തൃശൂർ : കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാനാണ് അട്ടിമറിക്കാൻ നിർദ്ദേശം നൽകിയതെന്നും രാത്രി വൈകിയും റീ കൗണ്ടിങ് നടത്തി എസ് എഫ് ഐ യെ വിജയിപ്പിച്ചത് ഉന്നത നിർദ്ദേശപ്രകാരമാണെന്നും കെ എസ് യു ആരോപിച്ചു. പ്രതിഷേധ സൂചകമായി കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് കെഎസ് യു മാർച്ച് നടത്തി. സിപിഎം നോമിനിയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ.

32 വർഷത്തിന് ശേഷം കേരളവർമ്മയിൽ ജനറൽ സീറ്റ് ലഭിച്ചത് കെഎസ് യു വലിയ രീതിയിൽ ആഘോഷിക്കുന്നതിനിടെയാണ് എസ് എഫ് ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും അർധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥി അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതും. എന്നാൽ അട്ടിമറിയുണ്ടായെന്നാണ് കെ എസ് യു ആരോപണം. അട്ടിമറി നടന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ആരോപിച്ചു. റീ കൗണ്ടിംഗിനിടെ രണ്ടു തവണ വൈദ്യുതി നിലച്ചിരുന്നു. ഇതിന് ശേഷമാണ് എസ് എഫ് ഐ വിജയമുണ്ടായതെന്നും ആരോപണമുണ്ട്.

ഈ വൈദ്യുതി ഓഫാകലിനു പിന്നിലും അട്ടിമറിയുണ്ടെന്നും ആരോപണമുണ്ട്. കാഴ്ച പരിമിതിയുള്ള വ്യക്തിയാണ് ശ്രീക്കുട്ടൻ. ശ്രീക്കുട്ടന്റെ മിന്നും വിജയത്തെ 'ഇരുട്ടിന്റെ മറവിൽ' എസ് എഫ് ഐ അട്ടിമറിച്ചുവെന്നാണ് ആക്ഷേപം. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. തുടർന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിങ്ങ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിങ്ങിലാണ് എസ്എഫ്‌ഐ വിജയിച്ചത്.

 കെഎസ്‌യു പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ റീകൗണ്ടിങ്ങ് ആവശ്യപ്പെട്ട് രംഗത്തു വന്നത്. പൊളിറ്റിക്കൽ സയൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ശ്രീക്കുട്ടൻ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയാണ്. ഇടതുപക്ഷ സംഘടന അദ്ധ്യാപകർ ഇടപെട്ട് റീകൗണ്ടിങ് അസാധുവാക്കിയെന്ന് കെഎസ്‌യു ആരോപിച്ചു. റീകൗണ്ടിങ്ങിനെതിരെ കോടതിയെ സമീപിക്കുമെന്നും കെഎസ്‌യു വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളവർമ്മയിൽ ശ്രീകുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു എസ്എഫ്‌ഐ. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അദ്ധ്യാപകരും.

എന്ത് കാരണത്താൽ കെഎസ്‌യുവിന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ എസ്എഫ്‌ഐ വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിങ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്‌ഐ ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കെഎസ്‌യുവിന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിങ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡിവൈഎഫ്‌ഐ നിലവാരമുള്ള മറ്റൊരു അദ്ധ്യാപകനും.

അദ്ധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സിപിഎമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ.ശ്രീകുട്ടന്റേയും കെ.എസ്.യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അദ്ധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്. കെഎസ്‌യു പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.