കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഏറക്കുറെ ഉറപ്പിച്ച തോമസ് ചാഴികാടൻ എംപിയെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതിനെച്ചൊല്ലി കേരള കോൺഗ്രസ് -എമ്മിൽ കടുത്ത അതൃപ്തി. അപമാനിച്ചില്ലെന്ന് വിശദീകരിക്കാൻ വേണ്ടി മുഖ്യമന്ത്രി പറഞ്ഞത് അതിലും വലിയ അധിക്ഷേപമായി എന്നാണ് വിലയിരുത്തൽ. കോട്ടയത്ത് നടന്ന നവകേരള സദസ്സിൽ കേരള കോൺഗ്രസിലെ തോമസ് ചാഴികാടൻ എംപിയെ താൻ അപമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അവിടെ ആരെയും അപമാനിക്കലോ ബഹുമാനിക്കലോ ഒന്നുമല്ല ഉണ്ടായത്. കാര്യങ്ങൾ വിശദമാക്കുകയാണ് ചെയ്തതെന്നായിരുന്നു പിണറായി. ഫലത്തിൽ അത് എംപിക്ക് ഒന്നും അറിയില്ലെന്ന വാദം വീണ്ടും ഉയർത്തൽ കൂടിയായി. ഇതോടെയാണ് പ്രവർത്തകർ അമർഷത്തിലായത്.

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ ദിവസങ്ങൾ കഴിഞ്ഞിട്ടും പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഉൾപ്പെടെ പ്രതികരിക്കാത്തതും അണികളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. അതിനിടെ ഇടുക്കിയിലെ റവന്യൂ വകുപ്പ് നീക്കങ്ങളെ വിമർശിച്ച് ജോസ് കെ മാണി ദീപകയിൽ ലേഖനം എഴുതി. ഇതിൽ പിണറായി ഒന്നും അറിയില്ലെന്ന വിമർശനമുണ്ടായിരുന്നു. എന്നിട്ടും എംപിയെ പരിഹസിച്ചതിൽ ജോസ് കെ മാണി പ്രതികരിച്ചില്ല. ചാഴികാടനെ അനുകൂലിച്ച് വി.ഡി. സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെ രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണ്. ക്രൈസ്തവരുമായി കൂടുതൽ ബന്ധമുണ്ടാക്കാൻ സ്‌നേഹയാത്രക്ക് തയാറാകുന്ന ബിജെപിയും രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണ്. കേരളാ കോൺഗ്രസിനെ അടർത്തിയെടുക്കാൻ കോൺഗ്രസിന് അതിയായ ആഗ്രഹവുമുണ്ട്.

ചാഴിക്കാടനെ പാർട്ടി സംരക്ഷിക്കേണ്ടതായിരുന്നെന്നും കെ.എം.മാണി ഉണ്ടായിരുന്നെങ്കിൽ പാർട്ടിയുടെ വ്യക്തിത്വം സംരക്ഷിക്കുന്ന നടപടി ഉണ്ടാകുമായിരുന്നെന്നും ഉന്നതാധികാര സമിതി അംഗം പി.എം.മാത്യു തുറന്നടിച്ചു. ജോസ് കെ മാണിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന നേതാവ് തന്നെ രംഗത്തെത്തിയിട്ടും മൗനം തുടരാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. അണികളുടെ പൊതുവികാരം എന്ന നിലയിലാണ് പി.എം.മാത്യുതുറന്നു പറച്ചിൽ നടത്തിയത്. റബർ വിഷയം ഉയർത്തിയ ചാഴിക്കാടനെ തന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വിമർശിച്ചിട്ടും മറുപടി പറയാൻ കഴിയാതെ പോയത് നേതാവെന്ന നിലയിൽ ജോസ് കെ മാണിയുടെ പരാജയമെന്നാണ് കെ.എം.മാണിയുടെ മുൻ വിശ്വസ്തന്റെ കുറ്റപ്പെടുത്തൽ. പാലായിലേറ്റ അപമാനം പാർട്ടിയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായിപ്പോയെന്നും ഇരുപതം?ഗ ഉന്നതാധികാര സമിതിയിലെ മുതിർന്ന നേതാവ് തുറന്നടിച്ചു.

