കണ്ണൂർ : കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപിന് രണ്ടു ദിനങ്ങൾ ബാക്കി നിൽക്കവേ മട്ടന്നൂർ മണ്ഡലത്തിലെ കൊളാരിയിൽ ഉഗ്രസ്‌ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് റെയ്ഡിൽ പിടികൂടി. കൃഷി ഒഴിഞ്ഞ നെൽപാടത്ത് ആളൊഴിഞ്ഞ തോട്ടിൻ കരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതു പ്രകാരമാണ് പൊലിസ് റെയ്ഡ് നടത്തിയത്.

കണ്ണൂൽ നിന്നും ബോംബ് സ്‌ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ഏപ്രിൽ ആറിന് പാനൂർ മൂളിയത്തോടിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം രാഷ്ട്രീയ സംഘർഷ മേഖലകളിൽ പൊലിസ് റെയ്ഡ് ശക്തമാക്കി വരികയാണ്. ബോംബ് സംഭരണം നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെ റെയ്ഡ് ശക്തമാക്കാൻ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാർ ഉത്തരവ് നൽകിയിട്ടുണ്ട്.

കണ്ണൂരിൽ 320 ബുത്തുകൾ പ്രശ്‌നബാധിതമാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മിക്കതും പാർട്ടി ഗ്രാമങ്ങളിൽ സ്ഥിതി ചെയ്യുന്നതാണ്. പാനൂർ മൂളിയത്തോട് ബോംബ് സ്‌ഫോടന കേസിൽ ഏറ്റവും ഒടുവിൽ അറസ്റ്റിലായ മൂന്ന് പേരിൽ നിന്നും മൂന്ന് കിലോ വെടി മരുന്ന് പിടികൂടിയിരുന്നു. ഇപ്പോൾ ബോംബ് പിടികൂടിയത് ആർഎസ്എസ് ഗ്രാമത്തിൽ നിന്നാണെന്ന് സിപിഎം ആരോപിക്കുന്നു. എന്നാൽ ബോംബ് കൊണ്ടു വച്ച് എടുത്തുകൊണ്ട് പോയതെന്നാണ് ആർ എസ് എസും പറയുന്നു.

പാനൂരിൽ സിപിഎം ഗ്രാമത്തിലാണ് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്. ഇതിൽ മരിച്ചതും പിടിയിലായവരും സിപിഎം അനുഭാവികളായിരുന്നു. ഈ വിഷയം വടകരയിലും കണ്ണൂരിലും വലിയ ചർച്ചയായി. ഇതിനെ മറികടക്കാൻ വേണ്ടിയുള്ള നാടകമാണ് മട്ടന്നൂരിലേത് എന്നാണ് ആർ എസ് എസുകാർ പറയുന്നത്. ഏതായാലും ഈ വിഷയം ചർച്ചയാക്കാൻ സിപിഎം മുമ്പോട്ട് വന്നിട്ടുണ്ട്. യുഡിഎഫും അക്രമ രാഷ്ട്രീയം ചർച്ചയാക്കാൻ ഈ വിഷയം ഉയർത്തും.

ഏതായാലും വരും ദിവസങ്ങളിലും പൊലീസ് റെയ്ഡ് തുടരും. പാനൂർ സ്‌ഫോടനത്തിലും സമാനതകളില്ലാത്ത രീതിയിലാണ് കണ്ണൂർ പൊലീസ് അന്വേഷണം നടത്തിയത്. അതുകൊണ്ടാണ് ഈ കേസിൽ പരമാവധി പ്രതികൾ അറസ്റ്റിലായത്.