- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിലെ വാർത്താ സമ്മേളനം അപ്രത്യക്ഷമാകുമ്പോൾ
പത്തനംതിട്ട: കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കിയതിന് കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്. കെ സുധാകരൻ ആലപ്പുഴയിൽ നടത്തിയ അസഭ്യ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് വാർത്താ സമ്മേളനം ഒഴിവാക്കിയത്. സുധാകരനുമായി വാർത്താ സമ്മേളനം നടത്താൻ താനില്ലെന്ന് സതീശൻ അറിയിക്കുകയായിരുന്നു. ഇതോടെ വാർത്താ സമ്മേളനമേ വേണ്ടെന്ന് വച്ചു.
സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാൽ ഇതുണ്ടാകില്ലെന്ന് പിന്നീട് ഡിസിസി നേതൃത്വം അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ സുധാകരന്റെ അസഭ്യ വർഷമാണ് ഇതിന് കാരണമെന്നതാണ് വസ്തുത.
കോൺഗ്രസിന്റെ സമരാഗ്നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം കൊല്ലം ജില്ലയിൽ പ്രവേശിക്കും. രാവിലെ കെ. സുധാകരനും വി. ഡി. സതീശനും ചേർന്ന് ജനകീയ ചർച്ച സദസ്സ് പത്തനംതിട്ടയിൽ നടത്തിയ ശേഷം ഇരു നേതാക്കളും കൊട്ടാരക്കരയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുമെന്നാണ് അറിയിച്ചിരുന്നത്. കെ.സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണി എംപിയുടെ നാക്കുപിഴയുമൊക്കെ സമരാഗ്നി യാത്രയെ വിവാദത്തിലാക്കി. തന്നെ ചീത്ത പറഞ്ഞ സുധാകരനെതിരെ സതീശൻ ഹൈക്കമാണ്ടിന് പരാതിയും നൽകി. ഇനി വാർത്താ സമ്മേളനത്തിൽ എങ്ങനെ ഒരുമിച്ച് പങ്കെടുക്കുമെന്ന ചോദ്യവും സതീശൻ ദേശീയ നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്.
ഇന്നലെ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗുമായി ഉഭയകക്ഷി ചർച്ച നടന്നിരുന്നു. ഇതിന് ശേഷം സതീശനും സുധാകരനും വെവ്വേറെയാണ് മാധ്യമങ്ങളെ കണ്ടത്. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയിലെ സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കി സുധാകരനെതിരെ സതീശൻ കടുത്ത നിലപാടിൽ തന്നെയാണെന്ന സൂചന പുറംലോകത്തിന് നൽകുന്നത്. ഹൈക്കമാണ്ട ഇടപെട്ടാൽ മാത്രമേ ഇനിയുള്ള ദിവസങ്ങളിലും സംയുക്ത വാർത്താ സമ്മേളനത്തിന് സതീശൻ തയ്യാറാകൂവെന്നാണ് സൂചന.
ആലപ്പുഴയിൽവച്ച് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിന് എത്താൻ വൈകിയതിനെ തുടർന്ന് കെ.സുധാകരൻ അസഭ്യ പദം ചേർത്ത് നീരസം പ്രകടിപ്പിച്ചത് വൻ വിവാദമായിരുന്നു. അസഭ്യ പരാമർശവുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ നീറിപ്പുകയുന്ന അസ്വാരസ്യങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ മാസം അവസാനം തിരുവനന്തപുരത്താണ് ജാഥ സമാപിക്കുക. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ അസഭ്യവാക്ക്പ്രയോഗിച്ച സംഭവത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കെപിസിസി. അധ്യക്ഷൻ കെ. സുധാകരന്റെ വിശദീകരണം എത്തിയിരുന്നു.
