തിരുവനന്തപുരം: ആലത്തൂരിന്റെ എംപിയായ മന്ത്രി കെ രാധാകൃഷ്ണൻ ദിവസങ്ങൾക്കുള്ളിൽ രാജി വയ്ക്കും. എംഎൽഎ പദവിയും മന്ത്രിസ്ഥാനവും രാധാകൃഷ്ണൻ രാജിവയ്ക്കുമ്പോൾ സിപിഎമ്മിന് നിയമസഭയിലേക്ക് സ്ഥാനാർത്ഥിയേയും പുതിയ മന്ത്രിയേയും കണ്ടെത്തേണ്ടതുണ്ട്. ഇതിനൊപ്പം പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പും. രണ്ടും സിപിഎമ്മിന് വലിയ അഗ്നിപരീക്ഷയാണ്. അതിനിടെയാണ് പുതിയ മന്ത്രിയെ നിശ്ചയിക്കേണ്ട ഉത്തരവാദിത്തവും. എസ് എഫ് ഐയിലൂടെ സിപിഎം നേതൃനിരയിലെത്തിയ സച്ചിൻദേവിനെ മന്ത്രിയാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസും കൂട്ടരും. കുന്നത്തുനാടിൽ നിന്നുള്ള എംഎൽഎ പിവി ശ്രീനിജനൊപ്പമാണ് മന്ത്രി രാജീവും എറണാകുളം ഘടകവും. ഇതിനിടെയാണ് സീനിയർ നേതാവായ മാനന്തവാടി എംഎൽഎ ഒആർ കേളുവും സജീവ ചർച്ചകളിൽ എത്തുന്നത്. സിപിഎമ്മിലെ ഭൂരിപക്ഷത്തിനും കേളുവിനെ മന്ത്രിയാക്കാനാണ് താൽപ്പര്യം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം. സിപിഎം സംസ്ഥാന നേതൃയോഗങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനം വരും.

യുവ നേതാവായ സച്ചിൻദേവിനെ മന്ത്രിയാക്കുന്നതിലൂടെ മന്ത്രിസഭയ്ക്ക് കൂടുതൽ ചെറുപ്പം വരുമെന്നാണ് റിയാസിന്റെ അഭിപ്രായം. കോഴിക്കോട്-കണ്ണൂർ ജില്ലകളെ സ്വാധീനിക്കുന്ന തീരുമാനമായി ഇതു മാറുമെന്നും അവർ പറയുന്നു. കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജന് മണ്ഡലത്തിൽ വലിയ വെല്ലുവിളികളുണ്ട്. കിഴക്കമ്പലത്തെ പ്രശ്‌നങ്ങൾ അടക്കം അതിൽ വരും. അടുത്ത തവണ സീറ്റ് നിലനിർത്താൻ ശ്രീനിജന് മന്ത്രിപദം അനിവാര്യമാണെന്നാണ് എറണാകുളത്തെ നേതൃത്വത്തിന്റെ നിലപാട്. മന്ത്രി പി രാജീവും ഇതിനൊപ്പമാണ്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ മനസ്സിലാക്കി സിപിഎം തീരുമാനമെടുക്കേണ്ടതുണ്ടെന്ന നിലപാടിനും പ്രാമുഖ്യമുണ്ട്. ഇവർ കേളുവിനെയാണ് മന്ത്രിയായി കാണുന്നത്. വിവാദ രഹിത പൊതുജീവിതമാണ് കേളുവിന്റെ കരുത്ത്. അതുകൊണ്ട് തന്നെ സിപിഎം തെറ്റു തിരുത്തുന്നുവെന്ന തോന്നലുണ്ടാക്കാൻ കേളുവിനെ മന്ത്രിയാക്കണമെന്ന അഭിപ്രായമാണ് ശക്തമാകുന്നത്. എന്നാൽ ഇതെല്ലാം സംസ്ഥാന നേതൃയോഗങ്ങളിൽ ആരെങ്കിലും ഉയർത്തുമോ എന്നതാണ് നിർണ്ണായകം. സാധാരണ ഗതിയിൽ മുഖ്യമന്ത്രി മുമ്പോട്ട് വയ്ക്കുന്ന പേരിനെ കൈയടിച്ച് അംഗീകരിക്കുന്ന പതിവാണ് കണ്ടു വരാറുള്ളത്.

