- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ് എഫ് ഐ ജയിപ്പിക്കാനുള്ള നാടകവേദിയിൽ തങ്ങൾക്ക് റോളില്ലെന്നറിഞ്ഞ കെ എസ് യുക്കാർ ബഹിഷ്ക്കരിച്ചു; കാഴ്ച പരിമിതിയെ തോൽപ്പിച്ച് ജയിച്ചിട്ടും ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയ രാഷ്ട്രീയം; കേരളവർമ്മയിലെ അട്ടിമറി പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് ചർച്ചയാക്കുമ്പോൾ
തൃശൂർ: തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ കെ എസ് യു സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ചു ജയിച്ച പാലക്കാട് മുണ്ടൂരുകാരൻ ശ്രീക്കുട്ടൻ, മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി. പക്ഷേ ജയിച്ചിട്ടും ശ്രീക്കുട്ടൻ തോറ്റു! ഇതിന് പിന്നിൽ രാഷ്ട്രീയ തീരുമാനമുണ്ടെന്ന് ആരോപിക്കുകായണ് പത്രപ്രവർത്തക യൂണിയന്റെ പ്രസിഡന്റ് കൂടിയായ വിനീതാ വിപി. വിനീതയുടെ കുറിപ്പ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കം പങ്കുവച്ചു. ഇതോടെ കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ കേരള വർമ്മ കോളേജിലെ ചെയർമാൻ വിജയവും വിവാദങ്ങളിലെത്തുകായണ്.
തൃശ്ശൂർ കേരള വർമ കോളേജിൽ തങ്ങളുടെ ചെയർമാൻ സ്ഥാനാർത്ഥി വിജയിച്ചുവെന്ന് കെ.എസ്.യു. അവകാശപ്പെട്ടിരുന്നു. കെ.എസ്.യു. സ്ഥാനാർത്ഥിയായ ശ്രീക്കുട്ടൻ ശിവദാസൻ ആദ്യവട്ട വോട്ടെണ്ണലിൽ ഒരുവോട്ടിന് വിജയിച്ചിരുന്നു. എന്നാൽ, റിക്കൗണ്ടിങ് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. രംഗത്തെത്തി. ഈ റീകൗണ്ടിംഗിലാണ് ശ്രീക്കുട്ടൻ തോറ്റത്. കാഴ്ച പരിമിതിയുള്ള മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥിയായ ശ്രീക്കുട്ടൻ. 38 വർഷം തുടർച്ചയായി ഇവിടെ എസ്.എഫ്.ഐ. സ്ഥാനാർത്ഥിയാണ് ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചുവരുന്നത്. അത് റീ കൗണ്ടിംഗിലൂടെ ഉറപ്പിക്കുകയായിരുന്നു ചിലരെന്നാണ് ആരോപണം.
പാലക്കാട് മുണ്ടൂർ സ്വദേശിയാണ് ശ്രീക്കുട്ടൻ. സുപ്രിയ- ശിവദാസൻ ദമ്പതിമാരുടെ മകനാണ്. ശ്രീക്കുട്ടന് അഭിനന്ദനവുമായി കെപിസിസി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് അട്ടിമറിയും റീ കൗണ്ടിങ് തോൽവിയും സംഭവിച്ചത്.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വനീതയുടെ കുറിപ്പ് ചുവടെ
ഈ ചിത്രങ്ങളിൽ കാണുന്ന കസേരയിൽ ഇരിക്കുന്നത് എസ് ശ്രീക്കുട്ടൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കലാലയങ്ങളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നപ്പോൾ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ കെ എസ് യു സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ചു ജയിച്ച പാലക്കാട് മുണ്ടൂരുകാരൻ ശ്രീക്കുട്ടൻ, മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി.
ഫോട്ടോയിൽ കാണാം ശ്രീക്കുട്ടൻ കരയുന്നത്. 895 വോട്ടിനു മേൽ 896 വോട്ട് നേടിയുള്ള തന്റെ ജയമറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയാതെ കരയുകയാണ്. അവിടെ അവനെ ആശ്വസിപ്പിക്കുന്നത് സഹപാഠികളാണ്. നീ ചിരിക്കെടാ ശ്രീക്കുട്ടാ നമ്മൾ ജയിച്ചു നീ അവരെ തോൽപ്പിച്ചു എന്നാണ് ശ്രീക്കുട്ടനോടാവർ പറയുന്നത്. ഹൃദയം കൊണ്ട് പറയുന്ന വാക്കുകൾക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
നിങ്ങൾ കെ എസ് യു ആണോ എന്ന എന്റെ ചോദ്യത്തിന് അല്ല എന്നുത്തരം. പിന്നെന്താ ഇത്ര സന്തോഷമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ഇത് ഞങ്ങൾ എസ് എഫ് ഐയെ തോൽപ്പിച്ചതാണ്, അവരുടെ ധാർഷ്ട്യത്തിന് കൊടുത്ത മറുപടിയാണ്. കോളേജ് യൂണിയൻ പ്രവർത്തനം നടത്തുന്നതിന് പകരം എസ് എഫ് ഐ ജില്ലാ കമ്മിറ്റിയാകാൻ പോയാൽ ഇതാണ് മറുപടി, വന്ന ആദ്യ വർഷം ഞങ്ങളും ഇവരെ വിശ്വസിച്ചു, പിന്നെ സത്യം മനസിലായി. ഇനി ശ്രീക്കുട്ടനിലൂടെ ഞങ്ങൾ കാണിച്ചുകൊടുക്കും എന്താണ് ജനാധിപത്യമെന്നും സഹിഷ്ണുതയെന്നും.