പാലായിൽ നവകേരള സദസ്സ് ഉദ്ഘാടന വേദിയിലാണ് തോമസ് ചാഴികാടനെ മുഖ്യമന്ത്രി തിരുത്തിയത്. ഇത് എംപിയെ അപമാനിക്കുന്നതാണെന്നാണ് പൊതുവിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരെ കേരള കോൺഗ്രസ് -എമ്മിന്റെ സൈബർ വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. പാലായിൽ റബർ വിലത്തകർച്ചയെക്കുറിച്ച് പറയുകതന്നെ ചെയ്യുമെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റുകളിലുൾപ്പെടെ പാർട്ടിവൃത്തങ്ങൾ പ്രതികരിച്ചിട്ടുള്ളത്. എന്നാൽ, അവർക്ക് തൽക്കാലം മറുപടി നൽകേണ്ടതില്ലെന്നാണ് സിപിഎം സൈബർ വിഭാഗത്തിന് ലഭിച്ച നിർദ്ദേശം. യു.ഡി.എഫിൽ ശക്തമായിരുന്ന പാർട്ടി എൽ.ഡി.എഫിൽ എത്തിയതോടെ റാന്മൂളികളായെന്ന പരാതി കേരളാ കോൺഗ്രസിലെ വലിയൊരു നേതാക്കൾക്കുൾപ്പെടെയുണ്ട്.

എൽ.ഡി.എഫിൽ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉൾപ്പെടെ നഷ്ടപ്പെട്ടതായും അവർക്കും പരാതിയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിന് പുറമെ ഒരു സീറ്റുകൂടി ആവശ്യപ്പെടാൻ നിൽക്കുന്ന കേരള കോൺഗ്രസ് കരുതലോടെയാണ് നീങ്ങുന്നത്. എന്നാൽ, ആത്മാഭിമാനമുണ്ടെങ്കിൽ തോമസ് ചാഴികാടൻ രാജിവെക്കണമെന്ന ആവശ്യമാണ് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടേത്. തോമസ് ചാഴികാടന് അഭിവാദ്യമർപ്പിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് പാർട്ടി പ്രവർത്തകർ ഷെയർ ചെയ്യുന്നുമുണ്ട്. ഇടതുപക്ഷത്ത് കേരളാ കോൺഗ്രസ് ഒറ്റപ്പെടുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് നേതാക്കളെ വേദനിപ്പിക്കാതെ വിമർശനത്തിന് ശ്രമിക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ പാലായിൽ കേരളാ കോൺഗ്രസ് എമ്മും സിപിഎമ്മും തമ്മിൽ അഭിപ്രായവ്യത്യസം രൂക്ഷമാണ്. പാലാ നഗരസ കൗൺസിൽ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയും ജോസ് കെ മാണിയുടെ പാലായിലെ പരാജയവും കേരളാ കോൺഗ്രസ് എമ്മിൽ ഇപ്പോഴും ചർച്ചയാകുന്നുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) വോട്ടുകൾ എവിടെ പോയെന്ന ചോദ്യം സിപിഎം പ്രവർത്തകരും ഉന്നയിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകിയതിൽ പ്രാദേശിക സിപിഎം നേതൃത്വത്തിൽ എതിർപ്പുണ്ട്.

നേതൃതലത്തിലും അണികളിലും അമർഷം ശക്തമെങ്കിലും തൽക്കാലം സിപിഎമ്മിനെതിരെ ഒരു വാക്കു പോലും പറയേണ്ടതില്ലെന്ന നിലപാടിലാണ് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും ഉൾപ്പെടെയുള്ള പാർട്ടിയിലെ പ്രധാന നേതാക്കൾ. അമർഷം പരസ്യമാക്കിയാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ തിരിച്ചടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.