- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേബിയുടെ പ്രതികരണം 'ഏറ്റവും മെച്ചപ്പെട്ട ചർച്ച' എന്നും
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎമ്മിൽ ദുർബ്ബലമാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിലുള്ളത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയോ? പിണറായിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ അതിശക്തമായ വിർശനമാണ് ജില്ലാ കമ്മറ്റി വിലയിരുത്തൽ യോഗത്തിലെത്തുന്നത്. കൊല്ലം ജില്ലയിലെ വിമർശനങ്ങൾ എല്ലാ പരിധിയും വിട്ടതായിരുന്നു. ബാക്കി ജില്ലകളിൽ തിരുത്തലാണ് ആവശ്യപ്പെട്ടത്. എന്നാൽ കൊല്ലത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും നിർദ്ദേശമെത്തി. ഇവിടെ യോഗത്തെ നിയന്ത്രിച്ചത് എംഎ ബേബിയാണ്.
'ഏറ്റവും മെച്ചപ്പെട്ട ചർച്ച' എന്ന വിശേഷത്തോടെയാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മറുപടി പ്രസംഗം ആരംഭിച്ചത്. അടിമുതൽ മുടിവരെ തിരുത്തൽ പ്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ബേബി പറഞ്ഞു. പിണറായി വിജയനെതിരെ നടന്ന വിമർശനങ്ങളെ ബേബി ഫലത്തിൽ അംഗീകരിക്കുകയായിരുന്നു. പാർട്ടിക്കുള്ളിൽ ഇത്തരം ചർച്ചകൾ അനിവാര്യമാണെന്നും പറയാതെ പറയുകയാണ് ബേബി. അതിനിടെ ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമിൽ മന്ത്രിയാക്കേണ്ടെന്നു തീരുമാനിച്ചതിനു പിന്നിൽ മുഖ്യമന്ത്രിക്കു രഹസ്യ അജൻഡ ഉണ്ടായിരുന്നെന്നും ആരോപണം ഉയർന്നു. എല്ലാ അർത്ഥത്തിലും ബേബിയെ മുന്നിലിരുത്തി പിണറായിയെ കടന്നാക്രമിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം കൊല്ലത്ത് ചെയ്തത്.
രണ്ടു തവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്ന തീരുമാനവും നിഗൂഢമാണ്. ഇതൊന്നും ചോദ്യം ചെയ്യാൻ ഈ പാർട്ടിയിൽ ആരുമില്ലേയെന്നു ചോദിച്ച അംഗങ്ങൾ കേന്ദ്ര കമ്മിറ്റിക്കു പോലും സംസ്ഥാനത്തെ പാർട്ടിയിലും ഭരണത്തിലും നിയന്ത്രണമില്ലെന്നും തുറന്നടിച്ചു. പാർട്ടിയും ഭരണവും കണ്ണൂർ ലോബി പിടിച്ചെടുത്തുവെന്ന വിമർശനവുമുണ്ടായി. 'മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും വിവിധ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുമെല്ലാം കണ്ണൂരിൽനിന്നാണ്. തുടർഭരണം കിട്ടിയതോടെ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റേതായെന്ന അതിരൂക്ഷ വിമർശനമാണ് കൊല്ലത്ത് ഉയർന്നത്. ഈ വിമർശനങ്ങളെ പ്രതിരോധിക്കാൻ ബേബിയും തയ്യാറായില്ല.
മൈക്ക് ഓപ്പറേറ്ററോടു മാത്രമല്ല, ചടങ്ങിന്റെ അവതാരകയോടുപോലും മുഖ്യമന്ത്രി തട്ടിക്കയറുന്നു. ഇടതുപക്ഷ സഹയാത്രികനായ ഗീവർഗീസ് മാർ കൂറിലോസ് ചെറിയൊരു വിമർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചത് അങ്ങേയറ്റം ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഭാഷയിലാണ്. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെപ്പോലെ കഴിവുള്ള മന്ത്രിമാരാരും ഇപ്പോഴത്തെ സർക്കാരിൽ ഇല്ല. മുഖ്യമന്ത്രി മാത്രം തുടർന്നപ്പോൾ ധനവകുപ്പിൽ ടി.എം.തോമസ് ഐസക്കിനെയെങ്കിലും നിലനിർത്തണമായിരുന്നു. ആർ.ബിന്ദുവിന്റെ മന്ത്രിസ്ഥാനം ബന്ധുനിയമനമായിരുന്നുവെന്നും വിശദീകരണമെത്തി. സാധാരണ യോഗത്തിലെ പ്രധാന നേതാവ് ഇത്തരം പരാമാര്ശത്തെ തള്ളി പറയുകയാണ് പതിവ്. എന്നാൽ ബേബി അതിന് മുതിർന്നില്ല.
ലോക്‌നാഥ് ബെഹ്‌റയെപ്പോലുള്ള ഉദ്യോഗസ്ഥരെ നിലനിർത്തുന്നത് ആരുടെ താൽപര്യമാണ്? സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ, ഇ.പി.ജയരാജൻ തുടങ്ങിയവർക്കെതിരെയും രൂക്ഷവിമർശനം ഉയർന്നു. കണ്ണൂർ ലോബിയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യമാണ് കൊല്ലത്തുയർന്നത്. ഈ ചർച്ചകളിലെ വികാരം ബേബി സിപിഎം പോളിറ്റ് ബ്യൂറോയിൽ അടക്കം ഉയർത്താൻ സാധ്യതയുണ്ട്. സിപിഎമ്മിൽ തിരുത്തലിന്റെ ഭാഗമായി നേതൃമാറ്റം അനിവാര്യമാണെന്ന ചിന്തയാണ് കൊല്ലത്തുള്ളതെന്ന് വ്യക്തം.
എന്നാൽ ആരാകണം ആ പകരക്കാരൻ എന്ന് കൊല്ലം ജില്ലാക്കാർ പറയുന്നുമില്ല. സിപിഎം സംസ്ഥാന സമിതിയിൽ കെകെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന പരാമര്ശം പി ജയരാജന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.