- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് യു കൂട്ടത്തല്ലിൽ സസ്പെൻഷനിലായത് സുധാകരന്റെ അനുയായികൾ
തിരുവനന്തപുരം: നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കെ എസ് യു തെക്കൻ മേഖലാ പഠനക്യാമ്പിലെ കൂട്ടത്തല്ലിൽ സംഘടനാതല നടപടിനേരിടേണ്ടി വന്നത് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അനുയായികൾ. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർജ് ടിജോ എന്നിവരെ സസ്പെന്റ് ചെയ്തതാണ് വിവാദത്തിന് കാരണം. പഠന ക്യാമ്പിലേക്ക് സുധാകരനെ ക്ഷണിക്കാത്തത് യോഗത്തിൽ ചർച്ചയാക്കിയ നേതാവാണ് അനന്തകൃഷ്ണൻ. ഇവർക്കൊപ്പം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ്, ജില്ലാ ജനറൽ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവരെ സസ്‌പെൻഡ് ചെയ്തു.
സംഘടനാവിരുദ്ധ പ്രവർത്തനത്തിനാണ് അനന്തകൃഷ്ണനും ആഞ്ചലോ ജോർജിനുമെതിരെ നടപടി. മേഖലാ ക്യാമ്പിനെതിരെ വ്യാജവാർത്ത പ്രചരിപ്പിക്കാൻ സഹായിച്ചെന്നും മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ എത്തിച്ചുനൽകിയെന്നുമാണ് ഇവർക്ക് രണ്ടുപേർക്കും നൽകിയ നോട്ടീസിലുള്ളത്. ഇവരുടെ പ്രവർത്തനം സംസ്ഥാന കമ്മിറ്റിയെ അപകീർത്തിപ്പെടുത്തിയെന്നും എൻ എസ് യു ഐ ദേശീയ സെക്രട്ടറി ബിരു സമ്പത്ത് കുമാർ അറിയിച്ചു. ഈ രണ്ടു പേരും സുധാകരന്റെ വിശ്വസ്തരാണ്. സംഭവത്തിൽ കെപിസിസി അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് കെ എസ് യു നേതൃത്വത്തിന് എതിരെയായിരുന്നു. കെപിസിസി നേതൃത്വത്തോട് സംഭവിച്ചത് പറഞ്ഞവരെയാണ് എൻ എസ് യു നേതൃത്വത്തെ കൊണ്ട് പുറത്താക്കിയതെന്നാണ് ആരോപണം.
നെയ്യാർഡാമിലെ അടിയിൽ കെപിസിസിയിലും ഇതോടെ ഭിന്നത രൂക്ഷമാകും. വി ഡി സതീശനെ അനുകൂലിക്കുന്ന കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കെസി വേണുഗോപാലിന്റേയും ഇടപെടലുണ്ട്. ഈ ഹൈക്കമാണ്ട് സ്വാധീനത്തിലാണ് സുധാകരനൊപ്പം ഉള്ളവർക്കെതിരെ അതിവേഗ നടപടികൾ എടുക്കുന്നത്. ഇതിനൊപ്പം അടിയുണ്ടാക്കിയവർക്കെതിരേയും നടപടി എടുത്തു. ക്യാമ്പിൽ അനാവശ്യ കലഹമുണ്ടാക്കിയെന്നാണ് അൽ അമീൻ അഷറഫിനെതിരേയും ജെറിൻ ആര്യനാടിനെതിരേയുമുള്ള ആരോപണം. അന്വേഷണവിധേയമായാണ് ഇരുവർക്കും സസ്‌പെൻഷൻ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനാതല അന്വേഷണം നടത്തും. കെപിസിസിയുടെ അന്വേഷണ റിപ്പോർട്ടിനെ കെ എസ് യു അംഗീകരിക്കില്ലെന്ന് സാരം.
കെ എസ് യുവിനെതിരെ നടപടി എടുക്കാൻ കെപിസിസിക്ക് കഴിയില്ലെന്നാണ് അലോഷ്യസ് അനുകൂലികൾ ഉയർത്തുന്ന വാദം. കെ എസ് യു തികച്ചും സ്വതന്ത്ര സ്വഭാവമുള്ള വിദ്യാർത്ഥി സംഘടനയാണെന്നും പറയുന്നു. ഇതിനിടെയാണ് കെ എസ് യുവിന്റെ ദേശീയ ഘടകമായ എൻ എസ് യുവിന് കേരള ഘടകം അടിയെ കുറിച്ച് റിപ്പോർട്ട് നൽകിയത്. ക്യാമ്പിലേക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിക്കാതിരുന്നതിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നടപടിയിൽ കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
തമ്മിൽത്തല്ലിൽ കെ.എസ്.യു നേതൃത്വത്തെ കുറ്റപ്പെടുത്തി കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്നലെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്യാമ്പ് നടത്തിപ്പിൽ കെ.എസ്.യു നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. കെ.എസ്.യു നേതൃത്വത്തിലെ ഒരുവിഭാഗം, വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്യാമ്പിലേക്ക് ക്ഷണിച്ചെന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് തെറ്റാണെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ക്ഷണിക്കാതിരുന്നത് വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കുട്ടികളല്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇതിന് പിന്നാലെയാണ് സുധാകരനെ അനുകൂലിക്കുന്നവർക്കെതിരെ നടപടി വന്നത്.
കഴിഞ്ഞ ദിവസം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്യാമ്പിനിടെയാണ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പരിക്കേറ്റ കെ എസ് യു പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്, നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കങ്ങളെ തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു കെ എസ് യു നേതൃത്വത്തിന്റെ വിശദീകരണം.