- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രഷറിയിൽ നിക്ഷേപിക്കില്ലെന്ന് കണ്ണൂർ കോർപറേഷൻ കൗൺസിൽ
കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടുകൾ ഉടൻ ട്രഷറിയിലേക്ക് മാറ്റണമെന്ന സർക്കാർ ഉത്തരവിനെ ചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ പോര് ബഹിഷ്‌കരണത്തിലെത്തി. പൊതു ആവശ്യ ഫണ്ടും തനത് ഫണ്ടും പ്രാദേശിക സർക്കാരുകൾ ലോക്കൽ ഗവ. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണ് ധനവകുപ്പ് അഡീഷനൽ സെക്രട്ടറി പുറപ്പെടുവിപ്പിച്ച സർക്കുലറിലുള്ളത്.
എന്നാൽ ഈ സർക്കുലർ കണ്ണൂർ കോർപറേഷനിൽ നടപ്പിലാക്കില്ലെന്ന് ഭരണപക്ഷ കൗൺസിലർമാർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. നിലവിലെ സാമ്പത്തിക പ്രതിസന്ധി സർക്കാർ സൃഷ്ടിയാണെന്നും ധൂർത്തും അഴിമതിയുമാണ് നടക്കുന്നതെന്നും അതിന് ചെലവഴിക്കാൻ കോർപറേഷന്റെ ഫണ്ട് നൽകാൻ സാധിക്കില്ലെന്നും മുൻ മേയറും കൗൺസിലറുമായ ടി.ഒ മോഹനൻ പറഞ്ഞു. ഡിസംബർ മാസം ലഭിക്കേണ്ട ബജറ്റ് വിഹിതം മൂന്നാം ഘടു കഴിഞ്ഞ വ്യാഴായ്ചയാണ് പാസാക്കിയത്. എന്നാൽ വെള്ളിയാഴ്ച മാത്രമാണ് ട്രഷറിയിൽ നിന്ന് ബിൽ മാറാൻ സമയം അനുവദിച്ചത്. ഇത് തന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനണെന്നും ടി.ഒ മോഹനൻ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുമ്പോൾ ആ പണം കൂടിയ സർക്കാർ മറ്റാവശ്യത്തിന് ഉപയോഗിക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ പി. ഇന്ദിര പറഞ്ഞു. എന്നാൽ സർക്കാർ അനുവദിച്ച തുക ഫലപ്രദമായി ചെലവഴിക്കാൻ കോർപറേഷന് സാധിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ പറഞ്ഞു.
2021-22 വർഷം പ്ലാൻ ഫണ്ടിന്റെ 40.58 ശതമാനവും 2022-23 വർഷം 32.63 ശതമാനവും മാത്രമാണ് കോർപറേഷൻ ചെലവഴിച്ചത്. ഫണ്ടിന്റെ 80 ശതമാനം ചെലവഴിച്ചാൽ മാത്രമേ ബാക്കി തുക അടുത്തവർഷം ലഭിക്കുകയുള്ളു. ഇതെല്ലാം മറച്ച് വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള നടപടിയാണ് കോർപറേഷൻ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് എൻ.സുകന്യ പറഞ്ഞു.
ചർച്ചക്കൊടുവിൽ തനത് ഫണ്ട് ഉപയോഗിച്ചാണ് കേർപറേഷന്റെ പദ്ധതി വിഹിതം നടത്തുന്നതെന്നും അതിനാൽ സർക്കാരിന്റെ സർക്കുലർ തൽക്കാലം നടപ്പിലാക്കാൻ സാധിക്കില്ലെന്നും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞതോടെ പ്രതിപക്ഷം പ്ലക്കാർഡുകളുമായി കൗൺസിൽ ഹാളിന് നടുവിലെത്തി മുദ്രാവാക്യം വിളിക്കുകയും യോഗം ബഹിഷ്‌ക്കരിച്ച് കൗൺസിൽ ഹാളിന് പുറത്തേക്ക് പോയി പ്രതിഷേധിക്കുകയും ചെയ്തു.
തുടർന്ന് കോർപറേഷന്റെ ഭരണ പരാജയം മറച്ചു പിടിക്കാ സംസ്ഥാന സർക്കാരിനെ പഴിചാരുകയാണെന്ന് പുറത്ത് ധർണ നടത്തിക്കൊണ്ടു പ്രതിപക്ഷം ആരോപിച്ചു.