- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് നേരേ കോഴിക്കോട്ട് വച്ച് കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ കരിങ്കൊടി വീശി
കോഴിക്കോട്: കോഴിക്കോട്ട് വച്ച് മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്യു-എംഎസ്എഫ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ച എട്ട് കെ.എസ്.യു. പ്രവർത്തകരെയും നാല് എം.എസ്.എഫ്. പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കോഴിക്കോട് എൻ.ജി.ഒ. യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഗസ്റ്റ് ഹൗസിൽ നിന്ന് ബീച്ചിലെ സമ്മേളന നഗരിയിലേക്ക് പോകുന്നതിനിടെ വെസ്റ്റ്ഹില്ലിൽ വച്ചാണ് കെ.എസ്.യു, എം.എസ്.എഫ്. പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി കാണിച്ചത്.
പ്രതിഷേധ സാധ്യതയുള്ളതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നതിനാൽ കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷഹബാസ്, എംപി.രാഗിൻ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കൂടുതൽ പ്രവർത്തകർ ഇവിടെ തമ്പടിച്ചിരുന്നു. പൊലീസുകാർക്ക് ഇവരെ തിരിച്ചറിയാൻ സാധിച്ചതുമില്ല. മുഖ്യമന്ത്രിയുടെ വാഹനം അടുത്തേക്ക് എത്തിയപ്പോൾ പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കെഎസ്യു പ്രവർത്തകരെയും 2 എംഎസ്എഫ് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
പ്ലസ് വൺ സമരം വ്യാപിക്കുന്നു
അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം വ്യാപിക്കുകയാണ്. മലബാറിൽ ഒതുങ്ങി നിന്ന സമരം തലസ്ഥാനത്തേക്കും വ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പ്രവർത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പൊലീസെത്തി മാറ്റി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്തിറക്കിയത്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിശദീകരണവുമായി മന്ത്രി
മലപ്പുറം ജില്ലയിലടക്കം പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയന്ന് എസ്എഫ്ഐയും ശരിവച്ചതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മലപ്പുറത്ത് പ്ലസ് വണ്ണിൽ കുറവുള്ളത് 2954 സീറ്റുകൾ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അൺ എയ്ഡഡ് ഒഴികെ 11,083 സീറ്റുകൾ ജില്ലയിൽ ഒഴിവുണ്ട്. ഇനി രണ്ട് അലോട്ട്മെന്റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ശാന്തമായ അന്തരീഷത്തിൽ പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് എംഎസ്എഫിന്റേതെന്നും മന്ത്രി ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരുമായി ചർച്ചക്ക് തയ്യാറാണ്. ഈ വിഷയത്തിൽ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നത്. ആദ്യ അലോട്ട്മെന്റ് കഴിയുമ്പോൾ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാൻ തയാറാണ്. സംഘർഷ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും വി ശിവൻകുട്ടി പറഞ്ഞു.