തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനക്കെതിരെ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി സംസ്ഥാന സർക്കാർ. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ചർച്ച നടത്തും. ജനുവരി 15ന് രാവിലെ 10 മണിക്ക് ഓൺലൈനയാണ് ചർച്ച.

കേന്ദ്ര സർക്കാർ നയം സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നത്. നേരത്തെ കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എംപിമാർ സമ്മർദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമായതിന് പിന്നിൽ കേന്ദ്രസർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നും സംസ്ഥാനം പിരിച്ചെടുക്കേണ്ട നികുതി പോലും പിരിച്ചെടുക്കുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുമായി ചർച്ചക്ക് നേതാക്കൾ തയ്യാറായേക്കുമെങ്കിലും ഒരുമിച്ചു സമരം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ വിമുഖത കാട്ടാനാണ് സാധ്യത കൂടുതൽ.

സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. പെൻഷൻ നൽകാനും ശമ്പളം നൽകാനും ബുദ്ധിമുട്ടുന്നുവെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. പെൻഷൻ നൽകുന്നതിന് അടിയന്തരമായി കടമെടുക്കാൻ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടു. കേസ് ഈ മാസം 25 ന് പരിഗണിക്കും.

വായ്പ പരിധി വെട്ടിക്കുറച്ചതടക്കം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്. പെൻഷൻ നൽകാനും ശമ്പളം നൽകാനും സർക്കാർ ബുദ്ധിമുട്ടുകയാണെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. പെൻഷൻ നൽകുന്നതിന് അടിയന്തരമായി കടമെടുക്കാൻ അനുവദിച്ചുക്കൊണ്ട് ഉത്തരവിറക്കണമെന്നും ഇതിനായി ഇടക്കാല ഉത്തരവ് പുറപെടുവിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ സ്യൂട്ട് ഹർജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കടമെടുപ്പ് പരിധി വെട്ടികുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെ നൽകിയ സ്യൂട്ട് ഹർജി ഭരണഘടന ബഞ്ച് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഈ മാസം 25 ന് ഇടക്കാല ഉത്തരവ് സംബന്ധിച്ച കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേന്ദ്രത്തിന്റെ തീരുമാനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ വൻ ആഘാതം സൃഷ്ടിക്കാമെന്നും സ്യൂട്ട് ഹർജിയിൽ കേരളം വിശദീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സംസ്ഥാനത്തിന് 26,000 കോടി രൂപ അടിയന്തരമായി ആവശ്യമാണെന്നും ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രക്രിയയിലും സാമ്പത്തിക സ്വയംഭരണത്തിലും കേന്ദ്രം കൈകടത്തുന്നത് തടയണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നതു റദ്ദാക്കുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഹർജിയിൽ പറയുന്നു.