ന്യൂഡൽഹി: സാമ്പത്തിക തർക്കം ചർച്ച ചെയ്ത് തീർപ്പാക്കാനുള്ള സുപ്രീം കോടതി നിർദ്ദേശം കേരളത്തിന് ആശ്വാസകരമായി. ഡൽഹിയിലെ മുഖ്യമന്ത്രി നേതൃത്വം നൽകിയ സമരത്തിന് പിന്നാലെ, നിയമപോരാട്ടത്തിൽ, ചർച്ചയ്ക്ക് വഴിയൊരുങ്ങിയത് അപ്രതീക്ഷിതമായിട്ടാണ്. പതിനഞ്ചിന്, വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കാണ് ചർച്ച. ഡൽഹിയിലെ ചർച്ചയെ മന്ത്രി കെ എൻ ബാലഗോപാൽ നയിക്കും.

മന്ത്രിയെ കൂടാതെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമും, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. അഗർവാളും, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പും ചർച്ചയിൽ പങ്കെടുക്കും. നേരത്തെ കേന്ദ്ര അവഗണനയ്ക്ക് എതിരെ കർണാടകവും ഡൽഹിയിൽ സമരം നടത്തിയിരുന്നു. അതുകൊണ്ട് കൂടുതൽ സംസ്ഥാനങ്ങൾ സമരപാതയിലേക്ക് വരുമോയെന്ന ആശങ്ക കേന്ദ്രസർക്കാരിനുണ്ട്.

സാമ്പത്തിക തർക്കത്തിൽ, ചർച്ച എന്ന പരിഹാര നിർദ്ദേശം കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നില്ല. കോടതി മുന്നോട്ടുവച്ച നിർദ്ദേശം പാലിക്കുകയല്ലാതെ നിവൃത്തിയുമില്ല. നയപരമായ വിഷയത്തിൽ കോടതി ഇടപെടില്ലെന്ന പ്രതീക്ഷ അസ്ഥാനത്തായി. എന്നാൽ, കോടതി സമവായത്തിന്റെ പാതയാണ് നിർദ്ദേശിച്ചത്. കടമെടുപ്പ് പരിധിയിൽ കേരളത്തിന് കേന്ദ്രം ഇളവ് അനുവദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് അനുവദിച്ചാൽ, മറ്റു സംസ്ഥാനങ്ങളും നിയമപോരാട്ടത്തിന് ഇറങ്ങുമോ എന്നും കേന്ദ്രത്തിന് ആശങ്കയുണ്ട്.

സംസ്ഥാന ധനവകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിൽ എത്താൻ സന്നദ്ധരാണെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചിരുന്നു. ചർച്ചയിലെ വിശദാംശങ്ങൾ തിങ്കളാഴ്ച കോടതിയെ അറിയിക്കും. ഇതു പരിശോധിച്ച ശേഷം തുടർ നടപടികൾ തീരുമാനിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

ചർച്ചയ്ക്ക് തയ്യാറായ സർക്കാരുകളെ സുപ്രീംകോടതി അഭിനന്ദിച്ചു. സഹകരണ ഫെഡറലിസത്തിന്റെ മകുടോദാഹരണമാണ് ചർച്ചയ്ക്ക് തയ്യാറായ സർക്കാരുകളുടെ നടപടിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രശ്നം ചർച്ചകളിലൂടെ പരിഹരിച്ച് കൂടെയെന്ന് സുപ്രീംകോടതി രാവിലെ ആരാഞ്ഞിരുന്നു. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തികൂടെ എന്നാണ് കോടതി ആരാഞ്ഞത്. ഇന്ന് തന്നെ ചർച്ചക്ക് തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഉച്ചയ്ക്ക് കേസ് പരിഗണിച്ചപ്പോൾ ചർച്ചയ്ക്ക് തയ്യാർ ആണെന്ന് കേന്ദ്രവും സുപ്രീംകോടതിയെ അറിയിച്ചു.

കേരളത്തിന്റെ സംഘം നാളെ ഡൽഹിയിൽ എത്തുമെന്നും, നാളെ തന്നെ ചർച്ച ആരംഭിക്കണമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രി നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിൽ അടിയന്തിരമായി ചർച്ച ആവശ്യമാണെന്ന് കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. കപിൽ സിബലിന് പുറമെ, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പും സ്റ്റാന്റിങ് കോൺസൽ സി.കെ ശശിയും സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായി.

മുമ്പും ഈ വിഷയം ചർച്ച ചെയ്തിട്ടുള്ളത് ആണെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ട രമണി സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ ചർച്ച എന്ന നിർദ്ദേശം വന്നതിനാൽ വീണ്ടും ചർച്ച ചെയ്യുന്നതിൽ എതിർപ്പില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ഹർജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന് കപിൽ സിബൽ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ചെറിയ സമയ പരിധിക്കുള്ളിൽ തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് തിങ്കളാഴ്‌ച്ച ഉച്ചക്ക് രണ്ട് മണിക്ക് കേരളത്തിന്റെ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. ചർച്ചയുടെ പുരോഗതി അന്ന് അറിയിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.

സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾക്കെതിരെയാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി അടിയന്തിരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടിയിട്ടുണ്ട്. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമായതിനാലാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഹർജി തള്ളണമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. എ ജി ഇക്കാര്യത്തിൽ വിശദമായ കുറിപ്പും ധനകാര്യ മന്ത്രാലയം സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്.

കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കും. സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാകും. കടമെടുപ്പിന് അനുമതി നൽകുന്നത് ദീർഘകാല അടിസ്ഥാനത്തിൽ നല്ലതല്ല. വായ്പാച്ചെലവ് കൂട്ടുകയും സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചു കേരളത്തിന്റെ കടമെടുപ്പു തോത് കേന്ദ്രം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലും വലിയ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും മറുപടിയിൽ പറയുന്നു.

ഏതു സർക്കാർ സ്ഥാപനം എടുക്കുന്ന വായ്പയും സംസ്ഥാനകടമായി കേന്ദ്രം പരിഗണിക്കുന്നുവെന്ന കേരളത്തിന്റെ വാദവും സത്യവാങ്മൂലത്തിൽ തള്ളി. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് എടുക്കുന്ന വായ്പകൾക്ക് എതിരല്ലെന്നും കേന്ദ്രം അറിയിച്ചു.