പാർട്ടിക്കപ്പുറത്തുള്ള പൊതുസ്വീകാര്യതയും രണ്ടുതവണ എംഎ‍ൽഎ.യായ പരിഗണനയുമാണ് ഒ.ആർ. കേളുവിനുള്ള മുൻതൂക്കം നൽകുന്നത്. പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒ.ആർ. കേളു മാത്രമാണുള്ളത്. പട്ടികജാതി വിഭാഗത്തിൽനിന്നുള്ള കെ.എം. സച്ചിൻദേവ്, എ. രാജ, കെ. ശാന്തകുമാരി, പി.വി. ശ്രീനിജൻ, പി.പി. സുമോദ്, എം.എസ്. അരുൺകുമാർ, ഒ.എസ്. അംബിക എന്നിവരാണ് സാധ്യതയുള്ള മറ്റുള്ളവർ. ഇവരിൽ രണ്ടുതവണ സാമാജികനായത് ഒ.ആർ. കേളു മാത്രമാണ്. രണ്ടുവർഷം മത്സരിച്ചവർ മാറിനിൽക്കണമെന്ന പാർട്ടിനയംവെച്ചുനോക്കിയാൽ ഒ.ആർ. കേളുവിനു ഇനി മത്സരിക്കാനും സാധിക്കില്ല. ഇതെല്ലാം കേളുവിന്റെ സാധ്യത കൂട്ടുന്നു. എന്നാൽ പിണറായിയുടെ മനസ്സാകും നിർണ്ണായകം.

സിപിഎം കേന്ദ്ര നേതൃത്വവും കേരളത്തിലെ സംസ്ഥാന യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഈ വിഷയത്തിൽ ചർച്ചയുണ്ടായാൽ അവർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. വയനാട് ജില്ല രൂപീകരിച്ചത് തങ്ങളാണെന്ന് അഭിമാനപൂർവം അവകാശപ്പെടുന്ന സിപിഎമ്മിന് നാളിതുവരെ വയനാട്ടിൽ നിന്ന് മന്ത്രി ഉണ്ടായിട്ടില്ല. മന്ത്രിയില്ലാത്ത ജില്ലയിൽ നിന്നുള്ള ഭരണപക്ഷത്തെ ഏക എംഎൽഎയ്ക്ക് മന്ത്രി സഭയിലേക്ക് വഴി തുറക്കുമെന്നാണ് പ്രവർത്തകരുടെ കണക്കുകൂട്ടൽ. പട്ടിക വിഭാഗത്തിൽ നിന്നുള്ള ആൾക്കാകും മന്ത്രിസ്ഥാനം എന്നുറപ്പുമാണ്. അവിടെയാണ് പി.കെ. ജയലക്ഷ്മിക്ക് ശേഷം വീണ്ടും മാനന്തവാടിക്ക് മന്ത്രി പദവി എന്ന സാധ്യത ചർച്ചയാകുന്നത്. മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ അട്ടിമറിച്ച് പട്ടികവർഗസംവരണ മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ എത്തിയ കേളു എംഎൽഎ പദവിയിൽ ഇതു രണ്ടാം തവണയാണ്. ഭരണപരിചയവും ഉണ്ട്.

3 തവണ തിരുനെല്ലി പഞ്ചായത്തിലേക്കും ഒരു തവണ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്കും വിജയിച്ച കേളു തിരഞ്ഞെടുപ്പ് രംഗത്ത് പരാജയമറിയാത്ത നേതാവാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റുമാണ്. സിപിഎം പ്രതിനിധികളിൽ പട്ടിക വിഭാഗത്തിൽ നിന്ന് നിയമസഭയിൽ രണ്ടാമതും എത്തിയ ഏക എംഎൽഎയും ഒ.ആർ. കേളുവാണ്. ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ കമ്മിറ്റിയംഗം, എസ്സി എസ്ടി നിയമസഭാ സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്ന കേളു 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. അതുകൊണ്ട് തന്നെ കേളുവിനെ മന്ത്രിയായി കാണാനാണ് സിപിഎമ്മിലെ ഭൂരിഭാഗത്തിന്റേയും ആഗ്രഹം.