കണ്ണൂർ: കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കേറുടെ കൂടിക്കാഴ്‌ച്ച നടത്തിയെന്ന ആരോപണം പാർട്ടിക്കുള്ളിൽ കത്തിപടരവെ കണ്ണൂരിൽ കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജൻ ഒറ്റപ്പെടുന്നു. ജയരാജനെതിരെ പാർട്ടി അച്ചടക്ക നടപടി വരുമെന്നാണ് അദ്ദേഹത്തിനെ നഖശിഖാന്തം എതിർക്കുന്ന എം.വി ഗോവിന്ദനെ അനുകൂലിക്കുന്നവർ പറയും. തിങ്കളാഴ്‌ച്ച തിരുവനന്തപുരത്ത് ചേരുന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നു ഒഴിയാൻ സദ്ധത പ്രകടിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ഇതു സ്വീകരിക്കാനാണ് സാധ്യത. ഇപിയുടെ ബിജെപി ബന്ധത്തെ കുറിച്ചുള്ള വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചുവെന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നുണ്ട്. ആരോപണം ആസൂത്രിതമാണെന്ന് പറയുമ്പോഴും പ്രകാശ് ജവദേക്കർ തന്നെ വന്നു കണ്ടുവെന്ന് ഇപി ജയരാജൻ തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി ഇതായിരുന്നു കോൺഗ്രസിനെതിരെ സിപിഎമ്മിന്റെ ആക്ഷേപം. ഇതിനിടെയാണ് അനിൽ ആന്റണിക്കെതിരായ ആരോപണങ്ങൾ പറയുന്നതിനിടക്ക് ദല്ലാൾ നന്ദകുമാർ ശോഭാസുരേന്ദ്രന്റെയും ഇപി ജയരാജന്റെയു പേര് പറഞ്ഞത്. ആ ചർച്ച വളർന്ന് വന്ന് രാഷ്ട്രീയ ബോംബായി പൊട്ടിയപ്പോൾ പരിക്ക് മുഴുവൻ സിപിഎമ്മിനും ഇപി ജയരാജനുമാണ് പറ്റിയത്.സംസ്ഥാന സെക്രട്ടറി സ്ഥാനം കിട്ടാത്തതിനെ തുടർന്ന് പാർട്ടിയുമായി ഉടക്കി നിന്ന ജയരാജൻ ഈ സമയത്ത് സമാന്തരമായി ബിജെപി കേന്ദ്രനേതാക്കളുമായി നിരന്തരം ചർച്ചയിലായിരുന്നുവെന്നായിരുന്നു ബിജെപി നേതാക്കളുടെ വെളിപ്പെടുത്തൽ.

ദല്ലാൾ നന്ദകുമാറുമായുള്ള ചങ്ങാത്തത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ കുറ്റപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് ദിനത്തിൽ പിണറായിയിൽ വോട്ടു ചെയ്തതിനു ശേഷം മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണം. . ഇത്തരം കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്താൻ മുൻപും ഇപി ജയരാജന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. പ്രകാശ് ജാവദേക്കർ ദല്ലാൾ നന്ദകുമാറിനൊപ്പം മകന്റെ ഫ്‌ളാറ്റിൽ വന്ന് തന്നെ കണ്ടുവെന്ന് ഇപി വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

എന്നാൽ പ്രകാശ് ജാവദേക്കറുമായി മാത്രമല്ല മറ്റു ബിജെപി നേതാക്കളുമായി കണ്ണുരിലെ ചില നേതാക്കൾ സംഘടനയ്ക്ക് അതീതമായ ബന്ധം പുലർത്തുന്നുണ്ടെന്ന ആരോപണം പുറത്തു വരുന്നുണ്ട്. കണ്ണൂരിൽ നടന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ വേദി അലങ്കരിച്ചത് സംസ്ഥാനത്തെ ഒരു ഉന്നത ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഇവന്റ് മാനേജ് മെന്റ് കമ്പിനിയായിരുന്നു. ഇതേ കുറിച്ചു അന്നേ പാർട്ടിക്കുള്ളിൽ വിവാദമുയർന്നിരുന്നുവെങ്കിലും ഏറ്റവും കുറഞ്ഞ റേറ്റിൽ ഈ കാര്യം ചെയ്തു തരാമെന്ന് പറഞ്ഞത് ബിജെപി നേതാവിന്റെ കമ്പിനിയാണെന്നായിരുന്നു വിശദീകരണം.

ഇപി ജയരാജൻ മാത്രമല്ല മറ്റു പല നേതാക്കളും ഈ ഉന്നത ബിജെപി നേതാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കണ്ണൂർ കാസർകോട് ജില്ലകളിൽ ബിസിനസ് ബന്ധങ്ങളുള്ള ബിജെപി നേതാവുമായുള്ള ചില നേതാക്കളുടെ വഴിവിട്ട ബന്ധം ഇ.പി. ജയരാജനെതിരെയുള്ള ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുകഞ്ഞു കൊണ്ടിരിക്കെയാണ് പുറത്തു വരുന്നത്.