തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനാവും. രണ്ടാമതുള്ള അബിൻ വർക്കിയേക്കാൾ 53,398 വോട്ടുകൾ നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ പിൻഗാമിയാവാൻ യോഗ്യത നേടിയത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകൾ അടക്കം 13 പേർ മത്സരംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും തമ്മിലായിരുന്നു.

221986 വോട്ടുകളാണ് രാഹുൽ നേടിയത്. 168588 വോട്ടുകൾ നേടി അബിൻ വർക്കി രണ്ടാം സ്ഥാനത്തെത്തി. അരിത ബാബുവാണ് മൂന്നാം സ്ഥാനത്ത്. 31930 വോട്ടുകൾ തേടി. അബിൻ, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ 7,29,626 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ 2,16,462 വോട്ടുകൾ അസാധുവായി. തിരഞ്ഞെടുപ്പു നടന്നു രണ്ടുമാസങ്ങൾക്കു ശേഷമാണു ഫലം വരുന്നത്.

നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും. അഭിമുഖത്തിന് ശേഷമായിരിക്കും ഔദ്യോഗികമായി അധ്യക്ഷനെ പ്രഖ്യാപിക്കുക. നീണ്ട നാളത്തെ നടപടികൾക്കൊടുവിലാണ് യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മരണത്തേയും പുതുപ്പള്ളി തിരഞ്ഞെടുപ്പിനേയും തുടർന്ന് നടപടികൾ നിർത്തിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനെതിരെയുള്ള പരാതി കോടതി കയറിയതും നടപടികൾ വൈകാൻ കാരണമായിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലം വരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് എ - ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടായിരുന്നു മത്സരം. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയുമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റുമുട്ടിയതിൽ പ്രമുഖർ.

നീണ്ട ചർച്ചകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും ഒടുവിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയാക്കിയത്. ഐ ഗ്രൂപ്പ് നോമിനിയാണ് അബിൻ വർക്കി. 

രാഹുലിന് എതിരായി കെസി വേണുഗോപാൽ പക്ഷവും സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിരുന്നു. എന്നാൽ അവസാന നിമിഷം സ്ഥാനാർത്ഥിയെ പിൻവലിച്ച് കെസി പക്ഷം അബിൻ വർക്കിക്ക് പിന്തുണ നൽകുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബുവുൾപ്പടെ മൂന്നു വനിതകള അടക്കം 13 പേർ ആയിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. 

കോൺഗ്രസിന് വേണ്ടി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്ന രാഹുലിന് ഇത് മിന്നുന്ന വിജയമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ രാഹുലിന് വലിയ ഫേസ്‌ബുക്കിലടക്കം വലിയ പിന്തുണയുണ്ട്. പാർട്ടി പ്രതിസന്ധിയിൽ അകപ്പെടുമ്പോഴും രാഷ്ട്രീയ വിവാദങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസിന് വേണ്ടി സജീവ ഇടപെടൽ നടത്തിയിരുന്ന രാഹുൽ തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് മുൻ നിരയിലുണ്ടായിരുന്നു.

സംഘടനയെ കൂടുതൽ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുൽ പ്രതികരിച്ചു. വ്യക്തിപരമായ ഉത്തരവാദിത്തവും സംഘടനാബോധവും കൂട്ടുനിന്ന വിജയമാണിതെന്നും ഫലമറിയാൻ ഉമ്മൻ ചാണ്ടി ഇല്ലയെന്നത് സങ്കടമെന്നും വിജയത്തിനുപിന്നാലെ രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പു പോരാട്ടം നേതാക്കൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമാണ് രാഹുൽ. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയും എൻഎസ്‌യു ദേശീയ സെക്രട്ടറിയും ആയിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടി. എംജി യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി ചെയ്യുന്നു. പത്തനംതിട്ട അടൂർ സ്വദേശിയാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അബിൻ. എൻഎസ്‌യു ദേശീയ സെക്രട്ടറി ആയിരുന്നു. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിലും ലോ അക്കാദമിയിൽനിന്ന് നിയമത്തിലും ബിരുദം നേടി. എറണാകുളം കോലഞ്ചേരി സ്വദേശിയാണ്.