- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭ സമ്മേളനം നാളെ മുതൽ; ബജറ്റ് പാസ്സാക്കൽ മുഖ്യഅജണ്ട
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ തുടങ്ങും. 28 ദിവസം ചേരാനാണ് നിലവിലെ തീരുമാനം. ജൂലായ് 25 വരെയാണ് സമ്മേളനം ചേരുക. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്.
സമ്മേളനത്തിൽ ജൂൺ 11 മുതൽ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യർഥനകൾ ചർച്ച ചെയ്യും. സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂൺ 10 ന് രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികൾ നിർത്തിവച്ച്, 15ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും.
തുടർന്ന്, 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ, 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ എന്നിവ അവതരിപ്പിക്കുന്നതും സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയക്കുന്നതുമാണ്. ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കി വച്ചിട്ടുള്ള മറ്റ് ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേർന്ന് തീരുമാനിക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചേരുന്ന ആദ്യ സമ്മേളനമാണ്. പൊതു തെരഞ്ഞെടുപ്പിൽ 18 സീറ്റിലും ഇടതുപക്ഷം പരാജയപ്പെട്ടത് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്ന് ചൂണ്ടിക്കാട്ടി സഭയിൽ കനത്ത പ്രതിപക്ഷ പ്രതിഷേധം ഉയരും. വൻവിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ വർദ്ധിത വീര്യവുമായിട്ടാണ് പ്രതിപക്ഷം നിയമസഭയിലേക്കെത്തുന്നത്.
അതേസമയം സിപിഎം ആകട്ടെ വൻ തോൽവിയുടെ ആഘാതത്തിലും. എന്നാൽ, തൃശ്ശൂരിലെ ബിജെപി വിജയത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി രക്ഷപെടാനാകും ഭരണപക്ഷം ശ്രമിക്കുക. ഡിഡിസി ഓഫീസിലെ കയ്യാങ്കളി അടക്കം ഇതിനായി ആയുധമാക്കും.