- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ പ്രതിരോധത്തിൽ; വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം; ഡിസംബർ അഞ്ച് മുതൽ സഭ ചേരുന്ന കാര്യം ഗവർണറെ അറിയിച്ചെന്ന് സ്പീക്കർ
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിലടക്കം സർക്കാർ കടുത്ത പ്രതിരോധത്തിൽ നിൽക്കെ നിയമസഭയുടെ അടുത്ത സമ്മേളനം ഡിസംബർ അഞ്ചിന് ആരംഭിക്കും. നിയമസഭാ സമ്മേളനം ചേരുന്നകാര്യം ഗവർണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു.
വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കുകയും കണ്ണൂർ സർവ്വകലാശാലയിലെ പ്രിയ വർഗ്ഗീസിന്റെ നിയമനത്തിന്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനങ്ങൾ നേരിടുകയും ചെയ്യുന്നതിനിടെയാണ് സഭാ സമ്മേളനം നടക്കുന്നത്. ഗവർണർ രാജി ആവശ്യപ്പെട്ട വൈസ് ചാൻസലർമാരുടെ എല്ലാം നില പരുങ്ങലിലാണ്.
ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ ഗവർണർക്ക് അനുകൂലമായി കാര്യങ്ങൾ തിരിയുന്ന സാഹചര്യത്തിൽ സഭാ സമ്മേളനം പ്രക്ഷുബ്ദമാകും. ഒരു ഘട്ടത്തിൽ സിപിഎമ്മിനൊപ്പം ഗവർണറെ കടന്നാക്രമിച്ച പ്രതിപക്ഷം കോടതികളിൽ നിന്നും തുടർച്ചയായി തിരിച്ചടിയുണ്ടായി തുടങ്ങിയതോടെ സർക്കാരിനെതിരെ നീക്കം കടുപ്പിച്ചുകഴിഞ്ഞു. ഇതോടൊപ്പം തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽനിയമനവും പ്രതിപക്ഷം സഭയിൽ ആയുധമാക്കാനാണ് സാധ്യതയേറെയാണ്.
അതേസമയം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആർഎസ്എസ് അനുകൂല, നെഹ്റു വിരുദ്ധ പ്രസ്താവനകൾ വച്ചാവും ഭരണപക്ഷം തിരിച്ചടിക്കുക. ഇക്കാര്യത്തിൽ മുസ്ലിം ലീഗിനെ കൂടി പ്രതിക്കൂട്ടിലാക്കാനും ഭരണപക്ഷം ആഗ്രഹിക്കുന്നു.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ടുവരുന്നതടക്കം സർക്കാർ പരിഗണനയിലാണ്. എന്നാൽ ഓർഡിനൻസിലെന്ന പോലെ ബില്ലിലും ഗവർണർ ഒപ്പിടാൻ സാധ്യതയില്ല. ഗവർണറെ വെട്ടാനുള്ള പ്ലാൻ എ നീക്കം പൊളിഞ്ഞതോടെയാണ് പ്ലാൻ ബി എന്ന നിലക്ക് ബിൽ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ മന്ത്രിസഭാ യോഗം ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിരുന്നു. രാജ്ഭവനിലേക്ക് നാലു ദിവസം കഴിഞ്ഞ് അയച്ച ഓർഡിനൻസിൽ ഗവർണർ തീരുമാനമെടുത്തില്ല. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇനി ബിൽ കൊണ്ട് വരാനാണ് സർക്കാർ തീരുമാനം. 14 സർവകലാശാലകളുടേയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റി അക്കാദമിക് വിദഗ്ധരെ നിയമിക്കാനുള്ള ഓർഡിനൻസിലെ വ്യവസ്ഥകൾ തന്നെയാകും ബില്ലിലും.
തന്നെ ലക്ഷ്യമിട്ടുള്ള ഓർഡിനൻസിലും ബില്ലിലും സ്വയം തീരുമാനമെടുക്കില്ലെന്ന് നേരത്തെ തന്നെ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചതാണ്. പുതിയ നിയമനത്തിന് സാമ്പത്തിക ബാധ്യത വരുന്ന സാഹചര്യത്തിൽ ബിൽ പാസാക്കും മുമ്പ് ഫിനാൻഷ്യൽ മെമോറാണ്ടത്തിനും ഗവർണറുടെ അനുമതി വേണ്ടിവരും. ആ ഘട്ടത്തിൽ തന്നെ രാജ്ഭവൻ ഉടക്കിടാൻ സാധ്യതയേറെയാണ്.
സബ്ജക്ട് കമ്മിറ്റി ബിൽ പാസാക്കുന്നതിനൊപ്പം ഗവർണറുടെ അനുമതി കൂടി കിട്ടിയാലേ സഭയിലും ബിൽ പാസാക്കാനാകൂ. പുതിയ വർഷത്തിൽ സഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്ന ചട്ടമൊഴിവാക്കാനാണ് സർക്കാർ നീക്കം. സഭാ സമ്മേളനം അവസാനിപ്പിക്കുന്നത് ക്രിസ്മസ് അവധിയും കഴിഞ്ഞ് അടുത്ത വർഷമായിരിക്കും. ഇടക്കിടെ കൂടുതൽ അവധി നൽകി ബജറ്റ് അവതരണം വരെ സമ്മേളന കാലയളവിൽ നടത്താനും ആലോചിച്ചിരുന്നു.
കേരള നിയമസഭാ സ്പീക്കറായി എ.എൻ ഷംസീർ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ചേരാനൊരുങ്ങുന്നത്. ഓർഡിനൻസുകൾ പാസാക്കാൻ വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഒടുവിൽ ചേർന്നപ്പോൾ എംബി രാജേഷായിരുന്നു സ്പീക്കർ. പിന്നീട് ഷംസീറിന് സ്പീക്കർ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി ഒരു ദിവസത്തേക്ക് മാത്രമായാണ് സഭ ചേർന്നത്.
മറുനാടന് മലയാളി ബ്യൂറോ