- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കോൺഗ്രസിലെ തർക്കം പരസ്യമായതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകാമെന്ന ധാരണയിലാണ് യുഡിഎഫ് തീരുമാനം. എന്നാൽ, കേരളാ കോൺഗ്രസ് ശക്തനായ സ്ഥാനാർത്ഥിയെ നിർത്തണം എന്നതാണ് കോൺഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്ന ആവശ്യം. അതേസമയം സീറ്റ് ലഭിക്കുമെന്ന അവസ്ഥ വന്നതോടെ കേരളാ കോൺഗ്രസിനുള്ളിൽ സീറ്റിനായുള്ള പിടിവലികൾ തുടങ്ങിയിട്ടുണ്ട്. ഇത് തർക്കമായി മാറിയതോടെ കോൺഗ്രസിന് അതൃപ്തി ശക്തമാണ്.
ഇത്തരം ചർച്ചകൾ വിജയ സാധ്യത കുറക്കുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സീറ്റിനുവേണ്ടി അവകാശവാദവുമായി കേരള കോൺഗ്രസിലെ നേതാക്കൾ എത്തിയിരുന്നു. എന്നാൽ വിജയസാധ്യതയുള്ള സീറ്റിലെ ഇത്തരം ചർച്ചകൾ തിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ആരാണ് സ്ഥാനാർത്ഥി എന്നല്ല വിജയസാധ്യതയെന്നതാണ് പ്രധാനം. ഇത്തരത്തിൽ തർക്കങ്ങൾ ഉണ്ടാകരുതെന്ന് കേരള കോൺഗ്രസിനോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം സീറ്റ് വേണമെന്ന് യുഡിഎഫിൽ ആവശ്യപ്പെട്ടതിന് പിന്നലെ തന്നെ സ്ഥാനാർത്ഥി ചർച്ചകളും കേരള കോൺഗ്രസിൽ തുടങ്ങിയിരുന്നു. ഫ്രാൻസിസ് ജോർജ്, പിസി തോമസ് എന്നിവരെ കൂടാതെ പി ജെ ജോസഫിന്റെ മകൻ അപു കെ ജോസഫും ചർച്ചകളിലുണ്ട്.
കഴിഞ്ഞതവണ പി.ജെ. ജോസഫുകൂടി ഉൾപ്പെട്ട കേരള കോൺഗ്രസ് (എം.) മത്സരിച്ച മണ്ഡലമാണ് കോട്ടയം. പിന്നീട് ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എം. മുന്നണിവിട്ടു. അവരിപ്പോൾ എൽ.ഡി.എഫിന്റെ ഭാഗമാണ്. കഴിഞ്ഞതവണ നൽകിയ അതേ പരിഗണനയോടെ കോട്ടയം സീറ്റ് ഇത്തവണ പി.ജെ. ജോസഫ് വിഭാഗത്തിന് നൽകണമെന്നാണ് ആവശ്യം. കോട്ടയം വിട്ടുനൽകാമെന്ന ആലോചന കോൺഗ്രസിലുണ്ട്. 29 ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ സ്ഥാനാർത്ഥി ആരെന്ന കാര്യം വ്യക്തമാക്കിയാലേ സീറ്റ് ജോസഫ് ഗ്രൂപ്പിന് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.
കേരളത്തിൽ ആദ്യം ജയിക്കുന്ന സീറ്റായിട്ടാണ് കോട്ടയത്തെ യുഡിഎഫ് വിലയിരുത്തുന്നത്. ജോസഫ് ഗ്രൂപ്പിന് തന്നെ സീറ്റ് നൽകാനും കോൺഗ്രസ് നേതൃതലത്തിൽ ധാരണയായിട്ടുണ്ട്. എന്നാൽ സീറ്റിനായി ജോസഫ് ഗ്രൂപ്പ് നേതാക്കൾക്കിടയിൽ നടക്കുന്ന ചക്കളത്തിപ്പോരിപ്പോൾ കോൺഗ്രസിനെയും പേടിപ്പിക്കുകയാണ്. ജോസഫ് ഗ്രൂപ്പുകാർ പരസ്പരം പാലം വലിച്ചാൽ പണി പാളുമെന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ട്. ആശങ്ക അടുത്ത ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ അറിയിക്കും. സീറ്റ് തരാം പക്ഷേ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ നേരത്തെ വ്യക്തത വരുത്തണമെന്ന നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ഫ്രാൻസിസ് ജോർജ് മൽസരിക്കുന്നതാകും നല്ലതെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാക്കളിൽ മിക്കവർക്കും. എന്നാൽ സീറ്റിനായി കെ. എം. മാണിയുടെ മരുമകൻ എം പി. ജോസഫും സജി മഞ്ഞക്കടമ്പിലും പല വഴികളിൽ നടത്തുന്ന സമ്മർദ്ദം കോൺഗ്രസ് നേതാക്കളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഉൾപ്പാർട്ടി പ്രശ്‌നങ്ങളുടെ പേരിൽ ഫ്രാൻസിസ് ജോർജ് ഒഴിവാക്കപ്പെട്ടാൽ എംഎൽഎയായ മോൻസ് ജോസഫ് തന്നെ ഇറങ്ങണമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ടു വയ്ക്കുമെന്ന ആശങ്കയും ജോസഫ് ഗ്രൂപ്പിനുണ്ട്. ഒത്തുതീർപ്പു സ്ഥാനാർത്ഥിയായി പി. ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫോ മുൻ എം എൽ എ തോമസ് ഉണ്ണിയാടനോ വരാനുള്ള സാധ്യതകളും ഉരുത്തിരിയുന്നുണ്ട്.