തിരുവനന്തപുരം:ബി.ജെ.പി. സംസ്ഥാന ഘടകവും ആര്‍.എസ്.എസും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി.യുടെ നിലവിലെ പ്രവര്‍ത്തനരീതിയിലും ഗ്രൂപ്പിസത്തിലും അര്‍.എസ്.എസ്. സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണെന്ന് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്ന കെ സുഭാഷിനെ ആര്‍ എസ് എസ് പിന്‍വലിച്ചതും ഇതുകൊണ്ടാണെന്ന് വിശദീകരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ അമര്‍ഷമാണ് ആര്‍ എസ് എസ് പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാന ബി.ജെ.പിക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനാണ് പൊടുന്നനെ സംഘടനാ സെക്രട്ടറിയെ പിന്‍വലിക്കുകയും പകരം ആരെയും തീരുമാനിക്കാതിരിക്കുകയും ചെയ്തതിലൂടെ ആര്‍.എസ്.എസ്. ശ്രമിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബി.െജ.പി. സംഘടനാ ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്ന് ആര്‍.എസ്.എസ്. പ്രചാരകനായ കെ. സുഭാഷിനെ ആര്‍.എസ്.എസ്. പൊടുന്നനെ പിന്‍വലിക്കാന്‍ ഇടയായതും വര്‍ധിച്ചുവരുന്ന ഈ അകല്‍ച്ചയുടെ പ്രതിഫലനമാണ്. ഗ്രൂപ്പ് താത്പര്യങ്ങള്‍ പിടിമുറുക്കിയ സംസ്ഥാന ഘടകത്തെ അതില്‍നിന്ന് മുക്തമാക്കാനുള്ള നീക്കങ്ങളിലായിരുന്നു കുറച്ചുകാലമായി കെ.സുഭാഷെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. സംസ്ഥാന ബി.ജെ.പി.യുടെ പ്രര്‍ത്തനരീതിയിലുള്ള അതൃപ്തി ദേശീയ നേതൃത്വത്തേയും ആര്‍.എസ്.എസ്. അറിയിച്ചതായാണ് സൂചന. തിരുവനന്തപുരത്ത് ബി.ജെ.പി. നേതൃസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പേള്‍ പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ആര്‍.എസ്.എസ്. നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരം വിഭാഗ് കാര്യലയത്തിലേക്ക് നദ്ദ എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.

കേരളത്തിലെ ബിജെപിയില്‍ ആര്‍.എസ്.എസിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു സുഭാഷിന്റെ നീക്കങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ മുന്നേറ്റമുണ്ടാക്കാനായതിലും സുഭാഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നു. വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നിരുന്ന നൂറുകണക്കിന് പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ പോയിക്കണ്ട് പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നു. സന്ദീപ് വാര്യര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയുമായി സഹകരിച്ചത് ഇത്തരം നീക്കത്തിലൂടെയാണ് ശോഭാ സുരേന്ദ്രനും മതിയായ അവസരം നല്‍കി. എന്നാല്‍ ബിജെപിയിലെ പ്രബലര്‍ക്ക് ഇതൊന്നും പിടിച്ചില്ല.

തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ ഗ്രൂപ്പുകളില്ലാത്ത സംഘപരിവാര്‍ ആശയ പ്രതിബദ്ധതയിലൂന്നിയ ഒരു നേതൃനിരയെ കൊണ്ടുവരും എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫലപ്രഖ്യാപനത്തിനുശേഷം ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടെങ്കിലും സംസ്ഥാനനേതൃത്വവും പ്രബലമായ ഗ്രൂപ്പുകളും ഇതിനോട് സഹകരിച്ചില്ല. ഇതോടെയാണ് സുഭാഷ് നേതൃത്വത്തില്‍ നിന്നും മാറാനുള്ള സന്നദ്ധത അറിയിച്ചത്. തൃശൂരിലെ വിജയത്തിലും മറ്റും സുഭാഷിന്റെ ഏകോപനം നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടായ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ഗ്രൂപ്പ് താത്പര്യങ്ങളില്ലാത്ത നേതാക്കളെ പ്രധാന സ്ഥാനങ്ങളില്‍ എത്തിച്ചുകൊണ്ട് നിലവില്‍ വോട്ട് ശതമാനത്തിലും മറ്റും ഉണ്ടാക്കിയ മേല്‍ക്കൈ നിലനിര്‍ത്തുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിലൂടെ സാധിച്ചു. സുഭാഷിനെ പിന്‍വലിച്ചതോടെ കേരളത്തില്‍ ആര്‍.എസ്.എസ്.-ബി.ജെ.പി.ഏകോപനത്തിന്റെ കണ്ണി നിലവില്‍ മുറിഞ്ഞിരിക്കുകയാണ്. തല്‍കാലം പകരം സംഘടനാ ജനറല്‍ സെക്രട്ടറിയെ ഉടന്‍ ആര്‍ എസ് എസ് നല്‍കില്ല.

ദേശീയ തലത്തില്‍ ബിജെപിയും ആര്‍ എസ് എസു തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിന് ധാരണയായിട്ടുണ്ട്. എങ്കിലും കേരളത്തിലെ നേതൃത്വങ്ങള്‍ തമ്മിലെ ഭിന്നതയില്‍ പരിഹാരം ഏറെ അകലെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.