തൃശൂർ: കരുവന്നൂർ തട്ടിപ്പിന്റെ പേരിൽ പ്രതിരോധത്തിലായ സിപിഎമ്മിന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ നിലപാട് തിരിച്ചടിയാകുന്നു. പാർട്ടിയിലെ ചിലർ ചേർന്ന് തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് എൽ.ഡി.എഫ്. കൺവീനർ കൂടിയായ ഇ.പി. ജയരാജന്റെ പക്ഷം. ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് തൃശൂർ ജില്ലയിലെ ഒരു എംഎ‍ൽഎയും കൗൺസിലറായ യുവ നേതാവും അഭിഭാഷകനും ചേർന്നാണെന്നാണ് ഇ.പിയുടെ വിലയിരുത്തൽ. ഇക്കാര്യം തന്നോട് അടുപ്പമുള്ളവരോട് അദ്ദേഹം വെളിപ്പെടുത്തിയതായാണ് സൂചന. ഇവർക്കെതിരെ നടപടി വേണമെന്നാണ് ഇപിയുടെ ആവശ്യം. എന്നാൽ സിപിഎം നേതൃത്വം ഇത് ഗൗരവത്തോടെ എടുക്കുന്നില്ല.

വിവാദ അഭിമുഖത്തിന് തൊട്ട് പിന്നാലെ ഇ.പി. ജയരാജൻ രണ്ട് ചാനലുകൾക്ക് അഭിമുഖം നൽകി. ഇതിൽ കരുവന്നൂർ തട്ടിപ്പിൽ പാർട്ടി നേതൃത്വം കൈക്കൊണ്ട നിലപാടിനെതിരെയാണ് അദ്ദേഹം പറഞ്ഞത്. കരുവന്നൂരിൽ സൂചികൊണ്ട് എടുക്കാനാകുമായിരുന്നത് തൂമ്പകൊണ്ട് പോലും എടുക്കാാനാവാത്ത അവസ്ഥയിലെത്തിച്ചത് തൃശൂർ ജില്ലയിലെ സിപിഎം. നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും കേന്ദ്രകമ്മിറ്റിയംഗം വ്യക്തമാക്കിയിരുന്നു. വിവാദത്തിലേക്ക് പാർട്ടിയിലെ ഒരു വിഭാഗം തന്നെ മനഃപൂർവം വലിച്ചിഴക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പരോക്ഷമായി സൂചന നൽകി. തനിക്കെതിരായ ഗൂഢാലോചനയിൽ നടപടി വേണമെന്ന് ആദ്ദേഹം പാർട്ടി യോഗങ്ങളിലും ആവശ്യപ്പെടുമെന്നാണ് വിവരം. ഇതിനിടെയാണ് പൊലീസും ഗൂഢാലോചന കണ്ടെത്തുന്നത്.

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഓഫീസിനെ അഴിമതിക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് സമാനമായ ഗൂഢാലോചന കരുവന്നൂരിലും നടന്നുവെന്നാണ് സൂചന. കരുവന്നൂർ കള്ളപ്പണക്കേസിൽ പേര് വലിച്ചിഴച്ചതിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. കൺവീനറായ ഇ.പി. ജയരാജൻ നൽകിയ പരാതി അന്വേഷിച്ച പൊലീസ് കണ്ടെത്തുന്നത് സിപിഎമ്മിലെ ഗൂഢാലോചനയാണ്. കരുവന്നൂരിൽ ഇപിയെ കുടുക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നാണ് റിപ്പോർട്ട്. ഡി.ജി.പി. ക്ക് കിട്ടിയ വിവരം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഇ.പി. ജയരാജന്റെ പേര് വെളിപ്പെടുത്താൻ തൃശ്ശൂരിലെ ഒരു നേതാവ് നൽകിയ ക്വട്ടേഷനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. അഭിമുഖം നൽകിയ വ്യക്തി സതീശന്റെ ഡ്രൈവറായിരുന്നില്ലെന്നും ആറു കേസുകളിലെ പ്രതിയായിരുന്നെന്നുമാണ് കണ്ടെത്തിയത്. വെളപ്പായ സതീശന്റെ ഡ്രൈവറാണെന്ന് വെളിപ്പെടുത്തിയാണ് ഒരാൾ അഭിമുഖത്തിൽ വെളപ്പായ സതീശനും ഇ.പി. ജയരാജനും തമ്മിൽ നല്ല അടുപ്പമുണ്ടെന്ന് പറഞ്ഞത്. വെളിപ്പെടുത്തൽ തെറ്റാണെന്നും അന്വേഷണം വേണമെന്നും കാണിച്ചാണ് അന്നുതന്നെ ഇ.പി. ജയരാജൻ ഡി.ജി.പി.ക്ക് പരാതി നൽകിയത്. എൽ.ഡി.എഫ്. കൺവീനറും സിപിഎം. കേന്ദ്രകമ്മിറ്റി അംഗവുമായ ജയരാജന്റെ പരാതിയിൽ അന്വേഷണം നടത്തി. വ്യാജ വെളിപ്പെടുത്തലാണെന്നും പാർട്ടിയുടെ നേതാവിന്റെ താത്പര്യമാണെന്നും കണ്ടെത്തിയ പൊലീസ് തുടർ നടപടികളിലേക്ക് കടന്നിട്ടില്ല.

