കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാൻ ഗായിക പി ചിത്രയെ ബിജെപി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. മാതൃഭൂമിയാണ് ഈ വാർത്ത പുറത്തു വിടുന്നത്. നേതാക്കൾക്കൊപ്പം വിവിധമേഖലകളിലെ പ്രമുഖരെയും ബിജെപി. കളത്തിലിറക്കും എന്നാണ് മാതൃഭൂമി വാർത്ത. സംഘപരിവാർ വോട്ടുകൾക്കപ്പുറം വോട്ടർമാരെ ആകർഷിക്കാൻ ശേഷിയുള്ളവരെ സ്ഥാനാർത്ഥികളാക്കാനാണ് ശ്രമം. എന്നാൽ മത്സരിക്കാനൊന്നും ചിത്ര ഉണ്ടാകില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ മറുനാടന് നൽകിയ സൂചന. അവർ സംഗീത രംഗത്ത് സജീവമായി തുടരും.

തൃശ്ശൂരിൽ നടൻ സുരേഷ് ഗോപി വലിയ സ്വീകാര്യതനേടിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം. രാജ്യസഭാംഗംകൂടിയായ ഒളിമ്പ്യൻ പി.ടി. ഉഷയാണ് പരിഗണിക്കുന്നവരിൽ പ്രധാനി. ദേശീയനേതൃത്വവും ഉഷയും സമ്മതം മൂളിയാൽ കോഴിക്കോട്ടാവും അവർ മത്സരിക്കുക. ജില്ലയുടെ പ്രഭാരി ചുമതലയുള്ള ശോഭാ സുരേന്ദ്രനെയാണ് ഇവിടെ പരിഗണിച്ചിരുന്നത്. ഉഷ സ്ഥാനാർത്ഥിയായെത്തിയാൽ പാർട്ടിക്കപ്പുറത്തുനിന്ന് വോട്ട് ആകർഷിക്കാനാവുമെന്നാണ് വിലയിരുത്തൽ. ഉഷയില്ലെങ്കിൽ പരിഗണിക്കുന്നവരിൽ പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള മുതിർന്നനേതാക്കളുണ്ടെന്നാണ് മാതൃഭൂമി വാർത്ത. പിടി ഉഷയുടെ പേര് നേരത്തെ തന്നെ ചർച്ചകളിലുണ്ട്.

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ യാത്ര നാളെ തുടങ്ങും. ഫെബ്രുവരി 12ന് തിരുവനന്തപുരത്തെ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തും. ഇതോടെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയിൽ വ്യക്തത വരും. സ്ഥാനാർത്ഥിയും അമിത് ഷായ്‌ക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. നടനായ കൃഷ്ണകുമാറിനെയാണ് പ്രധാനമായും ബിജെപി ഇപ്പോഴും തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ഇതിനിടെയാണ് ചിത്രയുമായി ബന്ധപ്പെട്ട ചർച്ചയും. എന്നാൽ ഇതിന് ഒരു സാധ്യതയുമില്ലെന്നാണ് ചിത്രയുമായി അടുപ്പമുള്ളവർ നൽകുന്ന സൂചന.

പത്തനംതിട്ടയിൽ ഉണ്ണി മുകുന്ദന്റെ പേരും ആലോചിക്കുന്നു. കുമ്മനം രാജശേഖരൻ, പി.സി. ജോർജ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഗായിക കെ.എസ്. ചിത്ര സന്നദ്ധയായാൽ തിരുവനന്തപുരത്ത് പരിഗണിക്കാമെന്ന ആഗ്രഹം ചില നേതാക്കൾക്കുണ്ടെന്നാണ് മാതൃഭൂമി വാർത്ത. അയോധ്യയിലെ രാമ നാമവുമായി ബന്ധപ്പെട്ട് വലിയ സൈബർ ആക്രമണം ചിത്രയ്ക്ക് മേൽ സൈബർ സഖാക്കൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ചിത്രയുടെ പേരും ചർച്ചകളിൽ എത്തുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ചിത്ര ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

പത്മ പുരസ്‌കാരം നേടിയവരുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ശ്രദ്ധേയരായവരെ പാർട്ടിനേതൃത്വം ബന്ധപ്പെടുന്നതായാണ് വിവരം. ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഭയ്ക്കുകൂടി സ്വീകാര്യരായവരെ കണ്ടെത്താനാണ് ശ്രമം. ആലപ്പുഴ തുഷാർ വെള്ളാപ്പള്ളിക്ക് നൽകി പകരം വയനാട് ഏറ്റെടുക്കാനാണ് ധാരണ. അങ്ങനെയെങ്കിൽ ദേശീയഭാരവാഹികളായ എ.പി. അബ്ദുള്ളക്കുട്ടി, അനിൽ ആന്റണി എന്നിവരിൽ ആരെയെങ്കിലും പരിഗണിച്ചേക്കും. എന്നാൽ ആലപ്പുഴയിൽ മത്സരിക്കാൻ തുഷാറിന് താൽപ്പര്യമില്ല.

ദേശീയനേതൃത്വം നടത്തിയ സർവേയിൽ കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് കണ്ടെത്തിയതായി ബിജെപി. നേതാക്കൾ പറയുന്നു. മോദി തംരംഗത്തിൽ 30 ശതമാനം വോട്ടാണ് കേരളത്തിൽ കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. അയോധ്യാ വിഷയത്തിൽ കേരളത്തിൽ നേരത്തേയുണ്ടായിരുന്ന എതിർപ്പ്, ശ്രീരാമക്ഷേത്രം നിർമ്മാണം പൂർത്തിയായപ്പോൾ ഇല്ലാതായെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.

എന്നാൽ 30 ശതമാനം വോട്ടെന്നത് ബാലികേറാ മലയാണെന്ന് കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഈ ഘട്ടത്തിൽ അറിയാം. തൃശൂരിലും തിരുവനന്തപുരത്തും ശക്തമായ മത്സരമാണ് ലക്ഷ്യം.