- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭാ കയ്യാങ്കളിക്കേസ് വിചാരണ നടപടികളിലേക്ക്; ആദ്യഘട്ടത്തിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കൽ; മന്ത്രി ശിവൻകുട്ടി അടക്കമുള്ള ഇടതുനേതാക്കൾ ബുധനാഴ്ച ഹാജരാകും; വിചാരണ നടപടികൾ സർക്കാരിനും നിർണായകം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ പ്രതികളായ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള ഇടതുനേതാക്കൾ ബുധനാഴ്ച കോടതിയിൽ ഹാജരാകും. ആറുപ്രതികളും വിചാരണ നടപടികളുടെ ആദ്യഘട്ടമായ കുറ്റപത്രം വായിച്ചു കേൾപ്പിക്കൽ നടപടിക്കു വേണ്ടിയാണ് ഹാജരാകുന്നത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ. രേഖയാണ് കേസ് പരിഗണിക്കുന്നത്. നിലവിലെ മന്ത്രിസഭാംഗമായ വി. ശിവൻകുട്ടിയെയും ഇടതു സർക്കാരിനെയും സംബന്ധിച്ചിടത്തോളം വിചാരണ നടപടികൾ ഏറെ നിർണായകമാണ്.
നേരത്തെ, ആറു പ്രതികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇവർ ആരും ഹാജരായില്ല. തുടർന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. ബുധനാഴ്ച ഹാജരാകണമെന്ന് അന്ത്യശാസനം നൽകുകയായിരുന്നു.
നിയമസഭാ കയ്യാങ്കളിക്കേസിലെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ളതാണ് ബുധനാഴ്ചത്തെ കുറ്റപത്രം വായിക്കൽ. കേസിൽ ആറു പ്രതികളാണുള്ളത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എംഎൽഎ., മുൻ എംഎൽഎമാരായ സി.കെ. സദാശിവൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.
2015 മാർച്ച് 13-നായിരുന്നു നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബാർക്കോഴ കേസിൽ അകപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞാണ് അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടത് എംഎൽഎമാർ പ്രതിഷേധിച്ചത്. തുടർന്ന് ഇത് കയ്യാങ്കളിയിലേക്കും സഭയിലെ വസ്തുവകകൾ തല്ലിത്തകർക്കുന്നതിലേക്കും കടക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് എടുത്തു. 2,17,000 രൂപയുടെ നഷ്ടം നിയമസഭയ്ക്ക് സംഭവിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2016-ൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെ സമീപിച്ചു. എന്നാൽ മൂന്നിടത്തുനിന്നും തിരിച്ചടിയുണ്ടായി. വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കർശന നിർദ്ദേശം നൽകി. ഇതിന് പിന്നാലെ കേസിലെ ആറു പ്രതികളും സ്വന്തം നിലയ്ക്ക് വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകി. എന്നാൽ വിചാരണ കോടതി ഇത് തള്ളി.
പിന്നീട് ഇവർ വിടുതൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അവിടെയും ഹർജി തള്ളി. പ്രതികളുടെ സ്വന്തംനിലയ്ക്കുള്ള വിടുതൽ ഹർജികൾ കൂടി തള്ളിയ പശ്ചാത്തലത്തിലാണ് വിചാരണ കോടതി പ്രതികൾ വിചാരണയ്ക്ക് ഹാജരാകണമെന്ന് നിർദ്ദേശം വെച്ചത്. പല തീയതികളും നൽകിയെങ്കിലും പ്രതികൾ ആരും ഹാജരായില്ല. ഇതോടെയാണ് വിചാരണകോടതി കർശന നിലപാട് സ്വീകരിച്ചതും ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചതും.
മറുനാടന് മലയാളി ബ്യൂറോ