- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം കേരളത്തിൽ ഇനി കൂടുതൽ പ്രതിസന്ധികൾക്ക് സാധ്യത. ഇടതു മുന്നണിയെ ഈ വിഷയം പിടിച്ചുലയ്ക്കും. ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സിപിഐ തീരുമാനം. സിപിഐയുടെ സീറ്റ് സിപിഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.
കേരള കോൺഗ്രസ് (എം) സീറ്റ് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. എന്നാൽ രാജ്യസഭാ സീറ്റ് വിഷയം മുന്നണി ചർച്ച ചെയ്തിട്ടില്ലെന്നും മുന്നണിയിൽ പ്രതിസന്ധി ഉണ്ടാകില്ലെന്നുമാണ് എൽ.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. രാജ്യസഭാ സീറ്റ് ആവശ്യം പരസ്യമാക്കി കേരളാ കോൺഗ്രസ് (എം) രംഗത്ത് എത്തിയിരുന്നു. സീറ്റ്, കേരളാ കോൺഗ്രസ് എമ്മിന് സീറ്റ് അവകാശപ്പെട്ടതാണെന്നായിരുന്നു കേരളാ കോൺഗ്രസ് നിലപാട്.
ജോസ് കെ മാണിയുടെ കാലാവധി കഴിയുന്ന സീറ്റ്, കേരളാ കോൺഗ്രസിന് തന്നെ ലഭിക്കണമെന്നും ഇന്ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്യുമെന്നും കേരളാ കോൺഗ്രസ് നിലപാട്. മൂന്ന് സീറ്റിന്റെ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. ഇതിൽ രണ്ട് സീറ്റിലാണ് ഇടത് മുന്നണിക്ക് ജയിക്കാൻ കഴിയുക. എന്നാൽ, എളമരം കരീം ഒഴിയുമ്പോൾ ജയിക്കാൻ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം.
ബിനോയ് വിശ്വം, ജോസ് കെ. മാണി, എളമരം കരീം എന്നിവരുടെ രാജ്യസഭ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും ജയിക്കാൻ കഴിയും. ആറു കൊല്ലം മുമ്പ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ യുഡിഎഫ് പ്രതിനിധിയായാണ് ജോസ് കെ മാണി മത്സരിച്ചതും ജയിച്ചതും. പിന്നീട് കേരളാ കോൺഗ്രസ് ഇടതു പക്ഷത്ത് എത്തി.
ഈ സാഹചര്യത്തിലാണ് ഇത്തവണ കാലാവധി കഴിയുന്ന മൂന്ന് സീറ്റും ഇടതുപക്ഷത്തിന്റേതായത്. കഴിഞ്ഞ തവണ യുഡിഎഫിൽ പ്രശ്ന പരിഹാര ഫോർമുല എന്ന നിലയിലാണ് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത്. മുസ്ലിം ലീഗ് ഇടപെടലിനെ തുടർന്നായിരുന്നു കോൺഗ്രസിന്റെ വീട്ടുവീഴ്ച. ഈ സീറ്റ് മാണി പാർട്ടിക്ക് നൽകിയ ശേഷമാണ് കെഎം മാണിയുടെ മരണം. ഇതിന് ശേഷം ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്ത് എത്തുകയും ചെയ്തു.
സിപിഐയ്ക്കുംകേരള കോൺഗ്രസ് എമ്മിനും അഭിമാനപ്രശ്നമാണ് രാജ്യസഭ സീറ്റ്. കാരണം രണ്ട് പാർട്ടിയുടേയും ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാർ കൈവശം വെച്ചിരിക്കുന്ന സീറ്റുകളാണിത്. അതുകൊണ്ട് കാലാവധി കഴിഞ്ഞാലും ജയിക്കാൻ കഴിയുന്ന രാജ്യസഭ സീറ്റിന് വേണ്ടി അവകാശവാദമുന്നണിയിക്കാനാണ് രണ്ട് പാർട്ടികളുടേയും തീരുമാനം. സിപിഎം സീറ്റ് വേണ്ടെന്ന് വച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ അതിനുള്ള സാധ്യത കുറവാണ്.
എളമരം കരീമിന് വീണ്ടും സീറ്റ് നൽകാനും സാധ്യത കുറവാണ്. എംഎ ബേബി അടക്കമുള്ളവർക്ക് രാജ്യസഭാ സീറ്റിൽ നോട്ടമുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബേബി കുറച്ചു കാലമായി പാർലമെന്ററീ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.