കണ്ണൂര്‍:കണ്ണൂരിലെ കോണ്‍ഗ്രസ് വിമത നേതാവായ പി.കെ രാഗേഷിനെ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കളമൊരുക്കുന്നു. പി.കെ രാഗേഷിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്നും അതിശക്തമായി ഉയര്‍ന്ന പശ്ചാലത്തിലാണ് ഡി.സി.സിയില്‍ ഒരു വിഭാഗം നേതാക്കള്‍ അവിശ്വാസ പ്രമേയത്തിന് അണിയറ നീക്കങ്ങള്‍ നടത്തുന്നത്. പാര്‍ട്ടിയില്‍ കയ്യാലപ്പുറത്തുളള തേങ്ങ പോലെയിരിക്കുന്ന രാഗേഷിനെ ഇനിയും വെച്ചു പൊറുപ്പിക്കാനാവില്ലെന്ന വികാരമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള കണ്ണൂര്‍ അര്‍ബന്‍ ബാങ്ക്സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിപ്പ് ലംഘിച്ചു വിമത സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത് രാഗേഷിന്റെ രഹസ്യപിന്‍തുണയോടെയാണെന്ന ആരോപണമാണ് ശക്തമായിട്ടുളളത്. ഒഴിവാക്കാമായിരുന്ന തെരഞ്ഞെടുപ്പ് നടക്കാന്‍ കാരണം പി.കെ രാഗേഷിന്റെ ഇടപെടല്‍ കാരണമാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ അനുമതി മൂളിയാല്‍ അവിശ്വാസ പ്രമേയമുണ്ടാകുമെന്നാണ് സൂചന. യു. ഡി. എഫിലെ രണ്ടാമത്തെ പാര്‍ട്ടിയായ മുസ്ലിം ലീഗിനും പളളിക്കുന്ന് സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പി.കെ രാഗേഷിനോട് അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ബ്ളോക്ക് കമ്മിറ്റി ഭാരവാഹി യോഗത്തില്‍ പി.കെ രാഗേഷിനെതിരെ പ്രമേയം അവതരിപ്പിച്ചതോടെയാണ് വിഷയം ചൂടുപിടിച്ചത്. എന്നാല്‍ ഇതിനെതിരെ അതിരൂക്ഷമായ മറുപടിയുമായി പി.കെ രാഗേഷ് രംഗത്തുവന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ ചൂടുപിടിപ്പിച്ചിട്ടുണ്ട്.

തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ മാലിന്യങ്ങളെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ പി.കെ രാഗേഷ്തുറന്നടിച്ചതാണ് പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് പി.കെ രാഗേഷ് വിവാദമായ പ്രതികരണം നടത്തിയത്. തന്നെ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന കണ്ണൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രമേയത്തിനെയും അദ്ദേഹം തളളിക്കളഞ്ഞു.

ചിലരുടെ വ്യക്തിപരമായ താല്‍പര്യമാണ് ഇതിനു പിന്നില്‍. ചിലരുടെ മനോവിഭ്രാന്തിയാണ് തനിക്കെതിരെയുളള നീക്കങ്ങള്‍ക്കു പിന്നിലെന്നും പി.കെ രാഗേഷ് ആരോപിച്ചു. പളളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു വിജയിച്ചതു പോലെ അര്‍ബന്‍ ബാങ്കിലും സ്വന്തം ബന്ധുക്കളെ ഇറക്കി വിട്ടു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ ചോദ്യം ചെയ്ത നടപടി ഒരിക്കലും പൊറുക്കാന്‍ സാധിക്കില്ലെന്നും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഥാനത്ത് പി.കെ രാഗേഷ് തുടരുന്നത് മാലിന്യം പേറുന്നതിന് സമാനമാണെന്നായിരുന്നു കണ്ണൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം പി.കെ രാഗേഷിനെതിരെയുളള വിമര്‍ശനമായി ഉന്നയിച്ചത്. മാലിന്യം കഴുകികളയാന്‍ അവിശ്വാസ പ്രമേയം കോര്‍പറേഷനില്‍ കൊണ്ടുവരണമെന്നായിരുന്നു ഇവര്‍ ഡി.സി.സിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെതിരെയാണ് പരസ്യപ്രസ്താവനയുമായി പി.കെ രാഗേഷ് രംഗത്തുവന്നത്. ഇപ്പോഴത്തെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനാണ് തന്നെ പളളിക്കുന്നില്‍ നിന്നും കൈപിടിച്ചു ആലിങ്കല്‍ വാര്‍ഡില്‍ മത്സരിപ്പിച്ചതെന്നും ഇന്നുവരെ തന്നെ എന്തിന് പുറത്താക്കിയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിട്ടില്ലെന്നും പി.കെ രാഗേഷ് ആരോപിച്ചു.

ഈക്കാര്യം കെ.പി.സി.സി അധ്യക്ഷന്‍ തന്നോട് പറയുകയാണെങ്കില്‍ ആ നിമിഷം സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണെന്നും ചില മാലിന്യങ്ങളുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കുന്നില്ലെന്നും പി.കെ രാഗേഷ് പറഞ്ഞു. 2023- മെയ് 15-നാണ് തന്നെ പുറത്താക്കിയത്. അന്നു തന്നെ ഡി.സി.സി പ്രസിഡന്റ് ഈ സ്ഥാനത്തു നിന്നും നീക്കുമെന്ന് പറഞ്ഞുവെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും ഒന്നും സാധിക്കാത്തതാണ് തനിക്കെതിരെയുളള കോക്കസിന്റെ തീരുമാനങ്ങള്‍ക്ക് പിന്നിലുളളത്. അഴീക്കോട് നിയോജക മണ്ഡലത്തിന് കീഴിലുളള ചിറക്കല്‍ ബ്ളോക്ക് കമ്മിറ്റിയെ മറികടന്നാണ് കണ്ണൂര്‍ ബ്ളോക്ക് കമ്മിറ്റി തനിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. മുന്‍സിപ്പല്‍ നിയമങ്ങളെ കുറിച്ചുളള അറിവില്ലായ്മയാണ് ഈ പ്രമേയത്തിലൂടെ വ്യക്തമാകുന്നതെന്നും പി.കെ രാഗേഷ് ചൂണ്ടിക്കാട്ടി.

തന്നെ പാര്‍ട്ടിയില്‍ നിന്നും തിരിച്ചെടുക്കണമെന്ന കണ്ണൂര്‍ ബ്ളോക്കിന് കീഴിലുളള നാനൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് ഇപ്പോഴും കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും കൈയ്യിലുണ്ട്. എന്നിട്ടും കേവലം പത്തു അംഗങ്ങള്‍ മാത്രം പങ്കെടുത്ത ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസ്താവന മുന്‍കൂട്ടിയുളള അജന്‍ഡയുടെ ഭാഗമാണെന്നും പി.കെ രാഗേഷ് പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്്, മുന്‍മേയര്‍ ടി.ഒ മോഹനന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ പി.കെ രാഗേഷിനെതിരെ നില്‍ക്കുന്നവരാണ്. പളളിക്കുന്ന് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബദല്‍ പാനലിലൂടെ മത്സരിച്ചു പി.കെ രാഗേഷ് വിഭാഗം അധികാരം പിടിച്ചെടുത്തതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്.