- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ ആർ കേളുവിന് പട്ടികജാതി ക്ഷേമം മാത്രം
തിരുവനന്തപുരം: കെ രാധാകൃഷ്ണന് പകരം ഒ ആർ കേളുവിനെ മന്ത്രിയാക്കാൻ സിപിഎം തീരുമാനം. മാനന്തവാടി എംഎൽഎ മന്ത്രിയാക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന നേതൃത്വമാണ് എടുത്തത്. സീനിയോറിട്ടി പരിഗണിച്ചാണ് തീരുമാനം. പട്ടിക ജാതി ക്ഷേമ മന്ത്രിയായി കേളു ചുമതലയേൽക്കും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും കൂട്ടരും സച്ചിൻദേവിനെ മന്ത്രിയാക്കാൻ വലിയ വാദങ്ങളുയർത്തിയിരുന്നു. എന്നാൽ ഇത് അംഗീകരിച്ചില്ല. വയനാടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി കൂടിയാകും കേളു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മനസ്സും കേളുവിന് അനുകൂലമായിരുന്നു. ഈ സാഹചര്യമാണ് കേളുവിനെ മന്ത്രിയാക്കുന്നത്.
പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും. വയനാട് ജില്ലയിൽനിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് ഒ.ആർ. കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാൻ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്.
ആലത്തൂരിന്റെ എംപിയായ മന്ത്രി കെ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എസ് എഫ് ഐയിലൂടെ സിപിഎം നേതൃനിരയിലെത്തിയ സച്ചിൻദേവിനെ മന്ത്രിയാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസും കൂട്ടരും. കുന്നത്തുനാടിൽ നിന്നുള്ള എംഎൽഎ പിവി ശ്രീനിജനൊപ്പമായിരുന്നു മന്ത്രി രാജീവും എറണാകുളം ഘടകവും. ഇതിനെ മറികടന്നാണ് സീനിയർ നേതാവായ മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാകുന്നത്. സിപിഎമ്മിലെ ഭൂരിപക്ഷത്തിനും കേളുവിനെ മന്ത്രിയാക്കാനായിരുന്നു താൽപ്പര്യം. പൊതു തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ മനസ്സിലാക്കി സിപിഎം മന്ത്രിയെ ഒടുവിൽ നിശ്ചയിച്ചു. വിവാദ രഹിത പൊതുജീവിതമാണ് കേളുവിന്റെ കരുത്ത്. സാധാരണ ഗതിയിൽ മുഖ്യമന്ത്രി മുമ്പോട്ട് വയ്ക്കുന്ന പേരിനെ കൈയടിച്ച് അംഗീകരിക്കുന്ന പതിവാണ് സിപിഎം നേതൃത്വത്തിൽ കണ്ടു വരാറുള്ളത്. ഇത് ഇത്തവണ മാറി. പാർട്ടിക്കപ്പുറത്തുള്ള പൊതുസ്വീകാര്യതയും രണ്ടുതവണ എംഎൽഎ.യായ പരിഗണനയുമാണ് ഒ.ആർ. കേളുവിനുള്ള മുൻതൂക്കം നൽകിയത്.
സിപിഎമ്മിന് എംഎൽഎയായി പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒ.ആർ. കേളു മാത്രമാണുള്ളത്. പട്ടികജാതി വിഭാഗത്തിൽനിന്നുള്ള കെ.എം. സച്ചിൻദേവ്, എ. രാജ, കെ. ശാന്തകുമാരി, പി.വി. ശ്രീനിജൻ, പി.പി. സുമോദ്, എം.എസ്. അരുൺകുമാർ, ഒ.എസ്. അംബിക എന്നിവരേയും മന്ത്രിയാകാൻ പരിഗണിച്ചു. ഇവരിൽ രണ്ടുതവണ സാമാജികനായത് ഒ.ആർ. കേളു മാത്രമാണ്. രണ്ടുവർഷം മത്സരിച്ചവർ മാറിനിൽക്കണമെന്ന പാർട്ടിനയംവെച്ചുനോക്കിയാൽ ഒ.ആർ. കേളുവിനു ഇനി മത്സരിക്കാനും സാധിക്കില്ല. ഇതെല്ലാം കേളുവിനെ മന്ത്രിയാക്കി.
വയനാട് ജില്ല രൂപീകരിച്ചത് തങ്ങളാണെന്ന് അഭിമാനപൂർവം അവകാശപ്പെടുന്ന സിപിഎമ്മിന് നാളിതുവരെ വയനാട്ടിൽ നിന്ന് മന്ത്രി ഉണ്ടായിട്ടില്ല. മന്ത്രിയില്ലാത്ത ജില്ലയിൽ നിന്നുള്ള ഭരണപക്ഷത്തെ ഏക എംഎൽഎയ്ക്ക് മന്ത്രി സഭയിലേക്ക് വഴി തുറക്കുന്നത് സിപിഎം പ്രതീക്ഷയോടെ കാണുന്നുണ്ട്. മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ അട്ടിമറിച്ച് പട്ടികവർഗസംവരണ മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ എത്തിയ കേളു എംഎൽഎ പദവിയിൽ ഇതു രണ്ടാം തവണയാണ്. ഭരണപരിചയവും ഉണ്ട്.
3 തവണ തിരുനെല്ലി പഞ്ചായത്തിലേക്കും ഒരു തവണ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്കും വിജയിച്ച കേളു തിരഞ്ഞെടുപ്പ് രംഗത്ത് പരാജയമറിയാത്ത നേതാവാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റുമാണ്. സിപിഎം പ്രതിനിധികളിൽ പട്ടിക വിഭാഗത്തിൽ നിന്ന് നിയമസഭയിൽ രണ്ടാമതും എത്തിയ ഏക എംഎൽഎയും ഒ.ആർ. കേളുവാണ്. ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ കമ്മിറ്റിയംഗം, എസ്സി എസ്ടി നിയമസഭാ സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്ന കേളു 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.