ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് എതിരെ കടുത്ത ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും, ഭരണകക്ഷിയായ സിപിഎമ്മിനും എതിരെയാണ് അദ്ദേഹം ആഞ്ഞടിച്ചത്. 'കേരള സർക്കാർ, പകൽ എസ്എഫ്‌ഐക്കൊപ്പവും, രാത്രി പോപ്പുലർ ഫ്രണ്ടിന് വേണ്ടിയുമാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ സംസാരത്തിൽ നിന്ന് കേൾക്കുന്നതാണ് എസ്എഫ്‌ഐ-പോപ്പുലർ ഫ്രണ്ട് ബന്ധത്തെ കുറിച്ച് എന്റെ പക്കലുള്ള തെളിവ്. എനിക്ക് ക്യത്യമായ പേരുകൾ നൽകാനാവില്ല...പക്ഷേ കേന്ദ്ര ഏജൻസികൾക്ക് വിവരമുണ്ട്', ഗവർണർ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട്, യുഎപിഎ പ്രകാരം കേന്ദ്രർക്കാർ നിരോധിച്ച സംഘടനയാണ്. ആ സംഘടനയുമായി സംസ്ഥാന സർക്കാരിന് ബന്ധമുണ്ടെന്നാണ് ഗവർണർ ആരോപിക്കുന്നത്.

കഴിഞ്ഞ മാസം കൊല്ലത്ത് വച്ച് തനിക്ക് നേരേയുണ്ടായ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധവും താൻ വാഹനം നിർത്തി അവരെ വെല്ലുവിളിച്ചതും ആരിഫ് മുഹമ്മദ് ഖാൻ പരാമർശിച്ചു. 'അറസ്റ്റിലായ 15 പേരിൽ പകുതിയോളം പേർ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരാണെന്ന് സർക്കാർ ഏജൻസികൾക്കറിയാം. അത് പുതിയ കാര്യമൊന്നുമല്ല. പോപ്പുലർ ഫ്രണ്ടിനെ രാഷ്ട്രീയ നേതൃത്വം ഉപയോഗിക്കുന്നതായി നിയമസഭയിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ ജനങ്ങൾ ഇക്കാര്യം പൊതുവെ സംസാരിക്കാറുമുണ്ട്', ഗവർണർ എൻഡി ടിവിയോട് പറഞ്ഞു.

തനിക്കെതിരെയുള്ള എസ് എഫ് ഐ പ്രതിഷേധങ്ങൾക്ക് പിന്നിൽ സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം ആവർത്തിച്ചു. തനിക്കെതിരെയുള്ള പ്രതിഷേധങ്ങൾ എസ്എഫ്‌ഐ-പോപ്പുലർ ഫ്രണ്ട് സംയുക്ത നീക്കത്തിന്റെ ഭാഗമാണെന്ന് ചൊവ്വാഴ്ചയും ഗവർണർ പറഞ്ഞിരുന്നു. എസ്എഫ്‌ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ റിക്രൂട്ട് ചെയ്തിരിക്കുകയാണെന്നും പിണറായി വിജയൻ ഈ യുവാക്കളെ ബലിയാടുകൾ ആക്കുകയാണെന്നും ഗവർണർ ആരോപിച്ചിരുന്നു.