- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും മന്ത്രി ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ലെന്ന് കെ എസ് യു; ശ്രീക്കുട്ടനെ റീകൗണ്ടിംഗിൽ കൃത്രിമം നടത്തി പരാജയപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് മന്ത്രിയെന്ന് ആരോപണം; ബിന്ദുവിന്റെ ഫോൺ രേഖ പരിശോധിക്കണമെന്ന് ആവശ്യം; കേരളവർമ്മയിൽ വിവാദം തുടരുമ്പോൾ
തൃശൂർ: കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്ന് കെഎസ്‌യു. മന്ത്രി ആർ ബിന്ദുവും കെ രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണൻ ആരോപിച്ചു. മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ലെന്നും കെഎസ്‌യു ആരോപിക്കുന്നു. മന്ത്രി കെ രാധാകൃഷ്ണനെതിരേയും കെ എസ് യു ആരോപണം ഉന്നയിക്കുന്നുണ്ട്.
ഗുരുതരമായ ആക്ഷേപമാണ് കെ എസ് യു ചർച്ചയാക്കുന്നത്. റിട്ടേണിങ് ഓഫീസറായ അദ്ധ്യാപകൻ എസ്എഫ്‌ഐക്ക് വേണ്ടി ഒത്താശ ചെയ്തു. ആർഷോ കാണിച്ച ടാബുലേഷൻ ഷീറ്റ് അവർ ഉണ്ടാക്കിയതാണ്. കോളേജ് അധികൃതർ യഥാർത്ഥ മാനുവൽ ടാബുലേഷൻ ഷീറ്റ് പുറത്ത് വിടണം. നാളെ മുതൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‌യു പ്രക്ഷോഭം ആരംഭിക്കും. മന്ത്രി ബിന്ദുവിനെ വഴിയിൽ തടയും. വീട്ടിലേക്ക് മാർച്ച് നടത്തും. കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്നും കെഎസ്‌യു പറഞ്ഞു.
വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. മന്ത്രി ആർ ബിന്ദു പെരുമാറുന്നത് തനി എസ്എഫ്‌ഐക്കാരുടെ നിലവാരത്തിലാണെന്ന് അലോഷ്യസ് സേവിയർ പറഞ്ഞു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള അലോഷ്യസിന്റെ നിരാഹാര സമരം തുടരുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്. തെരഞ്ഞെടുപ്പ് നടന്ന അന്നും മന്ത്രി ഫോണിൽ ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആരോപിക്കുന്നു.
കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ച എസ്.ശ്രീക്കുട്ടനെ റീകൗണ്ടിംഗിൽ കൃത്രിമം നടത്തി പരാജയപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് മന്ത്രി ആർ.ബിന്ദുവാണെന്ന് കെ.എസ്.യുവിന്റെ പരാതി. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ ഹർജിയും നല്കിയിട്ടുണ്ട്. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് താൻ ജയിച്ചെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും വോട്ടെണ്ണി വിജയം അട്ടിമറിച്ചതായി അഡ്വ. മാത്യു കുഴൽനാടൻ മുഖേന നല്കിയ ഹർജിയിൽ പറയുന്നു.
ഹർജി തിങ്കളാഴ്ച ജസ്റ്റിസ് ടി.ആർ. രവി പരിഗണിക്കും. രണ്ടാമതും വോട്ടെണ്ണി അർദ്ധരാത്രിക്കു ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. ഇടതുപക്ഷ അനുഭാവമുള്ള അദ്ധ്യാപകരിൽ ചിലരുടെ പിന്തുണയോടെയാണ് അട്ടിമറി. റീ കൗണ്ടിങ് വേളയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ആദ്യറൗണ്ടിൽ അസാധുവെന്നു കണ്ടെത്തിയ ഒരു ഡസനിലേറെ വോട്ടുകൾ റീകൗണ്ടിംഗിൽ ഉൾപ്പെടുത്തി. ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് വീണ്ടും വോട്ടെണ്ണിയത്. പ്രിൻസിപ്പലിന്റെ എതിർപ്പ് മറികടന്നായിരുന്നു ഇത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഫോൺകോൾ ലഭിച്ചതിനു പിന്നാലെ റിട്ടേണിങ് ഓഫീസർ വീണ്ടും വോട്ട് എണ്ണാൻ തീരുമാനിക്കുകയായിരുന്നെന്നും പറയുന്നു.
കെഎസ്‌യു സമരം ഏറ്റെടുക്കാൻ കോൺഗ്രസും നീക്കം തുടങ്ങി. മുതിർന്ന നേതാക്കളെ ഉൾപ്പെടെ സമരപ്പന്തലിൽ എത്തിച്ച വിഷയം സംസ്ഥാനതലത്തിൽ ചർച്ചയാക്കാൻ ആണ് കോൺഗ്രസ് പദ്ധതി. ഇതിന്റെ ഭാഗമായി കെ സി വേണുഗോപാൽ തൃശൂരിൽ എത്തും. യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചുവെന്നും വോട്ടെണ്ണലിൽ കൃത്രിമത്വം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെ എസ് യു സമർപ്പിച്ച ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. കോളേജിൽ നിന്ന് ബാലറ്റ് പെട്ടി രാവിലെ ട്രഷറിയിലേക്ക് മാറ്റി. കേരളവർമ്മ കോളേജിൽ റീ കൗണ്ടിങ് നിറുത്തിവയ്ക്കാൻ പ്രിൻസിപ്പൽ രേഖാമൂലം ആവശ്യപ്പെട്ടിരുന്നില്ലെന്ന് കോളേജ് മാനേജരും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ഡോ.എം.കെ.സുദർശൻ വ്യക്തമാക്കിയിരുന്നു.
ഫോണിലൂടെ പ്രിൻസിപ്പലുമായും റിട്ടേണിങ് ഓഫീസറുമായും സംസാരിച്ചു. രേഖാമൂലം ആവശ്യപ്പെടാതെ പ്രിൻസിപ്പൽ റീ കൗണ്ടിങ് നിറുത്തിവച്ചിരുന്നു. അത് നിയമപരമല്ലെന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചു. അപ്പോഴാണ് സർവകലാശാല ചട്ടങ്ങൾക്ക് അനുസൃതമായി നടപടികൾ പൂർത്തീകരിച്ച് കൗണ്ടിങ് തുടരാൻ നിർദ്ദേശിച്ചതെന്നാണ് വിശദീകരണം. വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ കോളേജിൽ അണിനിരന്ന് ഒപ്പുശേഖരണം നടത്തിയിരുന്നു.
വ്യാഴാഴ്ച രാത്രി പന്ത്രണ്ടിന് കോളേജിന് അടുത്തുള്ള പടിഞ്ഞാറെക്കോട്ട സെന്ററിൽ കെ.എസ്.യു - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ കെ.എസ്.യു ജില്ലാ കമ്മിറ്റി അംഗം കൈലാസ് പി.നായർക്ക് തലയ്ക്കടിയേറ്റിരുന്നു.




