- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്തു പൊതുദർശനത്തിനു വയ്ക്കണമെന്നു കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി ഭാര്യ വിനോദിനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത് സിപിഎമ്മിന് തലവേദനയാകും. ഈ വിഷയത്തിൽ നേതാക്കൾ ആരും പ്രതികരിക്കില്ല. ഈ നിർദ്ദേശം സിപിഎം നേതാക്കൾക്കെല്ലാം നൽകിയിട്ടുണ്ട്. പാർട്ടിയെ വെട്ടിലാക്കാനാണ് ഈ പ്രസ്താവനയെന്ന വിലയിരുത്തൽ സജീവമാണ്.
കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്തുകൊണ്ടു വരാത്തതിന് പിന്നിൽ ചില ഗൂഢാലോചനയുണ്ടായിരുന്നുവെന്ന വാദം സജീവമായിരുന്നു. ഇതിനെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സിപിഎം തള്ളിയിരുന്നു. ഇതാണ് കോടിയേരിയുടെ ഭാര്യയുടെ പ്രസ്താവന വീണ്ടും വിവാദത്തിലാക്കുന്നത്. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു. അച്ഛന്റെ ആഗഹവും അതായിരുന്നെന്ന് അവർ പറഞ്ഞതാണ് : വിനോദിനി പറഞ്ഞു. അതായത് കോടിയേരിയുടെ അന്ത്യാഭിലാഷത്തെ സിപിഎം നേതൃത്വം അവഗണിച്ചുവെന്ന് സാരം.
കോടിയേരിയുടെ വേർപാടിന്റെ ഒന്നാം വാർഷിക വേളയിലാണ് വിനോദിനിയുടെ ഈ തുറന്നു പറച്ചിൽ. സിപിഎം സംസ്ഥാന സെക്രട്ടറിയായും മന്ത്രിയായും കോടിയേരി നിറഞ്ഞു നിന്ന തലസ്ഥാനത്ത് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനുള്ള അവസരം ഒരുക്കാത്തത് പാർട്ടിയിൽ ചർച്ചയായിരുന്നു. ഇതിന് എല്ലാം ആലോചിച്ച് എടുത്ത തീരുമാനം എന്നായിരുന്നു എംവി ഗോവിന്ദൻ അടക്കമുള്ളവരുടെ പരസ്യ നിലപാട്. കുടുംബത്തെ വിശ്വാസത്തിലെടുത്തു തന്നെയാണ് ആ തീരുമാനം എടുത്തതെന്ന സിപിഎമ്മിന്റെ വിശദീകരണമാണ് വിനോദിനി നിരാകരിച്ചത്.
''എനിക്കും ഉണ്ടല്ലോ, ആ വിഷമം. ആരോടു പറയാൻ കഴിയും? അന്ന് ഞാൻ ഓർമയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോൾ, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്തുകൊണ്ടുപോയില്ല. നടന്നില്ല, ഇനി സാരമില്ല, അതു കഴിഞ്ഞു. അതിന്റെ പേരിൽ പുതിയ വിവാദം വേണ്ട''- വിനോദിനി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കാതെ സംസ്‌കാര ചടങ്ങുകൾ നടത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളുണ്ടെന്ന റിപ്പോർട്ടുകൾക്ക് മറുപടിയുമായി സിപിഎം നേരത്തെ രംഗത്തു വന്നിരുന്നു. ദീർഘമായ യാത്ര ഒഴിവാക്കണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചെന്നൈയിൽ നിന്നു നേരെ തലശ്ശേരിയിലേക്കും പിന്നീടു കണ്ണൂരിലേക്കും കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിശദീകരിച്ചിരുന്നു.
മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആയിരുന്ന കോടിയേരിക്കു തലസ്ഥാനത്ത് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം ഇല്ലാതെ പോയതു പല കോണുകളിൽ നിന്നും വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് അക്കാര്യം നേരിട്ടു പറയാതെ സംസ്ഥാന സെക്രട്ടേറിയറ്റ് ഇങ്ങനെ വിശദീകരിച്ചത്. സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ഇക്കാര്യം തലസ്ഥാനത്തെ അനുസ്മരണ സമ്മേളനത്തിലും വിശദീകരിച്ചിരുന്നു. അരനൂറ്റാണ്ടു കാലം കോടിയേരിയുടെ കർമ മണ്ഡലം തന്നെയായി മാറിയ തിരുവനന്തപുരത്തെ എകെജി സെന്ററിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് എത്തിക്കാതിരുന്നതു പാർട്ടിക്കാരെയും അദ്ഭുതപ്പെടുത്തിയിരുന്നു.
ദീർഘനാളത്തെ രോഗാവസ്ഥ കോടിയേരിയുടെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു എന്നും അതുകൊണ്ടാണു മരണശേഷം ദീർഘയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതെന്നും പാർട്ടി അറിയിച്ചു. ഏറ്റവും വിദഗ്ധമായ ചികിത്സ അദ്ദേഹത്തിനു ലഭ്യമാക്കാനാണു പരിശ്രമിച്ചത്. തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകുകയും ചെയ്തു. അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ് തലശ്ശേരിയിലേക്കും, കണ്ണൂരിലേക്കും ഉണ്ടായത്. ക്രമീകരണങ്ങളോടു തികഞ്ഞ അച്ചടക്കത്തോടെ ജനങ്ങൾ സഹകരിച്ചതും ആ ആദരവിന്റെ ദൃഢതയാണു വ്യക്തമാക്കുന്നത്. വലിയ നഷ്ടമാണു പാർട്ടിക്ക് ഉണ്ടായത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ അതിനെ മറികടക്കാൻ ശ്രമിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു.
മുതിർന്ന പാർട്ടി നേതാക്കളുടെ മൃതദേഹം പാർട്ടിയുടെ സംസ്ഥാന ഓഫീസായ എകെജി സെന്ററിൽ പൊതു ദർശനത്തിന് വെയ്ക്കുന്ന പതിവുള്ളതാണ്. എന്നാൽ കോടിയേരിയുടെ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച് അവിടെ പൊതുദർശനത്തിന് വെച്ച് സംസ്‌കരിക്കുകയായിരുന്നു. അർബുദത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കേ 2022 ഒക്ടോബർ ഒന്നിനാണ് കോടിയേരി ബാലകൃഷ്ണൻ മരിക്കുന്നത്. ഇതോടെ പാർട്ടിയിലെ മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായതിനാൽ പത്തു ദിവസത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര മാറ്റിവെച്ച് അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കുകയായിരുന്നു.
പൊതുവേ സംസ്ഥാനത്തെ മുതിർന്ന നേതാവിന്റെ എകെജി സെന്ററിലെത്തിച്ച് അന്തിമ അഭിവാദ്യം നൽകുന്ന പതിവുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് രണ്ട് വട്ടം സംസ്ഥാന സെക്രട്ടറിയായ ഉന്നത നേതാവിന്റെ സംസ്‌കാരചടങ്ങുകൾ നടത്തിയത്. ചെന്നൈയിൽ നിന്നും എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച് എം വി ഗോവിന്ദൻ വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങുകയായിരുന്നു. എകെജി സെന്ററിലെത്തിച്ച് പൊതുദർശനത്തിന് വെക്കുമെന്ന് കരുതിയ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക് എത്തിക്കുകയുായിരുന്നു.
കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാത്തതിൽ പാർട്ടിക്കുള്ളിൽ എതിർപ്പും ഉടലെടുത്തു. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം പിന്നേയും നീട്ടിവെയ്ക്കാൻ വിസമ്മതിച്ചതാണ് സംസ്‌കാര ചടങ്ങുകൾ വേഗത്തിലാക്കാനുള്ള കാരണമെന്നായിരുന്നു ഉയർന്ന ആരോപണം. സംസ്‌കാരത്തിന് ശേഷം അടുത്ത ദിവസം തന്നെ പിണറായി വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു.




