കണ്ണൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഒരു വിഭാഗം നേതാക്കൾ സജീവമായില്ലെന്ന് സിപിഎമ്മിൽ വിമർശനം ശക്തമാകുന്നു. ഈക്കാര്യം പരിശോധിക്കുന്നതിനായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങൾ അടിയന്തിരമായി ചേരുമെന്നാണ് വിവരം.

ഭരണ തലത്തിൽ അധികാര സ്ഥാനങ്ങൾ പങ്കിടുന്ന ചില യുവ നേതാക്കൾ ഉൾപ്പെടെ എം വി ജയരാജനായി തെരഞ്ഞടുപ്പിൽ പ്രവർത്തിച്ചില്ലെന്നാണ് വിവരം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു നേതാവും ഇതിൽ ഉൾപ്പെടും. കണ്ണൂർ സീറ്റ് തന്റെ ഗ്രൂപ്പിലുള്ള നേതാവിന് നൽകണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഒരു പ്രധാനി ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. എന്നാൽ കണ്ണൂരിൽ വിജയ സാധ്യതയാർക്കാണെന്ന് നോക്കി ഈക്കാര്യം പരിഗണിക്കാമെന്ന നിലപാടിലായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

ഇതിനിടെ പാർലമെന്റ് മണ്ഡലം സീറ്റിനായി എം.വി ജയരാജൻ, പി.കെ.ശ്രീമതി ടീച്ചർ എന്നിവർ കരു നീക്കങ്ങൾ തുടങ്ങിയിരുന്നു. ഏറ്റവും ഒടുവിൽ പി.കെ.ശ്രീമതി മത്സര രംഗത്തു നിന്നു പിന്മാറിയപ്പോൾ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജന് സീറ്റു നറക്കു വീഴുകയും ചെയ്തു. ഇതിനിടെ സീറ്റ് പ്രതീക്ഷിച്ച മറ്റേ നേതാവ് നിശബ്ദ പ്രചരണം തുടങ്ങിയെങ്കിലും സീറ്റു കിട്ടില്ലെന്ന് മനസിലാക്കിയപ്പോൾ പതുക്കെ സീൻ വിടുകയും ചെയ്തു.

കണ്ണൂരിൽ തങ്ങളുടെ നോമിനിയെ സ്ഥാനാർത്ഥിയാക്കാത്തതിനെതിരെ ആ വിഭാഗം നേതാക്കൾക്ക് കടുത്ത പ്രതിഷേധമുയർന്നിരുന്നു. അതു കൊണ്ടു തന്നെ അവരിൽ പലരും കണ്ണൂരിൽ എം.വി ജയരാജനൊപ്പം പ്രചരണത്തിനിറങ്ങിയില്ല. എസ്.എഫ്.ഐ ജില്ലാ നേതാക്കളാണ് എം.വി ജയരാജനൊപ്പം ഒന്നര മാസം നീണ്ട പ്രചാരണത്തിൽ കൂടുതൽ ഉണ്ടായിരുന്നത്. ഡി.വൈ. എഫ്‌ഐ നേതാക്കളിൽ പലരും വടകരയിൽ കെ.കെ. ശൈലജയ്ക്കും കാസർകോട് എം.വി ബാലകൃഷ്ണനും വേണ്ടിയാണ് മുഴുവൻ സമയം പ്രവർത്തിച്ചത്.

പാർട്ടി പ്രവർത്തകരും പ്രാദേശിക ഘടകങ്ങളും വിയർപ്പൊഴുക്കി പണിയെടുത്തതു കൊണ്ടാണ് എം.വി ജയരാജൻ പ്രചാരണരംഗത്ത് മുന്നേറിയത്. അതു കൊണ്ടു തന്നെ ഒരു വിഭാഗമാളുകൾ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും പാർട്ടി നേതൃത്വത്തെ അറിയിക്കാതെ ഇതര മണ്ഡല ങ്ങളിൽ പോയി പ്രവർത്തിച്ചത് ജില്ലാ നേതൃത്വം അതീവ ഗൗരവകരമായാണ് കാണുന്നത്. ഈക്കാര്യം ചർച്ച ചെയ്യുന്നതിന് അടുത്ത ദിവസം തന്നെ ജില്ലാ സെക്രട്ടറിയേറ്റും വിളിച്ചു ചേർത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫല വിശകലനവും ഇതിനൊപ്പമുണ്ടാകും. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ പതിനായിരത്തിനും മുപ്പത്തിയഞ്ചായിരത്തിനും ഇടയിലുള്ള വോട്ടുകൾ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. യു.ഡി.എഫ് കോട്ടകളായ ഇരിക്കുർ , പേരാവൂർ മണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞതും എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ് കോൺഗ്രസ് വോട്ടുബാങ്കു ചോർത്തുന്നതും സിപിഎമ്മിന് പ്രതീക്ഷയേകുന്ന ഘടകങ്ങളാണ്