കോഴിക്കോട്: കേരളാ ബാങ്കിൽ ഇനി ഏകപക്ഷീയ രാഷ്ട്രീയമില്ല. പ്രതിപക്ഷ പ്രതിനിധിയും കേരളാ ബാങ്കിൽ ഡയറക്ടർ ബോർഡിലെത്തും. വള്ളിക്കുന്ന് എംഎൽഎയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിർദ്ദേശം ചെയ്തത് ഇടത് മുന്നണിയുടെ തന്ത്രപരമായ നീക്കമാണ്. ലീഗിനെ ഭരണവുമായി അടുപ്പിക്കുന്നതിന്റെ ആദ്യ പടി. ഇതിനെ യുഡിഎഫും കോൺഗ്രസും എങ്ങനെ കാണുമെന്നതാണ് നിർണ്ണായകം. ആദ്യമായാണു യുഡിഎഫ് കക്ഷികളിൽ പെട്ട ഒരു സഹകാരി കേരളാ ബാങ്ക് ഭരണസമിതിയിൽ എത്തുന്നത്.

അതിനിടെ കേരളാ ബാങ്ക് ഭരണസമിതിയിൽ ചേരാൻ അബ്ദുൽ ഹമീദിനു ലീഗ് സംസ്ഥാന നേതൃത്വം അനുമതി നൽകി. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കമാണ് ഹമീദിന്റെ സ്ഥാന ലബ്ദിക്ക് കാരണം. മലപ്പുറം ജില്ലയിലെ പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് അബ്ദുൽ ഹമീദ്. സിപിഎമ്മിന്റെ മുതിർന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുൽ ഹമീദിന്റെ നാമനിർദ്ദേശം. ഗോപി കോട്ടമുറിക്കൽ പ്രസിഡന്റായ കേരള ബാങ്ക് ഭരണസമിതിയിൽ നിലവിൽ സിപിഎം നേതാക്കളോ എൽഡിഎഫ് ഘടകകക്ഷി നേതാക്കളോ മാത്രമാണ് ഉള്ളത്.

ഫലസ്തീനിൽ സിപിഎം നടത്തിയ റാലിയിലേക്ക് മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചിരുന്നു. സമാനമായി ഏകീകൃത സിവിൽ കോഡിലെ പ്രതിഷേധത്തിലും. രണ്ടിലും ലീഗ് പങ്കെടുത്തില്ല. കോൺഗ്രസ് സമ്മർദ്ദമായിരുന്നു ഇതിന് കാരണം. യുഡിഎഫ് കെട്ടുറപ്പ് ചൂണ്ടിക്കാട്ടി നന്ദി പറഞ്ഞ് ലീഗ് ക്ഷണം നിരസിച്ചു. എന്നാൽ കേരളാ ബാങ്കിലേക്ക് ചർച്ച എത്തുമ്പോൾ ലീഗ് സിപിഎമ്മുമായി സഹകരിക്കുന്നു. ഇത് പുതിയ രാഷ്ട്രീയ നീക്കമായി മാറുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. ലീഗിലെ വിമത ചേരി ഈ നീക്കത്തിനും എതിരാണ്. എങ്കിലും അത് കണക്കാക്കേണ്ടതില്ലെന്നാണ് ലീഗ് ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനം.

