- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ കോൺഗ്രസിൽ സുധാകര വികാരം വീണ്ടും ശക്തം
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന വീണ്ടും വൈകാൻ സാദ്ധ്യത. അതിനിടെ കെപിസിസി പ്രസിഡന്റിന് കോൺഗ്രസ് ഹൈക്കമാണ്ട് മാറ്റുകയുമില്ല. കണ്ണൂരിൽ വൻ വിജയം നേടിയ കെ സുധാകരനെ മാറ്റുന്നത് ഗ്രൂപ്പിസം കൂട്ടുമെന്ന തിരിച്ചറിവിലാണ് ഇത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കെപിസിസിയെ ഒറ്റക്കെട്ടായി കൊണ്ടു പോകാനാകും ശ്രമം. ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പും നിർണ്ണായകമാണ്. ഈ രണ്ടു സീറ്റുകളും ജയിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കരുത്ത് കൂടും. ഇത് മനസ്സിലാക്കിയാണ് കെപിസിസി പുനഃസംഘടന അടക്കം അതിന് ശേഷം മതിയെന്ന നിലപാടെടുക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നിലവിലെ കെപിസിസി, ഡി.സി.സി ഭാരവാഹികളുടെ ക്യാമ്പ് അടുത്ത മാസം വയനാട് സംഘടിപ്പിക്കുന്നതും വ്യക്തമായ സന്ദേശം നൽകാനാണ്. സംഘടനയെ താഴെ തട്ടിൽ ശക്തിയാക്കാനാകും സുധാകരൻ ശ്രമിക്കുക. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നേതൃയോഗത്തിലും പുനഃസംഘടനാ ചർച്ചകളൊന്നും നടന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പല ജില്ലകളിലും സംഘടനാ ദൗർബല്യം ബൂത്ത് തല പ്രവർത്തനങ്ങളെ ബാധിച്ചെന്ന് സ്ഥാനാർത്ഥികൾ പരാതിപ്പെട്ടിരുന്നു. നിലവിലെ അവസ്ഥ തുടർന്നാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിക്കുമെന്ന ആശങ്കയും ചില നേതാക്കൾ പങ്കുവച്ചു. ഈ ദൗർബല്യം മാറ്റും. ഇതിന് വേണ്ടിയുള്ള പദ്ധതികളുമായി കെപിസിസി അധ്യക്ഷൻ സുധാകരൻ ഉടൻ പ്രവർത്തനം തുടരും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സുധാകരനെ മാറ്റുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സുധാകരൻ കൂടുതൽ കരുത്തനായി. കണ്ണൂരിലെ റിക്കോർഡ് ഭൂരിപക്ഷത്തിലെ വിജയം കോൺഗ്രസിലെ എതിരാളികളെ പോലും അമ്പരപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ സുധാകരന് പ്രത്യേക ശൈലിയുണ്ട്. ഈ ശൈലിയും കോൺഗ്രസ് അനിവാര്യമായി കാണുന്നു. എഐസിസി ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലും നിലവിൽ കെപിസിസിയിൽ മാറ്റം ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കെപിസിസിയിലെ മാറ്റം പതുക്കെയാക്കുന്നത്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിലാക്കണമെന്ന ടാർഗറ്റ് മാത്രമാണ് ഇ്‌പ്പോൾ പ്രധാനമായും കെപിസിസി മുമ്പോട്ട് വയ്ക്കുന്ന അജണ്ട.
പാലക്കാടും ചേലക്കരയിലും പ്രിയങ്കാ തരംഗം ആ്‌ഞ്ഞെടിക്കുമെന്നും പ്രതീക്ഷിക്കുന്നു. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം വിവിധ വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യവും പുനഃസംഘടനയിലൂടെ ഉറപ്പാക്കണം എന്ന ചർച്ച കെപിസിസിയിൽ സജീവമാണ്. കെപിസിസിയിൽ കൂടുതൽ യുവാക്കളെ കൊണ്ടുവരണമെന്നും വാദിക്കുന്നു. ഇതെല്ലാം ഇനി ഉപതിരഞ്ഞെടുപ്പിന് ശേഷമേ നടക്കൂ. ചർച്ചകൾ പോലും അതിന് ശേഷം മതിയെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റേയും നിലപാട്. കെ മുരളീധരനെ അനുനയിപ്പിച്ച് നിർത്താൻ വേണ്ടതെല്ലാം കെപിസിസി ചെയ്യും. മുരളീധരനെ ഒരു കാരണവശാലും അകലാൻ അനുവദിക്കരുതെന്നാണ് ഹൈക്കമാണ്ട് നിലപാട്.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ലെന്നു വ്യക്തമാക്കി മുരളീധരൻ രംഗത്തു വന്നിരുന്നു. പ്രയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മാത്രമാണ് സജീവമാവുകയെന്നും ഗാന്ധി കുടുംബത്തിലെ അംഗം മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിന്ന വിട്ടുനിൽക്കാൻ ഒരു കോൺഗ്രസ് പ്രവർത്തകനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളിൽ പാർട്ടി മറ്റു നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ചില പ്രശ്നങ്ങളുള്ളതിനാൽ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൽക്കാലം തിരുവനന്തപുരത്ത് മാത്രമേ പാർട്ടിയെ നയിക്കാനുള്ളുയെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന് ഒരു കുഴപ്പവുമില്ല, അദ്ദേഹത്തിന്റെ പ്രവർത്തനമികവിലാണ് 20 ൽ 18 സീറ്റും നേടാൻ കഴിഞ്ഞത്- മുകരളീധരൻ പറഞ്ഞു. കെപിസിസി അധ്യക്ഷനാകണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന ചോദ്യത്തിന് അത് പ്രവർത്തകരുടെ വികാരം മാത്രമാണെന്നും സമുദായിക സമവാക്യങ്ങൾ നോക്കിയാണ് കെപിസിസി അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതായത് മുരളീധരന് പോലും സുധാകരനെ അംദീകരിക്കുന്നു. ഈ സാഹചര്യവും സുധാകരന് അനുകൂലമായി മാറുന്നുണ്ട്.