അന്വേഷണവിവരം പുറത്തുപോയാൽ പാർട്ടിക്ക് വീണ്ടും നാണക്കേടുണ്ടാകുമെന്നാണ് സൂചന. എന്നാൽ ഈ സംഭവത്തിൽ പാർട്ടിതല നടപടി വേണമെന്ന നിലപാടിലാണ് ഇ.പി. ജയരാജൻ. 2002 സെപ്റ്റംബർ 12 മുതൽ 2005 ജനുവരി 30 വരെ തൃശ്ശൂരിൽ സിപിഎം. ജില്ലാ സെക്രട്ടറിയായിരുന്നു ഇ.പി. ജയരാജൻ. അന്ന് ജയരാജൻ വളർത്തിക്കൊണ്ടുവന്ന നേതാവാണ് ഇപ്പോൾ ക്വട്ടേഷൻ കൊടുത്തതെന്നാണ് അന്വേഷണം തെളിയിക്കുന്നത്. നടപടി ആവശ്യത്തിൽ ഇപി ഉറച്ചു നിൽക്കുന്നത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി.ജയരാജൻ ഡിജിപിക്ക് പരാതി നൽകിയതാണ് നിർണ്ണായകമായത്. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണ്. കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രതി സതീഷ് കുമാറിന്റെ ഡ്രൈവർ ബിജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി സതീഷ് കുമാറിന് ഉന്നത സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്നായിരുന്നു സതീഷ് കുമാറിന്റെ ഡ്രൈവർ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. എൽഡിഎഫ് കൺവീനറുമായും ബന്ധമുണ്ടെന്ന് സതീഷ് കുമാറിന്റെ ഡ്രൈവർ ആരോപിച്ചിരുന്നു. 'സതീഷ് കുമാറിനെ ഇ.പി. ജയരാജൻ പലതവണ സഹായിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തി. ബിസിനസുമായി ബന്ധപ്പെട്ട ഫണ്ടുകൾ പാസാക്കാൻ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണനെ സതീഷ്‌കുമാർ ഫോണിൽ വിളിച്ച് ആവശ്യപ്പെടാറുണ്ട്. നടന്നത് വലിയ ഇടപാടുകളാണ്'- ഇതായിരുന്നു ബിജുവിന്റെ ആരോപണം.

മുഖം കാണിച്ചായിരുന്നില്ല ചാനലിൽ ബിജുവിന്റെ അഭിമുഖം. ട്വന്റിഫോർ ന്യൂസിനോടായിരുന്നു സതീഷ്‌കുമാറിന്റെ ഡ്രൈവറുടെ വെളിപ്പെടുത്തൽ. എംകെ കണ്ണനുമായും സതീഷ് കുമാറിന് അടുത്തബന്ധമുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. സതീഷ് കുമാറിനെ ഇപി ജയരാജൻ പലതവണ സഹായിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്താറുണ്ടെന്നും സതീഷ്‌കുമാറിന്റെ ഡ്രൈവർ. രാമനിലയത്തിൽ അടക്കം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട ഫണ്ടുകൾ പാസാക്കാൻ കണ്ണനെ സതീഷ്‌കുമാർ ഫോണിൽ വിളിച്ച് ആവശ്യപ്പെടാറുണ്ട്. നടന്നത് വലിയ ഇടപാടുകളാണ്. സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചു. കൈകാര്യം ചെയ്തതിൽ മന്ത്രിമാരുടെ പണവുമുണ്ടെന്ന് സതീഷ് കുമാറിന്റെ ഡ്രൈവർ പറയുന്നു. പൊലീസ് സേനയിലും സതീഷ് കുമാറിന് ബന്ധങ്ങളുണ്ട്. പൊലീസിനെ അടക്കി ഭരിക്കുന്നത് സതീഷ്‌കുമാറാണെന്ന് ഡ്രൈവർ. ഇടപാടിൽ മുൻ എസ്‌പി ആന്റണിക്ക് നിക്ഷേപമുണ്ട്. എസ്‌പി ഉപയോഗിച്ചത് സതീഷ്‌കുമാറാിന്റെ വാഹനമാണെന്നും ഡ്രൈവർ പറഞ്ഞിരുന്നു.

കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ നേതൃത്വത്തെ വെട്ടിലാക്കി ജയരാജൻ പിന്നീട് രംഗത്തു വന്നിരുന്നു. 'ചോറ്റുപാത്രത്തിലെ കറുത്ത വറ്റെന്ന' മുഖ്യമന്ത്രിയുടെ നിസ്സാരവത്കരണവും ഇ.ഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിത വേട്ടയാടലെന്ന പാർട്ടി സെക്രട്ടറിയുടെ പ്രതിരോധവുമായി സിപിഎം ചെറുത്തുനിൽക്കുന്നതിനിടെയാണ് വീഴ്ച ഏറ്റെടുത്തുള്ള ഇ.പിയുടെ പ്രതികരണം. മുന്മന്ത്രിയെയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെയുമടക്കം മുതിർന്ന നേതാക്കളെ ഇ.ഡി ചോദ്യം ചെയ്ത സാഹചര്യത്തിൽ പാർട്ടി സംവിധാനങ്ങളൊന്നടങ്കം പ്രതിരോധവുമായി നിൽക്കുമ്പോഴാണ് മുന്നണി കൺവീനറുടെ വേറിട്ട നിലപാട്.