- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി വി അൻവർ കരുളായിയിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് ചുക്കാൻ പിടിച്ചിട്ടും ഫലമുണ്ടായില്ല; യുഡിഎഫ് അംഗത്തെ കാലുമാറ്റി ഭരണം പിടിക്കാനുള്ള എംഎൽഎയുടെ അടവ് പിഴച്ചു; ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ കരുളായിയിൽ യു ഡി എഫിന് ഭരണ തുടർച്ച
മലപ്പുറം: നിലമ്പൂർ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് പഞ്ചായത്തംഗത്തെ കാലുമാറ്റി സ്വതന്ത്രനായി മത്സരിപ്പിച്ച് ഭരണം പിടിക്കാനുള്ള പി.വി അൻവർ എംഎൽഎയുടെ അടവ് പിഴച്ചു. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ കരുളായി പഞ്ചായത്തിൽ യു.ഡി. എഫിന് ഭരണ തുടർച്ച. കരുളായി പഞ്ചായത്ത് ഭരണം നിർണയിക്കുന്ന ചക്കിട്ടാമല വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിലെ കരുവാടൻ സുന്ദരനാണ് വിജയിച്ചത്. ഭൂരിപക്ഷത്തിലും നേരിയ വർദ്ധനവുണ്ടായി.
പി.വി അൻവർ എംഎൽഎയുടെ ഇടപെടലിൽ ഗ്രാമപഞ്ചായത്തംഗത്വം രാജിവെച്ച് ഇടതു മുന്നണി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ജിതിൻ വണ്ടൂരാനെ 68 വോട്ടുകൾക്കാണ് സുന്ദരൻ പരാജയപ്പെടുത്തിയത്, 1082 വോട്ടുകളിൽ 575 വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി കരുവാടൻ സുന്ദരൻ നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് 507 വോട്ടുകളാണ് ലഭിച്ചത്, യു.ഡി.എഫ് വിജയിച്ചതോടെ കരുളായി പഞ്ചായത്തിലെ 15 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 8 സീറ്റായി, 2020 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ജിതിൻ വണ്ടൂരാൻ 62 വോട്ടുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ 35 വർഷമായി തങ്ങളുടെ കൈവശമുള്ള ചക്കിട്ടാമലയിൽ വീണ്ടും വിജയിക്കാനായത് യു.ഡി.എഫിനും, മുസ്ലിം ലീഗിനും കരുളായിൽ വലിയ രാഷ്ട്രീയ നേട്ടമായി, കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 6 വോട്ടുകളുടെ വർധനവാണുള്ളത്. ഇതും യു.ഡി.എഫിന്റെ വിജയത്തിന് തിളക്കം കൂട്ടി.
പി.വി.അൻവർ എംഎൽഎയെ മുന്നിൽ നിർത്തി നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം എൽ.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. രണ്ടാഴ്ചയിലേറെയാണ് പി.വി അൻവർ എംഎൽഎ കരുളായിയിൽ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് നേതൃത്വം നൽകിയത്. കരുളായിയിലെ വിജയം തന്റെ അഭിമാന പ്രശ്‌നമാണെന്നു പറഞ്ഞ് എംഎൽഎ വീടുകൾ കയറിയും കുടുംബയോഗം നടത്തിയുമാണ് വോട്ടുപിടിച്ചത്. പ്രചരണത്തിന് സമാപനം കുറിച്ച റോഡ് ഷോയിലും എംഎൽഎയായിരുന്നു താരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധയാത്ര നിലമ്പൂരിലെത്തുന്ന ഇന്ന് ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ കരുളായി പഞ്ചായത്ത് എൽ.ഡി.എഫിന് നേടിക്കൊടുത്ത് താരമാകാമെന്ന എംഎൽഎയുടെ പ്രതീക്ഷയാണ് തകർന്നത്. കരുളായിയിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തോടെ നിലമ്പൂരിൽ നിറം മങ്ങിയ സ്വീകരണമാണ് എം.വി ഗോവിന്ദന് ലഭിച്ചത്. പതിനായിരം പേർ പങ്കെടുക്കുന്ന സ്വീകരണമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും രണ്ടായിരത്തിൽ താഴെ പേരാണ് സ്വീകരണ യോഗത്തിനെത്തിയത്.
2016ൽ നിലമ്പൂർ എംഎൽഎയായ ശേഷം യു.ഡി.എഫ് പഞ്ചായത്തംഗങ്ങളെ കാലുമാറ്റി പഞ്ചായത്ത് ഭരണം പിടിക്കുന്ന തന്ത്രമാണ് പി.വി അൻവർ പയറ്റിയത്. അമരമ്പലം പഞ്ചായത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ ഒപ്പം കൂട്ടിയാണ് സിപിഎമ്മിനു വേണ്ടി പഞ്ചായത്ത് ഭരണം പിടിച്ചത്. ചുങ്കത്തറ പഞ്ചായത്തിൽ മുസ്ലിം ലീഗ് സ്വതന്ത്ര അംഗം എം.കെ നജ്മുന്നീസയെ ഒപ്പം കൂട്ടി ഭരണം പിടിച്ചു. കാലുമാറിയെത്തിയ ലീഗ് അംഗം നജ്മുന്നീസക്ക് പഞഅചായത്ത് പ്രസിഡന്റ് സ്ഥാനവും നൽകി. കാലുമാറ്റി ഭരണം പിടിക്കുന്ന തന്ത്രം പക്ഷേ കരുളായിയിൽ വിലപ്പോയില്ല.
രണ്ടു മാസത്തിലേറെയായി മാലിദ്വീപിലായിരുന്ന പി.വി അൻവർ നാട്ടിലെത്തി നടത്തിയ നിർണായക നീക്കമായിരുന്നു കരുളായി പഞ്ചായത്ത് ഭരണം പിടിക്കാനുള്ള കാലുമാറ്റൽ തന്ത്രം. ഉപതെരഞ്ഞെടുപ്പ് പരാജയത്തോടെ എംഎൽഎക്കും സിപിഎമ്മിനും രാഷ്ട്രീയ തിരിച്ചടിയായി. കരുളായിയിൽ യു.ഡി.എഫ് പ്രചരണത്തിന് നേതൃത്വം നൽകിയത് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, വി.എ കരീം, എ. ഗോപിനാഥ്, ഇഖ്ബാൽ മുണ്ടേരി എന്നിവരായിരുന്നു. കരുളായിയിൽ ഭരണം നിലനിർത്താനായത് നിലമ്പൂരിൽ യു.ഡി.എഫിന് പുതിയ ഉണർവാണ് സമ്മാനിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്