- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജിഭീഷണിയുമായി കെ.സുധാകരൻ; കോൺഗ്രസ് പുനഃസംഘടന വേഗത്തിലാക്കാൻ ധാരണ; നേതാക്കൾക്കിടയിലെ എതിർപ്പുകൾ പരിഹരിക്കാൻ ഇടപെട്ട് കെ സി വേണുഗോപാൽ; ലീഡേഴ്സ് മീറ്റിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ചർച്ചയാകും
സുൽത്താൻബത്തേരി: ഒരുമാസത്തിനകം കോൺഗ്രസ് പുനഃസംഘടന നടന്നിട്ടില്ലെങ്കിൽ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്ന കെ.സുധാകരന്റെ രാജിഭീഷണിക്ക് പിന്നാലെ പാർട്ടി പുനഃസംഘടന വേഗത്തിലാക്കാൻ കോൺഗ്രസിന്റെ ലീഡേഴ്സ് മീറ്റിൽ തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻകൈയെടുത്താണ് നേതാക്കൾക്കിടയിലെ എതിർപ്പുകൾ പരിഹരിക്കുന്നത്. ഇന്നലെ രാത്രി കേരളത്തിൽ നിന്നുള്ള എംപിമാരുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു.
രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എംപിമാരും ചേർന്നുള്ള യോഗവും ഉണ്ടായി. ലീഡേഴ്സ് മീറ്റിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചയാകുന്നുണ്ട്. പുനഃസംഘടന വേഗത്തിലാക്കാൻ 'ലീഡേഴ്സ് മീറ്റിൽ' ധാരണയായി. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ മുതൽ പുനഃസംഘടിപ്പിക്കും. താഴെത്തട്ടിലുള്ള കമ്മിറ്റികളാണ് അടിയന്തരമായി പുനഃസംഘടിപ്പിക്കുക. പിന്നീട് ഡി.സി.സി. പുനഃസംഘടന നടക്കും. പ്രസിഡന്റെന്നനിലയിൽ പ്രതീക്ഷിച്ചത്ര മുന്നോട്ടുപോവാൻ കഴിഞ്ഞിട്ടില്ലെന്ന് അധ്യക്ഷപ്രസംഗത്തിൽ സുധാകരൻ തുറന്നടിച്ചിരുന്നു.
കെപിസിസി പുനഃസംഘടന പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കെ സുധാകരൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഭാരവാഹികളെ തീരുമാനിക്കാൻ കഴിയാത്തതിനാൽ പ്രതീക്ഷക്കൊത്ത് ഉയരാൻ തനിക്ക് കഴിയുന്നില്ലെന്നായിരുന്നു ലീഡേഴ്സ് മീറ്റിൽ കെ സുധാകരൻ പറഞ്ഞത്.
'പുനഃസംഘടനയ്ക്കു നിശ്ചയിച്ച തീയതികളൊക്കെ കഴിഞ്ഞിട്ടും പല നേതാക്കളും സഹകരിക്കുന്നില്ല. എന്റെ പക്കൽ പുനഃസംഘടനാ പട്ടിക ഉണ്ട്. ഇനിയും സഹകരണമുണ്ടാകുന്നില്ലെങ്കിൽ ആ പട്ടിക സ്വന്തം നിലയ്ക്കു പ്രഖ്യാപിക്കും' എന്നാണ് സുധാകരൻ ലീഡേഴ്സ് മീറ്റിൽ പറഞ്ഞത്.
സ്ഥാനമേറ്റെടുത്തപ്പോഴുള്ള പ്രതീക്ഷയ്ക്കൊത്തു കെപിസിസിയെ മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ലെന്നും ദ്വിദിന ലീഡേഴ്സ് മീറ്റിൽ സംഘടനാരേഖ അവതരിപ്പിക്കവേ അദ്ദേഹം പറഞ്ഞു. അതു കഴിവുകേടുകൊണ്ടോ ബോധപൂർവമായ തീരുമാനംകൊണ്ടോ അല്ല. സാഹചര്യങ്ങളുടെ സമ്മർദമാണു കാരണം. പുനഃസംഘടന നടന്നിരുന്നെങ്കിൽ കോൺഗ്രസിന്റെ മുഖം തന്നെ മാറുമായിരുന്നു.
സംഘടനയുടെ അടിത്തട്ടിലെ ദൗർബല്യം പരിഹരിക്കാൻ കണ്ടെത്തിയ സിയുസി രൂപീകരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പോഷകസംഘടനകളുടെ അലസമനോഭാവം അംഗീകരിക്കാനാകില്ല. എംഎൽഎമാരോ എംപിമാരോ ആയിക്കഴിഞ്ഞാൽ ചില നേതാക്കളെ സംഘടനാപ്രവർത്തനത്തിനു കിട്ടാത്ത സ്ഥിതിയാണെന്നും വിമർശിച്ചിരുന്നു.
ആരോടും ഉത്തരവാദിത്വമില്ലാത്ത സംവിധാനത്തിലാണ് പാർട്ടിയുടെ പോക്ക്. താൻ ചുമതലയേറ്റപ്പോൾ പുനഃസംഘടനയുണ്ടാവുമെന്നു പ്രഖ്യാപിച്ചതാണ്. അതിനുകഴിഞ്ഞില്ല. അതു നീട്ടിക്കൊണ്ടുപോയി ഈ സ്ഥാനത്തുതുടരുന്നതിൽ അർഥമില്ല. പോഷകസംഘടനാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുപോലും കെപിസിസി. നേതൃത്വം അറിയുന്നില്ല. പോഷകസംഘടനകളിലുള്ളവരെ പരസ്പരം അറിയില്ല. മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതാവ് ആരാണെന്ന് ടി.എൻ. പ്രതാപൻ എംപി.യോടു സുധാകരൻ ചോദിക്കുകയുംചെയ്തു.
സമരങ്ങളും വാർത്താസമ്മേളനങ്ങളും കൊണ്ട് മാത്രം കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്ന യാഥാർത്ഥ്യം നേതാക്കൾ മനസ്സിലാക്കണം എന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിലെ കെ സി വേണുഗോപാലിന്റെ വാക്കുകൾ. ഒത്തൊരുമയുടെ രസതന്ത്രമില്ലെങ്കിൽ തിരിച്ചുവരവ് സാധ്യമല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സംഘടനാ രേഖയും രാഷ്ട്രീയ രേഖയും ലീഡേഴ്സ് മീറ്റിൽ കെ സുധാകരൻ അവതരിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