താൻ പറഞ്ഞതതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചു. തന്റെ ഭാഗത്ത് പാളിച്ചയില്ല. അതിനാൽ മാപ്പ് പറയില്ല. മാധ്യമങ്ങൾ തന്നോടാണ് മാപ്പ് പറയേണ്ടതെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വി.ഡി. സതീശനും താനും തമ്മിൽ ജ്യേഷ്ഠാനുജന്മാരെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആലപ്പുഴ ഡി.സി.സിയുടെ ഒരു ഉദ്ഘാടന കർമ്മം അദ്ദേഹത്തിന് (വി.ഡി. സതീശന്) നിർവ്വഹിക്കാനുണ്ടായിരുന്നു. വൈ.എം.സി.എയുടെ ചടങ്ങ്. അതിന് പോയതുകൊണ്ടാണ് അദ്ദേഹം വൈകിയത്. ഏറെ വൈകിയിട്ടൊന്നുമില്ല. അഞ്ച് മിനിറ്റ് കഴിയുമ്പോഴേക്ക് അദ്ദേഹം വന്നു. ഞാനൊരു കാര്യം പറയാം. ഐ ആം വെരി സ്ട്രെയിറ്റ് ഫോർവേഡ്. എവിടെയും ആരുടെ മുമ്പിലും ഞാൻ നേരെ ചൊവ്വെ വാ എന്ന് പറയുന്ന ആളാണ്. എനിക്ക് അതിലൊന്നും വളഞ്ഞ ബുദ്ധി ഇല്ല. നേരെ ചൊവ്വെ ഞാൻ നിങ്ങളോട് പറയും, നിങ്ങൾക്കും എന്നോട് നേരെ ചൊവ്വെ പറയാം. നിങ്ങൾ (മാധ്യമങ്ങൾ) ഇങ്ങനെയൊരു പ്രചരണം കൊടുക്കുന്നത് ഒരിക്കലും ശരിയല്ല. യാഥാർത്ഥ്യവുമായി നിരക്കാത്തതാണത്.' -സുധാകരൻ പറഞ്ഞത് ഇങ്ങനെയാണ്.
'സതീശനും ഞാനും തമ്മിൽ ജ്യേഷ്ഠാനുജന്മാരെ പോലെ തന്നെയാണ്. ഇത്രയും ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചായിരുന്നില്ലേ. എന്നോടൊപ്പമോ ഒരുപക്ഷേ എന്നെക്കാളേറെയോ 'സമരാഗ്നി' ജാഥയ്ക്ക് അദ്ദേഹമാണ് മുൻകൈയെടുത്തതും ഓടിനടന്നതും. എനിക്ക് അതൊന്നും മറക്കാൻ കഴിയില്ല. അങ്ങനെയൊരാളായ സതീശനെ തള്ളിപ്പറയാനോ മോശമാക്കാനോ ജീവിതത്തിൽ എനിക്ക് കഴിയില്ല. അതുകൊണ്ട് സതീശനും ഞാനും തമ്മിൽ അഭിപ്രായവ്യത്യാസമില്ല. അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.' -കെപിസിസി. പ്രസിഡന്റ് വ്യക്തമാക്കി. 'അവിടെ ഞാൻ നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) വേണ്ടിയാണ് ഒരുവാക്ക് പറഞ്ഞത്. 'മാധ്യമങ്ങളോട് നമ്മൾ മര്യാദ കാണിക്കണം' എന്നാണ് ഞാൻ പറഞ്ഞത്. മാധ്യമപ്രവർത്തകരാണ് ഈ വിവാദമുണ്ടാക്കിയത്. ഞാൻ പറഞ്ഞതൊന്നുമല്ല നിങ്ങൾ എഴുതിയത്. എന്റെ പക്കൽ തെളിവുണ്ട്. വി.ഡി. സതീശൻ രാജിഭീഷണി മുഴക്കിയിട്ടില്ല. ഈ വിഷയത്തിൽ എ.ഐ.സി.സി. ഇടപെട്ടിട്ടില്ല.' -സുധാകരൻ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് വിവാദമായ സംഭവമുണ്ടായത്. 'സമരാഗ്നി'യുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനം നടത്തുന്നതിനായി വി.ഡി. സതീശൻ എത്താൻ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. സതീശനെതിരെ സുധാകരൻ തെറിവാക്ക് പറഞ്ഞപ്പോൾ, മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓർമിപ്പിച്ച് ഷാനിമോൾ ഉസ്മാനടക്കമുള്ള നേതാക്കൾ സുധാകരനെ കൂടുതൽ സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.