സഹകരണ മേഖലയിൽ ലീഗ് രാഷ്ട്രീയം നോക്കിയല്ല ഇടപെടാറുള്ളതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വർഷങ്ങളായി സഹകരണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാളാണു പി.അബ്ദുൽ ഹമീദ്. പിണറായി വിജയൻ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്ത് മലപ്പുറത്തു നിന്നുള്ള ഡയറക്ടറായി പി.അബ്ദുൽ ഹമീദ് പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭാവിയിൽ മലപ്പുറം ജില്ലാ ബാങ്കിനെ ഏതിർപ്പില്ലാതെ കേരളാ ബാങ്കിലെ സജീവ പങ്കാളിയാക്കാനുള്ള സമർത്ഥമായ നീക്കമാണ് സിപിഎം പുതിയ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തരമൊരു നാമനിർദ്ദേശം സ്വീകരിക്കുന്നതു സംബന്ധിച്ചു യുഡിഎഫിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നു മലപ്പുറം ജില്ലാ ബാങ്ക് കേസിലെ ഹർജിക്കാരനും യുഡിഎഫ് ജില്ലാ ചെയർമാനും ആയ പി.ടി.അജയമോഹൻ പറഞ്ഞു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ സുപ്രീംകോടതി വരെ പോകാനാണു തീരുമാനമെന്നു ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും മഞ്ചേരി എംഎൽഎയുമായ യു.എ.ലത്തീഫും അജയമോഹനും പ്രതികരിച്ചു. ഇതിനിടെയാണ് ലീഗ് പുതിയ നീക്കത്തിന് അനുമതി നൽകുന്നത്. കേസ് കൊടുത്ത ലത്തീഫും മുസ്ലിം ലീഗ് നേതാവാണ്. അതുകൊണ്ടു തന്നെ കേസിനൊപ്പം കേരളാ ബാങ്കുമായി സഹകരിക്കുകായണ് മുസ്ലിം ലീഗ്.

ജനറൽ ബോഡി തീരുമാനത്തിന് വിരുദ്ധമായി ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യു.ഡി.എഫ് നിയമപോരാട്ടം തുടരുമ്പോൾ, ലീഗ് എംഎ‍ൽഎയെ ഡയറക്ടർ ബോർഡിലേക്ക് കൊണ്ടുവരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നാണ് ആരോപണം. ഭരണസമിതി കാലാവധി രണ്ടര വർഷം പിന്നിട്ടതിനാൽ നാമനിർദേശത്തിലൂടെ ലീഗ് എംഎ‍ൽഎയെ ബോർഡിൽ കൊണ്ടുവരാനാണ് സിപിഎം ശ്രമം. എന്നാൽ, എംഎ‍ൽഎയുടെ അനുമതിയില്ലാതെ ശിപാർശക്ക് സാധ്യതയില്ല. തനിക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പി. അബ്ദുൽ ഹമീദ് എംഎ‍ൽഎ പ്രതികരിച്ചത്. അതിനിടെയാണ് ലീഗ് അനുമതിയും ചർച്ചയാകുന്നത്.

സഹകരണ നിയമപ്രകാരം ഭരണസമിതി കാലാവധി രണ്ടര വർഷം പിന്നിട്ടാൽ തിരഞ്ഞെടുപ്പില്ലാതെ നാമനിർദേശത്തിലൂടെ അംഗങ്ങളെ ഉൾപ്പെടുത്താമെന്നു വ്യവസ്ഥയുണ്ട്. ഈ വഴിക്കാണ് ലീഗ് എംഎൽഎയെ പരിഗണിക്കുന്നത്. മലപ്പുറം ജില്ലയിലെ സിപിഎമ്മിന്റെ മുതിർന്ന സഹകാരികളെ മറികടന്നാണിത്. ലീഗ് നേതാവ് ഭരണസമിതി അംഗമായാൽ മലപ്പുറത്തെ സഹകാരികൾക്കിടയിൽ ലയനത്തെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട് എന്ന രീതിയിൽ കേസ് ദുർബലപ്പെടാനിടയുണ്ട്. മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് സിപിഎം തന്ത്രപരമായ നീക്കം തുടങ്ങിയത്.

ലയനത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതി നിയമാനുസൃതമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്. നിയമ ഭേദഗതി കേന്ദ്ര ബാങ്കിങ് നിയമത്തിന് വിരുദ്ധമായതിനാൽ ലയനം അസാധുവാണെന്ന വാദം റിസർവ് ബാങ്ക് ഉന്നയിച്ചിരുന്നു. മലപ്പുറം ജില്ല സഹകരണ ബാങ്കിന് നൽകിയ ലൈസൻസ് റദ്ദാക്കുകയോ ലയനം തങ്ങൾ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. എന്നാൽ, സംസ്ഥാന നിയമം ചൂണ്ടിക്കാട്ടി ഈ വാദവും കോടതി നിരസിച്ചിരുന്നു.