തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. തന്ത്രപരമായാണ് സുധാകരന്റെ നീക്കം. സ്ഥാനം മോഹിക്കുന്ന രമേശ് ചെന്നിത്തലയേയും കെ മുരളീധരനേയും വെട്ടിലാക്കുന്നതാണ് ഇത്. ആരോഗ്യ പ്രശ്‌നങ്ങൾ വിശദീകരിച്ചാണ് സുധാകരൻ നേതൃത്വം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുന്നത്.

സുധാകരനെകതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തമായിരുന്നു. ആർഎസ്എസ് അനുകൂല പ്രസ്താവനകൾ നടത്തിതാണ് ശക്തമായ പ്രതിഷേധത്തിന് കാരണം. സുധാകരനെതിരെ ഗ്രൂപ്പ് ഭേദമന്യേയാണ് കോൺഗ്രസ് നേതാക്കൾ സംഘടിക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള സുധാകരന്റെ രണ്ടാമൂഴം തടയുകയാണ് ലക്ഷ്യം. തുടർച്ചയായി കോൺഗ്രസിനെ കുഴപ്പത്തിലാക്കുന്ന സുധാകരന്റെ നടപടി ഹൈക്കമാൻഡ് പരിശോധിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. ഇത് മനസ്സിലാക്കിയാണ് സുധാകരൻ തന്നെ കത്തെഴുതുന്നത്. ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുമെന്ന് ഏതാണ്ട് വ്യക്തമായി. എഐസിസി അധ്യക്ഷൻ മില്ലകാർജ്ജുന ഖാർഖെയും രാഹുൽ ഗാന്ധിയുമാകും പകരക്കാരനെ കണ്ടെത്തുന്നതിൽ നിർണ്ണായക തീരുമാനം എടുക്കുക. സുധാകരൻ മാറുന്നതോടെ ആർഎസ്എസ് അനുകൂല പ്രസ്താവനയിലെ മുസ്ലിം ലീഗിന്റെ അതൃപ്തി തീരുമെന്ന വിലയിരുത്തലും കോൺഗ്രസിലെ നേതാക്കൾക്കുണ്ട്.

സംഘടനാ കോൺഗ്രസിലായിരുന്ന കാലത്ത് ആർഎസ്എസ് ശാഖകൾക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നതുൾപ്പെടെ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടരെ നടത്തുന്ന വിവാദ പരാമർശങ്ങളിൽ എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇതേക്കുറിച്ചു സുധാകരനുമായി ഫോണിൽ സംസാരിച്ചതായി വ്യക്തമാക്കുകയും ചെയ്തു. സംഭവിച്ചതു നാക്കുപിഴയാണെന്നും ഇക്കാര്യത്തിൽ അദ്ദേഹം ഖേദം അറിയിച്ചിട്ടുണ്ടെന്നും താരിഖ് അൻവർ പറഞ്ഞു. സുധാകരനു പുറമേ, പാർട്ടി സംസ്ഥാന നേതൃത്വത്തിലെ മറ്റു നേതാക്കളോടും താരിഖ് സംസാരിച്ചു. വിഷയത്തിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. ആർക്കും നാക്കുപിഴയുണ്ടാകാം. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്നു സുധാകരൻ ഉറപ്പു നൽകിയിട്ടുണ്ട്. അതേസമയം സുധാകരന്റെ പ്രതികരണം തൃപ്തികരമാണെന്നും താരിഖ് അൻവർ അറിയിച്ചു. അതിനിടെയാണ് കത്തെഴുതിയെന്ന വിവരവും പുറത്തു വന്നത്.

അടിക്കടി സുധാകരൻ നടത്തുന്ന പ്രസ്താവനകളിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലുമുയരുന്നത്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് കോൺഗ്രസിലും യുഡിഎഫിലുമുള്ളത്. പ്രാദേശിക തലങ്ങളിൽ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത അമർഷം ഉയരുകയാണ്. വാക്കുപിഴയെന്ന് ന്യായീകരിക്കാൻ സുധാകരൻ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികൾ കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരൻ മാറുന്നത്. ഇനി ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്നും സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധാകരനെ കൈവിട്ടു. കെ സുധാകരന്റെ പ്രസ്താവനകൾ ഗൗരവതരമാണെന്നും കോൺഗ്രസ് പരിശോധിക്കുമെന്നുമാണ് വിഡി സതീശൻ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചത്. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സതീശൻ, സുധാകരന്റെ പരാർമശത്തെ ഗൗരവതരമായാണ് പാർട്ടി കാണുന്നതെന്നും അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കത്ത് പുറത്തു വന്നത്.

കെ സുധാകരന്റെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിവാദമായിരിക്കെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഉടൻ കൊച്ചിയിൽ ചേർന്നേക്കും. സർക്കാരിനെതിരായ കൂടുതൽ സമര പരിപാടികളാണ് യോഗത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച അജണ്ട. എന്നാൽ പുതിയ സാഹചര്യത്തിൽ സുധാകരന്റെ പ്രസ്താവനകളും ചർച്ചയായേക്കും. ആർഎസ്എസിനെക്കുറിച്ചുള്ള പരാമർശത്തിനു പിന്നാലെ വർഗീയതയോടു നെഹ്റു സന്ധി ചെയ്തുവെന്നു കൂടി സുധാകരൻ പറഞ്ഞതു കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു.

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശം തിരുത്തണമെന്നാണ് കെ മുരളീധരൻ പ്രതികരിച്ചത്. ഖേദ പ്രകടനം കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തിലെടുത്തുള്ള തിരുത്തൽ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. നെഹ്‌റു ഒരിക്കലും ആർ എസ് എസിനോട് സന്ധി ചെയ്തിട്ടില്ല. ആർഎസ്എസ് പ്രവർത്തനവും ഭാരതീയ ജനസംഖം രൂപീകരിച്ചതും മുതൽ ശ്യാമപ്രസാദ് മുഖർജിയെ നെഹ്‌റു മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തി. മുഖർജിയെ അറസ്റ്റ് ചെയ്യിച്ചതും നെഹ്‌റുവാണ്. അങ്ങനെയിരിക്കെ ഇത്തരമൊരു പ്രസ്താവന കോൺഗ്രസിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ആകുലരാക്കിയിട്ടുണ്ട്. അതിനാൽ ഈ പ്രസ്താവന കോൺഗ്രസിനും ക്ഷീണമാണെന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്.

കെ സുധാകരൻ നടത്തിയ ആർഎസ്എസ്- നെഹ്റു പ്രസ്താവന കോൺഗ്രസിന്റെ ചരിത്രത്തിന് വിരുദ്ധമാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം പറഞ്ഞത്. അംഗീകരിക്കാൻ കഴിയാത്ത പ്രസ്താവനയാണ് കെ സുധാകരൻ നടത്തിയതെന്നും പി എം എ സലാം കുറ്റപ്പെടുത്തിയിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. ഇക്കാരണത്താലാണ് മുസ്ലിം ലീഗ് കോൺഗ്രസിനൊപ്പം തുടരുന്നത്. കോൺഗ്രസിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാവുന്നത് ലീഗ് നിസാരമായി കാണുന്നില്ല. ഇത്തരത്തിലെ പ്രസ്താവനകൾ കോൺഗ്രസിന്റെ ചരിത്രത്തെ കളങ്കപ്പെടുത്തുന്നതാണെന്നും പി എം എ സലാം പറഞ്ഞു.