- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവഞ്ചൂരിന്റെ മനസ്സ് അറിയാൻ സുധാകരനും
തിരുവനന്തപുരം: കെ എസ് യു ക്യാംപിലുണ്ടായ കൂട്ടത്തല്ലിനെ തുടർന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായി പരാതി. അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കെഎസ്‌യു സംസ്ഥാന കൺവീനർ ജസ്വിൻ റോയി പരാതി നൽകിയത്. സംഘടനയെ അപമാനിക്കുന്നതും ആത്മവീര്യം തകർക്കുന്നതുമാണ് നടപടിയെന്ന് പരാതിയിൽ പറയുന്നു. കെപിസിസിയ്‌ക്കെതിരെയാണ് കെ എസ് യുവിന്റെ ഈ നീക്കം. നിലവിൽ കെസി വേണുഗോപാപിനെ അനുകൂലിക്കുന്നവർക്കൊപ്പമാണ് തിരുവഞ്ചൂർ. അതുകൊണ്ട് ഈ പരാതിയിൽ തിരുവഞ്ചൂർ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാക്കുന്ന ഗ്രൂപ്പ് പോരുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് ധാർഷ്ട്യമെന്നായിരുന്നു കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്. കെഎസ്‌യു സംസ്ഥാന നേതൃത്വത്തിന് ഗുരുതരവീഴ്ചയുണ്ടായെന്നും കൂട്ടത്തല്ല് അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. ക്യാംപിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന അലോഷ്യസ് സേവ്യറിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് സമിതി കെ.സുധാകരന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കെ എസ് യു എടുത്ത നിലപാടുകളെ എല്ലാം കെപിസിസി തള്ളിക്കളഞ്ഞു. കെ എസ് യുവിനെതിരെ ദേശീയ നേതൃത്വത്തോട് നടപടി ആവശ്യപ്പെടുകയും ചെയ്തു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സുധാകരനെ മാറ്റാൻ ചില നീക്കങ്ങളുണ്ട്. അതിന്റെ കൂടെ ഭാഗമാണ് കെ എസ് യുവിനെ കൊണ്ട് പരാതി കൊടുപ്പിച്ചതെന്ന വാദവും സജീവമാണ്.
കെ എസ് യുവുമായുള്ള വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലിന്റെ നിലപാട് വ്യക്തമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്ന കെസി കേരളത്തിലെ വിഷയങ്ങളിൽ ഇടപെട്ടിരുന്നില്ല. എന്നാലും കെസിയുടെ നിലപാട് തന്നെയാകും ഈ വിഷയത്തിലും നിർണ്ണായകമാകുക. ഇന്ത്യാ മുന്നണി അധികാരത്തിലെത്തുകയും അതിനെ നയിക്കാൻ കോൺഗ്രസ് മുന്നിൽ നിൽക്കുകയും ചെയ്താൽ കെസി കൂടുതൽ കരുത്തനാകും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലവും കേരളത്തിലെ ഈ വിവാദത്തെ സ്വാധീനിക്കും. സുധാകരനെ മാറ്റാൻ എ ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്. ഇവർക്കൊപ്പം ഐ ഗ്രൂപ്പിലെ പ്രമുഖരും ചേർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കെ എസ് യു നൽകിയ പരാതിയിൽ തിരുവഞ്ചൂർ എടുക്കുന്ന നിലപാട് കെ സുധാകരനും നിരീക്ഷിക്കുന്നുണ്ട്. അതാകും ഇനി ഈ തർക്കത്തിൽ നിർണ്ണായകമാവുക.
പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പം നിൽക്കുന്ന നേതാവാണ് അലോഷ്യസ് സേവ്യർ. കെ എസ് യു ക്യാമ്പിലെ പ്രശ്‌നങ്ങളെ പരസ്യമായി തന്നെ സതീശൻ അനുകൂലിച്ച് സംസാരിച്ചിരുന്നു. എന്നാൽ കടുത്ത ഭാഷയിലായിരുന്നു കെപിസിസി അധ്യക്ഷൻ സുധാകരന്റെ വിമർശനം. ഇത് ചേരി തിരിവിന് തെളിവായി പറയുമ്പോഴാണ് കെ എസ് യു പരാതിയുമായി എത്തുന്നത്. കെഎസ്‌യു നേതൃത്വം പരാജയമെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട് പറയുന്നുണ്ടെന്നാണ് വന്ന വാർത്തകൾ. ഇത് ചോർത്തലാണെന്നാണ് അലോഷ്യസ് സേവ്യറിന്റെ പക്ഷം. കോൺഗ്രസിലെ ഉന്നതരുമായി ആലോചിച്ചാണ് അച്ചടക്ക സമിതിക്ക് കെ എസ് യു നേതാവ് പരാതി കൊടുക്കുന്നത്. ലക്ഷ്യം കെപിസിസിയും സുധാകരനുമാണെന്ന് വ്യക്തമാണ്.
കെപിസിസി അന്വേഷണ സമിതിയോട് സംസ്ഥാന അധ്യക്ഷൻ ആലോഷ്യസ് സേവ്യർ സഹകരിച്ചില്ല. അലോഷ്യസ് സേവിയറിന് ധാർഷ്ട്യമാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കെഎസ്‌യു നേതൃത്വത്തിന് ഗുരുതര സംഘടനാ വീഴ്ചയുണ്ടായി. സംഘടനാ തലത്തിൽ അടിമുടി അഴിച്ചുപണിയണം. ജംബോ കമ്മിറ്റികളിൽ പൊളിച്ചെഴുത്ത് വേണം എന്നും എംഎം നസീർ എകെ ശശി എന്നിവരുടെ സമിതി കെപിസിസി അധ്യക്ഷൻ കെ സുധാകരന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥി വിരുദ്ധ നയങ്ങളെ കെ എസ് യു നേതൃത്വത്തിന് ചെറുക്കാനാകുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നെയ്യാറിൽ നടന്ന ക്യാമ്പിലെ സംഘട്ടനത്തിൽ ഒരാളുടെ കൈ ഞരമ്പ് അറ്റുപോയെന്നും പറയുന്നുണ്ട്. ഈ റിപ്പോർട്ട് പുറത്തു വന്നതാണ് പരാതിക്ക് കാരണം.
കെ.എസ്.യു കൂട്ടത്തല്ലിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ന്യായീകരണം തള്ളി കെ.കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ രംഗത്തിറങ്ങിയതോടെ പോര് മുറുകിയിരുന്നു. കെ.എസ്.യുവിന്റെ സ്ഥാപകദിനത്തിൽ സംഘടനാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവും അദ്ദേഹം നടത്തി. കുട്ടികൾ മദ്യം ഉപയോഗിച്ച് തമ്മിൽ തല്ലിയെന്ന് പറയുന്നത് പാർട്ടിക്ക് അപമാനമാണെന്നും അതിനെ ലാഘവവൽക്കരിക്കുന്ന നിലപാട് ശരിയല്ലെന്നും സുധാകരൻ പറഞ്ഞു. കെ.എസ്.യു. പ്രസിഡന്റ് അലോഷ്യസ് സേവ്യറെ മാറ്റണമെന്ന ആവശ്യം റിപ്പോർട്ടിനൊപ്പം സുധാകരൻ ഹൈക്കമാന്റിനെ ഉന്നയിച്ചേക്കും എന്നും സൂചനയുണ്ട്.
വിഷയത്തിലുണ്ടായ എൻ.എസ്.യു.ഐ നടപടിയും ഏകപക്ഷീയമെന്നാണ് സുധാകരപക്ഷത്തിന്റെ പരാതി. വിഷയം അന്വേഷിക്കാൻ മറ്റൊരു സമിതിയെ കെ.എസ്.യു നേതൃത്വം ചുമതലപ്പെടുത്തിയതിലും കെപിസിസി നേതൃത്വത്തിന് അതൃപ്തിയുണ്ട്. കെപിസിസി അദ്ധ്യക്ഷനെ വേണ്ട വിധം ക്ഷണിക്കാതെ ക്യാമ്പ് നടത്തിയതിലുള്ള അമർഷവും കേന്ദ്ര നേതൃത്വത്തെ അറിയിക്കും.