തിരുവനന്തപുരം: ജനതാദൾ സെക്യുലർ(ജെഡിഎസ്) എൻ.ഡി.എ മുന്നണിയുടെ ഭാഗമായതോടെ കേരളത്തിൽ രണ്ട് എംഎ‍ൽഎമാർ അടക്കം പാർട്ടി ആശയക്കുഴപ്പത്തിൽ. എന്നാൽ കേരള ഘടകത്തിന് സ്വതന്ത്ര തീരുമാനം എടുക്കാൻ ജെഡിഎസ് അസവരം നൽകും. ദേശീയ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാതെ പുതിയ പാർട്ടിയുണ്ടാക്കിയാലും കേരളത്തിലെ എംഎൽഎമാരെ അയോഗ്യരാക്കന്നതുൾപ്പെടെയുള്ള നടപടികൾ ദേശീയ നേതൃത്വം എടുക്കില്ല.

മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു.ടി തോമസുമാണ് ജെ.ഡി.എസിന്റെ പ്രതിനിധികളായി കേരള നിയമസഭയിലുള്ളത്. എച്ച്.ഡി കുമാരസ്വാമി ജെ.ഡി.എസിനെ ബിജെപി പാളയത്തിലെത്തിച്ച വാർത്ത പുറത്തുവന്നപ്പോൾ തന്നെ കേരളത്തിൽ ഇടതുമുന്നണിയിൽ തുടരുന്ന പാർട്ടിക്ക് അത് വലിയ തലവേദനയായി. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് നീക്കമെങ്കിൽ കൃഷ്ണൻകുട്ടിയും മാത്യു.ടി തോമസും രാജിവെക്കണമെന്ന് പാർട്ടിയുടെ എട്ട് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു. മാത്രമല്ല, കേരളത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളിൽ ഇതുപോലൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും നേതാക്കൾ പറയുന്നു.

ജെ.ഡി.എസിന്റെ സ്ഥാനാർത്ഥികളായി മത്സരിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും രണ്ട് എംഎ‍ൽഎമാർ മാറുകയാണെങ്കിൽ വിപ്പ് പ്രശ്നം വരുന്നില്ല. അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവർക്ക് പുതിയ പാർട്ടി രൂപീകരിക്കാനാവില്ല. ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ എൽ.ജെ. ഡി ആർ.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തിൽ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. എൽജെഡിയുമായുള്ള ലയനത്തിന് എന്നും അനുകൂലമായിരുന്നു കൃഷ്ണൻകുട്ടി. അത് നടന്നില്ല. ഈ സാഹചര്യത്തിലാണ് ആർജെഡിയിൽ എൽജെഡി ലയിക്കാൻ തീരുമാനിച്ചത്.

ജെഡിഎസ് നിതീഷ് കുമാർ യാദവിന്റെ പാർട്ടിയുമായി ലയിക്കണമെന്നാണ് മുതിർന്ന നേതാവ് നീലലോഹിതദാസൻ നാടാർ നിർദ്ദേശിച്ചത്. എന്നാൽ അടിക്കിടെ നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് പാർട്ടി നിലപാട്. അഖിലേഷ് യാദവിന്റെ എസ്‌പിയോടൊപ്പം പോകാനാണ് നിലവിൽ ജെ.ഡി.എസ് കേരളഘടകം ആലോചിക്കുന്നതെന്നാണ് സൂചന. നിതീഷ് കുമാർ ഇനിയും ബിജെപിയ്‌ക്കൊപ്പം കൂടുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. കേരളത്തിലെ എല്ലാ നേതാക്കളും ഒരുമിച്ച് നിൽക്കുമെന്നാണ് സൂചന.

നീലലോഹിത ദാസൻ നാടാരും ജോസ് തെറ്റയിലും എല്ലാം ബിജെപിയുമായി അടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജ.ഡി.എസ് കേരള ഘടത്തിന്റെ നീക്കം എന്തെന്ന് മനസിലാക്കിയ ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് സിപിഎമ്മിന്റെ നിലപാട്. പലയാവർത്തി പിളർന്ന പാർട്ടി സംസ്ഥാനത്ത് വളരെ ദുർബലമാണ്. കേരളത്തിൽ എൽ.ജെ.ഡിയുടെ ശക്തി പോലും ജെ.ഡി.എസിന് ഇല്ലെന്ന് വിലയിരുത്തുന്ന സിപിഎം നേതാക്കളുമുണ്ട്. മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു.ടി തോമസും സ്വീകരിക്കുന്ന നിലപാട് അനുസരിച്ചാകും പാർട്ടിയുടെ ഭാവി.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസ്-ബിജെപിയുമായി അടുത്തത്. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയാണ് സഖ്യ ചർച്ചയ്ക്ക് മുൻകൈ എടുത്തത്. ലോക്സഭയിൽ ഇരുപാർട്ടികളും സഖ്യമായി മത്സരിക്കും. കർണാടകയിൽ 28 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. എന്നാൽ, സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് ഇരുപാർട്ടി നേതാക്കളും അറിയിച്ചിരിക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാകയിൽ ബിജെപി വൻ വിജയം നേടിയിരുന്നു. 25 സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനായപ്പോൾ കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.

അതേസമയം, എൻഡിഎയിൽ ചേരാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം തള്ളി. എൻഡിഎയ്ക്കൊപ്പം കേരള ഘടകം പോകില്ല. അടുത്ത മാസം സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ടെന്നും അതിൽ തീരുമാനമെടുക്കുമെന്നും മാത്യു ടി.തോമസ് അറിയിച്ചു.