായിരുന്നു. മുന്നണിയുടെ പ്രധാന ഭാഗമായ പാർട്ടിക്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതു നേരിട്ടു പറഞ്ഞ് തീർക്കാനുള്ള സംവിധാനം ഇന്നു നിലവിൽ ഉണ്ട്. മുന്നണിയിലെ കക്ഷികൾ പരസ്പരം സംസാരിക്കാത്തവരല്ല, മാധ്യമങ്ങളിൽ കൂടി മാത്രമേ അവർ സംസാരിക്കൂ എന്നുമില്ല.

രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്ന യോഗങ്ങളിൽ പരസ്പരം അഭിപ്രായങ്ങൾ സിപിഎമ്മും സിപിഐയും പറയാറുണ്ട്. പൊതു നിലപാട് ചർച്ച ചെയ്ത് രൂപപ്പെടുത്താറുണ്ട്. കേരളത്തിലെ മാധ്യമങ്ങൾ ആ യാഥാർഥ്യം കാണണം. മുന്നണിയിലെ നല്ല കാര്യങ്ങൾക്കെല്ലാം പിന്തുണ, മോശം കാര്യങ്ങളെ പരസ്യമായി വിമർശിക്കും എന്നതല്ല സിപിഐ ഇന്ന് എടുക്കുന്ന സമീപനം. നേരിട്ടു ചർച്ച ചെയ്ത് തിരുത്താനുള്ളത് തിരുത്തും, ഞങ്ങൾ തിരുത്തേണ്ടതാണെങ്കിൽ അതും ചെയ്യും. ഇതിലെല്ലാം ചില മാധ്യമങ്ങൾക്ക് അസംതൃപ്തി ഉണ്ട് എന്ന് അറിയാം. തൽക്കാലം സഹിക്കുകയല്ലാതെ മറ്റു മാർഗമില്ല.'- ഇതായിരുന്നു കാനത്തിന്റെ നിലപാട്.