- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ സ്ഥാനാർത്ഥികളുടെ ചിത്രം തെളിയുന്നു
കണ്ണൂർ: ഇടത്, വലതുമുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന കണ്ണൂരിൽ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. ലോക്സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടാകുമെന്ന് ഉറപ്പായതോടെ കണ്ണൂരിൽ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. സി.പി. എമ്മിന് വേണ്ടി കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, കോൺഗ്രസിനായി കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത്, ബിജെപിക്കായി ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ് എന്നിവർ കളത്തിലിറങ്ങുമെന്നാണ് പാർട്ടികളിൽ നിന്നും പുറത്തുവരുന്ന അവസാനവിവരം.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ നേതാവായ പി.കെ ശ്രീമതിക്ക് ഇപ്പോൾ പാർട്ടിയിൽ കേന്ദ്രകമ്മിറ്റിയംഗമെന്ന ഉത്തരവാദിത്വം മാത്രമേയുള്ളൂ. തിരുവനന്തപുരത്തെ എ.കെ.ജി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പി.കെ ശ്രീമതിയെ ഡൽഹിയിലേക്ക് മാറ്റാൻ പാർട്ടി കേന്ദ്ര നേതാക്കൾക്ക് താൽപര്യമുണ്ട്.
നേരത്തെ കണ്ണൂർ എംപിയായ പി.കെ ശ്രീമതിക്കായി പാർട്ടിയിലെ ഉന്നത നേതാക്കളും അതിശക്തമായി രംഗത്തുണ്ട്. എൽ. ഡി. എഫ് കൺവീനറായ ഇ.പി ജയരാജൻ ക്കാര്യത്തിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. മറ്റുചില നേതാക്കളുടെയും പിൻതുണ പി.കെ ശ്രീമതിക്കുണ്ട്. കണ്ണൂർ എംപിയായിരുന്ന വേളയിൽ നടത്തിയ മികച്ച പ്രകടനമാണ് പി.കെ ശ്രീമതിക്ക് അനുകൂലമായ ഘടകം. സി.പി. എമ്മിന് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാനും പി.കെ ശ്രീമതിയുടെ സ്ഥാനാർത്ഥിത്വത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
എന്നാൽ പുതുമുഖ സ്ഥാനാർത്ഥികളെ ചൂണ്ടി ശ്രീമതിയുടെ വഴിമുടക്കാനും പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ഡി. വൈ. എഫ്. ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ സനോജ് എന്നിവരുടെ പേരുകളാണ് പാർട്ടിയിലെ ഒരുവിഭാഗം ഉയർത്തുന്നത്. കെ.സുധാകരൻ വീണ്ടും മത്സരിക്കാത്ത സാഹചര്യത്തിൽ ഇവരിൽ ആരെങ്കിലും ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യം. ഇതുകൂടാതെ മികച്ച എംഎൽഎയെന്നു പേരെടുത്ത പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പേരും ഉയരുന്നുണ്ട്.
എന്തുതന്നെയായാലും പാർട്ടി അണികളിൽ ഭൂരിഭാഗവും പി.കെ ശ്രീമതി ഒരിക്കൽ കൂടി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. വനിതാ വോട്ടുകൾ സമാഹരിക്കാനും ജനകീയ വിഷയങ്ങളിൽ ശക്തമായി ഇടപെടാനും പി.കെ ശ്രീമതിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. സംസ്ഥാനത്തെ സി.പി. എം മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും സീറ്റുകൾ ചോരാതിരിക്കാൻ മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇതുകൂടി പരിഗണിക്കുകയാണെങ്കിൽ ഇക്കുറി വീണ്ടും പി.കെ ശ്രീമതി തന്നെ കളത്തിലിറങ്ങുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.
ഇതിനിടെ കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ.ജയന്തിനെ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിപ്പിച്ചാൽ കൂട്ടരാജി ഭീഷണി മുഴക്കി കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങിയിട്ടുണ്ട്. ഇതോടെ തന്റെ അതീവവിശ്വസ്തനായ കെ.ജയന്തിനെ സ്ഥാനാർത്ഥിയാക്കി മത്സരരംഗത്തുനിന്നും ഒഴിവാകാമെന്ന കെപിസിസി അധ്യക്ഷനും സിറ്റിങ് എംപിയുമായ കെ.സുധാകരന്റെ കരുനീക്കങ്ങൾക്കാണ് തിരിച്ചടിയായിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചു മുഖ്യമന്ത്രിയാകാനുള്ള നീക്കമാണ് കെ.സുധാകരൻ നടത്തുന്നത്.