പറഞ്ഞു തീർന്നില്ല എസ് എഫ് ഐ ആവശ്യപ്രകാരം റീകൗണ്ടിങ്. ഒരു വോട്ടിനു ജയിക്കുമ്പോൾ ഉയരുന്ന ന്യായമായ ചോദ്യം. റീകൗണ്ടിങ് തുടങ്ങിയ ശേഷമാണ് ന്യായം അന്യായത്തിലേക്ക് കടക്കുന്നത്. എണ്ണിതോൽപ്പിക്കാനൊരു റീകൗണ്ടിങ്. ഏസ് എഫ് ഐ ഉന്നയിക്കുന്ന വോട്ടുകൾ വളരെ എളുപ്പത്തിൽ റിട്ടേർണിങ് ഓഫീസർ അസാധുവാക്കുന്നു, ആ വോട്ട് ശ്രീക്കുട്ടനുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതെ സ്വാഭാവത്തിലുള്ള കെ എസ് യു ചൂണ്ടിക്കാണിക്കുന്ന എസ് എഫ് ഐ വോട്ടുകൾ അപ്പോഴും സാധുവായി തുടരുകയാണ്.
അങ്ങേയറ്റത്തെ ജനാധിപത്യ വിരുദ്ധതയെ ചോദ്യം ചെയ്യാൻ കൗണ്ടിങ് സ്റ്റേഷനിൽ കുറച്ചു പേരെങ്കിലും അവിടെ ഉണ്ടായി എന്നത് സർവ്വാധിപതികൾ വാഴുന്നിടത്തെ പ്രതീക്ഷയാണ്. സ്ഥാനാർത്ഥിയുടെയും കൗണ്ടിങ് ഏജന്റിന്റേയും പരാതികൾക്കും നീതിയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള അദ്ധ്യാപകരുടെ ഇടപെടലിന്റേയും തുടർച്ചയായി രണ്ട് മണിക്കൂറിന്റെ അനിശ്ചിതത്വത്തിനൊടുവിൽ റി കൗണ്ടിങ് അടുത്ത ദിവസത്തേയ്ക്ക് നിർത്തിവെയ്ക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവേ കോളേജ് പ്രിൻസിപ്പലിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഫോൺ നിർദ്ദേശം: റീ കൗണ്ടിങ് തുടരണം.റിട്ടേണിങ് ഓഫീസർ സർവ്വാധികാരി.
റിട്ടേണിങ് ഓഫീസർ സർവ്വാധികാരിയാവട്ടെ പ്രസിഡന്റെ അയാൾക്ക് നീതിമാനാകുന്നതിൽ എന്താണ് തടസം. രാത്രി പത്തിന് ശേഷം കൗണ്ടിങ് ഏകപക്ഷീയമായി പുനരാരംഭിക്കുന്നു. എസ് എഫ് ഐ ജയിപ്പിക്കാനുള്ള നാടകവേദിയിൽ തങ്ങൾക്ക് റോളില്ലെന്നറിഞ്ഞ കെ.എസ്.യുക്കാർ ബഹിഷ്‌ക്കരിക്കുന്നു. ഇതിലും വലിയ സുവർണ്ണാവസരം മറ്റെന്ത്. ജയിപ്പിക്കേണ്ടയാളെ ജയിപ്പിക്കുന്നു. അതായത് കേരളവർമ്മയിലെ വിദ്യാർത്ഥികൾ ചെയ്ത വോട്ടിനേക്കാൾ ശക്തിയുണ്ട് എസ് എഫ് ഐയെ ജയിപ്പിക്കുകയെന്ന ദൗത്യം ഏറ്റെടുത്തവർക്കെന്ന്.
ഇനിയും തീരുമാനം കേരളവർമ്മയിലെ വിദ്യാർത്ഥികൾക്ക് വിടുന്നു. ജനാധിപത്യത്തെ, ഒരു ക്യാമ്പസിലെ വിദ്യാർത്ഥികളുടെ അവർ വിനിയോഗിച്ച വോട്ടവകാശത്തെ കശാപ്പ് ചെയ്തവരെ എന്ത് ചെയ്യണം. പൂർണ്ണമായും കാഴ്‌ച്ചപരിമിതിയുള്ള ശ്രീക്കുട്ടനെ എണ്ണിത്തോൽപ്പിച്ച് നിങ്ങളിതെങ്ങോട്ടാണ് സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നെഴുതിയ വെള്ളക്കൊടിയുമായി പോകുന്നത് . കേരളത്തിലെ കലാലയങ്ങളിൽ ജനാധിപത്യം അതിന്റെ സ്‌പേസ് വീണ്ടെടുക്കുന്നതും അത് എന്തുകൊണ്ടാണെന്നും മനസിലാകുന്നില്ലേ നിങ്ങൾക്ക്.




