കണ്ണൂർ: കെപിസിസി വിലക്ക് ലംഘിച്ച് ഫലസ്തീൻ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് അധ്യക്ഷൻ കെ. സുധാകരൻ. നടപടി എന്താണ് അച്ചടക്ക സമിതി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിന്റേത് ഗുരുതര അച്ചടക്കലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കാൻ കെപിസിസി. അധ്യക്ഷന് പ്രത്യേക അധികാരങ്ങളില്ല. അച്ചടക്ക സമിതിയുടെ ശിപാർശ അംഗീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി വിലക്ക് ലംഘിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. മുരളീധരനും പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടുന്ന നടപടി ഉണ്ടായേക്കില്ല. ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷത്തിൽ എംഎ‍ൽഎ സ്ഥാനത്തിനായി പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷിക്ക് വിഷമമുണ്ടെന്നും ഷൗക്കത്ത് വിചാരിച്ചാൽ അത് പരിഹരിക്കാമെന്നും കെ. മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി.

ആര്യാടൻ ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകണമെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗം കേട്ടതിനുശേഷം തീരുമാനമെടുക്കുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഇന്ദിരാഭവനിൽ ചേരുന്ന സമിതിയുടെ മുൻപാകെയാണ് ആര്യാടൻ ഹാജരാകേണ്ടത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ അച്ചടക്ക സമിതി പരിശോധിക്കും. ഇതിന് പിന്നാലെ വിഷയത്തിൽ തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു.

ഇത് ആദ്യത്തെ തവണയല്ല ആര്യാടൻ ഷൗക്കത്തിനെതിരെ ഇത്തരമൊരു നടപടിയുണ്ടാകുന്നത്. നേരത്തെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനമുണ്ടായ സാഹചര്യത്തിൽ ഇവരെ വിളിച്ച് ഡി.സി.സി നടത്തിയ പരിപാടിക്ക് സമാന്തരമായി അദ്ദേഹം മറ്റൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇക്കാര്യത്തിലും കെപിസിസി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, വിശദീകരണത്തിൽ തൃപ്തിയില്ലാതെ വന്നതോടെ കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ തലപ്പത്ത് നിന്നും ആര്യാടൻ ഷൗക്കത്തിനെ മാറ്റിയിരുന്നു.

കെപിസിസി. നൽകിയ വിശദീകരണ നോട്ടീസിന് ആര്യാടൻ ഷൗക്കത്ത് മറുപടിനൽകിയിരുന്നു. റാലി ഒഴിവാക്കിയിരുന്നെങ്കിൽ പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമായിരുന്നുവെന്നായിരുന്നു വിശദീകരണം. മതപണ്ഡിതന്മാരടക്കം പങ്കെടുക്കാമെന്ന് സമ്മതിച്ച റാലിയിൽനിന്ന് പിന്മാറിയിരുന്നെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയിൽ പറഞ്ഞു.