എന്നാൽ ഇതിനു തടയിടുന്നതാണ് പാർട്ടിക്കുള്ളിലെ പുതിയ സംഭവവികാസങ്ങൾ. ജയന്തിനെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന വീറും വാശിയിലുമാണ് ഗ്രൂപ്പ് ഭേദമന്യേ നേതാക്കൾ. സുധാകര വിഭാഗത്തിൽ നിന്നുപോലും ജയന്തിനെ അനുകൂലിക്കുന്നവർ ഒന്നോ രണ്ടോ പേർ മാത്രമാണ്. എ ഗ്രൂപ്പുകാർ വി.പി അബ്ദുൽ റഷീദിനെയല്ലാതെ മറ്റാരെയും സ്ഥാനാർത്ഥിയാക്കിയാൽ തങ്ങൾ അംഗീകരിക്കില്ലെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതുകൂടാതെ കെ.സി വേണുഗോപാൽ പക്ഷവും ജയന്തിനെതിരാണ്. സാമുദായിക പരിഗണന വച്ചാണ് ഈഴവ സമുദായക്കാരനായ ജയന്തിനെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കുന്നതെന്നാണ് കെ.സുധാകരൻ താനുമായി അടുപ്പമുള്ളവരോട് അറിയിച്ചത്. ആലപ്പുഴയിൽ മുസ്ലിം സ്ഥാനാർത്ഥിയാണെങ്കിൽ കണ്ണൂരിൽ ഈഴവസ്ഥാനാർത്ഥി വേണമെന്നാണ് കെ.പി.സിസിയുടെ നിലപാട്.
ഇനി അഥവാ ആലപ്പുഴയിൽ ഈഴവസ്ഥാനാർത്ഥി വരികയാണെങ്കിൽ കണ്ണൂരിൽ എ. ഐ.സി.സി വക്താവ് ഷമാ മുഹമ്മദ്, അഡ്വ.വി.പി അബ്ദുൽ റഷീദ് എന്നിവരിൽ ഒരാൾക്ക് നറുക്ക് വീണേക്കാം. എന്നാൽ ജയന്തിനു പകരം മുന്മന്ത്രി എൻ. രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന വാദവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. കെ.ജയന്തിനെതിരെ വ്യാപകമായ പരാതിയും ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. എ. ഐ.സി.സിക്ക് വരെ വേണമെങ്കിൽ കത്തയക്കുമെന്നാണ് ഇതേ കുറിച്ചു നേതൃത്വത്തിലെ ചിലർ രഹസ്യമായി പറയുന്നത്. കെ.സുധാകരൻ കെപിസിസി അധ്യക്ഷനായതിനു ശേഷമാണ് ജയന്ത് വീണ്ടും പാർട്ടിയിൽ സജീവമായത്.
2018-ൽ പാർട്ടി രാജ്യസഭാ സീറ്റ് കെ. എം മാണിവിഭാഗത്തിന് കൊടുത്തതിൽ പ്രതിഷേധിച്ചു രാജിവെച്ചു പോയ ചരിത്രവും ജയന്തിനുണ്ട്. പാർട്ടി ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു രാജി. ഇതിനു ശേഷം കെ.സുധാകരൻ കെപിസിസി അധ്യക്ഷനായതോടെയാണ് ജയന്തിന്റെ തിരിച്ചുവരവ്. അതീവവിശ്വസ്തനായതിനാൽ കെപിസിസി ജനറൽ സെക്രട്ടറി പദവിയിൽ സുധാകരൻ ഇരുത്തുകയും ചെയ്തു. ഇപ്പോൾ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും നടത്തുന്ന സമരാഗ്നി ജാഥയിൽ ജാഥാ മാനേജരുടെ റോൾ വഹിക്കുകയാണ് ജയന്ത്. എന്തുതന്നെയായാലും പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി പരിഹരിച്ചു കെ. ജയന്തിനെ മത്സരരംഗത്തിറക്കുകയെന്നത് കെ.സുധാകരനെ സംബന്ധിച്ചു അഗ്നിപരീക്ഷണമായി മാറും.
കണ്ണൂരുകാരനായ മറ്റൊരു സ്ഥാനാർത്ഥി കൂടി ഇക്കുറി അയൽജില്ലയായ കാസർകോട്് മത്സരരംഗത്തിറങ്ങുമെന്ന വിവരവും സി.പി. എമ്മിൽ നിന്നും പുറത്തുവരുന്നുണ്ട്. പാർട്ടി സംസ്ഥാനകമ്മിറ്റിയും മുൻകല്യാശേരി എംഎൽഎയുമായ ടി.വി രാജേഷാണ് ഉണ്ണിത്താനെ എതിരിടാൻ സപ്തഭാഷാ ഭൂമിയിൽ പോരിനിറങ്ങുക. ഇവിടെ അഡ്വ.വി.പി.പി മുസ്തഫയുടെ പേരും സ്ഥാനാർത്ഥി പട്ടികയിലുണ്ടെങ്കിലും ടി.വി രാജേഷിനാണ് സംസ്ഥാന കമ്മിറ്റിയിൽ മുൻതൂക്കം.കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ ചെറുതാഴം സ്വദേശിയാണ് ടി.വി രാജേഷ്.