- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസിയുടെ 'സമരാഗ്നി'ക്ക് ഇന്ന് കാസർകോട് തുടക്കം
തിരുവനന്തപുരം: കെപിസിസി.യുടെ 'സമരാഗ്‌നി' ജനകീയപ്രക്ഷോഭയാത്ര വെള്ളിയാഴ്ച കാസർകോട്ടുനിന്ന് തുടങ്ങും. കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന യാത്രയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ സംഘടിപ്പിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന രാഷ്ട്രീയ യാത്രയാകും 'സമരാഗ്നി'. വെള്ളിയാഴ്ച വൈകുന്നേരം നാലിന് കാസർകോട് മുനിസിപ്പൽ മൈതാനത്ത് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഉദ്ഘാടനംചെയ്യും.
കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈൻ ഡ്രൈവിലും തൃശ്ശൂർ തേക്കിൻകാട് മൈതാനത്തും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങളുണ്ട്. 15 ലക്ഷം പ്രവർത്തകരാണ് സമരാഗ്‌നിയുടെ ഭാഗമാകുകയെന്ന് കോൺഗ്രസ് പറയുന്നു. കെപിസിസി.യുടെ 'സമരാഗ്നി' ജനകീയ പ്രക്ഷോഭയാത്രയിൽ പ്രതിദിനജനകീയ സദസ്സും സഞ്ചരിക്കുന്ന പുസ്തകശാലയും ഉണ്ടാകും. എല്ലാദിവസവും രാവിലെ കെപിസിസി. പ്രസിഡന്റും പ്രതിപക്ഷനേതാവും രാവിലെ 10 മുതൽ 12 വരെ സാധാരണക്കാരുമായി കൂടിക്കാഴ്ചനടത്തി അവരുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യും. താഴേ തട്ടിലുള്ളവരാകും ചർച്ചയ്ക്ക് എത്തുക. നവകേരള സദസിൽ പണമുള്ളവരാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത് എന്ന ആക്ഷേപം കോൺഗ്രസ് ഉയർത്തി. ഈ സാഹചര്യത്തിലാണ് സാധാരണക്കാരുമായുള്ള ചർച്ച.
കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ, സ്ത്രീകൾ, ജനകീയസമരങ്ങളിൽ പങ്കെടുത്തവർ, കലാസാഹിത്യരംഗത്തെ പ്രമുഖർ, പൊലീസിന്റെയും മാഫിയകളുടെയും അക്രമത്തിനിരയായവർ, ദുരിതമനുഭവിക്കുന്ന പ്രവാസികൾ, ലൈഫ് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതിയിൽനിന്ന് തഴയപ്പെട്ടവർ, സാമൂഹികക്ഷേമ പെൻഷൻ കിട്ടാത്തവർ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളുമായി സംവദിക്കാനും പരാതികൾ കേൾക്കാനുമാണ് തീരുമാനം. പ്രധാന ജില്ലകളിൽ ഒന്നിലധികം പൊതുസമ്മേളനങ്ങളുണ്ടാകും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ മൂന്നുവീതവും കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ രണ്ടുവീതവും കാസർകോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
സമാപനസമ്മേളനത്തിൽ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ, പ്രിയങ്കാ ഗാന്ധിയെയോ പങ്കെടുപ്പിക്കാനാണ് ആലോചന. എല്ലാ പരിപാടികളും ഗ്രീൻ പ്രോട്ടക്കോൾ പാലിച്ചായിരിക്കും നടക്കുക. അതിനായി സേവാദളിന്റെയും പോഷക സംഘടനകളുടെയും വൊളന്റിയർമാരെ പ്രത്യേകമായി നിയോഗിക്കും. പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സഞ്ചരിക്കുന്ന പുസ്തകശാല സമരാഗ്നി ജാഥയ്‌ക്കൊപ്പം ഉണ്ടാകും. നാളെ രാവിലെ 10ന് നഗരസഭാ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ജനകീയ ചർച്ചാസദസ്സിൽ, ദുരിതമനുഭവിക്കുന്നവരുമായി നേതാക്കൾ സംവദിക്കും. ഉച്ചയ്ക്ക് 12നു കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത വാർത്താ സമ്മേളനം. സമരാഗ്‌നി ജാഥ 29നു തിരുവനന്തപുരത്തു സമാപിക്കും.
എൽ.ഡി.എഫിന്റെ നവ കേരളസദസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സമൂഹത്തിലെ പ്രമുഖരെ നേരിൽകണ്ടാണ് പ്രശ്‌നങ്ങൾ ചർച്ചചെയ്തതെങ്കിൽ കോൺഗ്രസ് സാധാരണക്കാരെ കേൾക്കാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുമാണ് ജനകീയ ചർച്ചാസദസ്സ് സംഘടിപ്പിക്കുന്നത്.