തിരുവനന്തപുരം: നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കെ എസ് യു തെക്കൻ മേഖലാ പഠനക്യാമ്പിലെ കൂട്ടത്തല്ലിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർജ് ടിജോ എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു. കെ സുധാകരന്റെ അനുയായികളായ ഇവരെ സസ്‌പെൻഡ് ചെയ്തത് വിവാദമായിരുന്നു. പഠന ക്യാമ്പിലേക്ക് സുധാകരനെ ക്ഷണിക്കാത്തത് യോഗത്തിൽ ചർച്ചയാക്കിയ നേതാവാണ് അനന്തകൃഷ്ണൻ. ഇവർക്കൊപ്പം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അൽ അമീൻ അഷ്റഫ്, ജില്ലാ ജനറൽ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി കൊടുത്തു എന്നതാണ് തനിക്കെതിരെ ചാർത്തിയ കുറ്റമെന്നും താനിത് വരെ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ചരിത്രം ഇല്ലെന്നും അനന്തകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, തന്റെ സസ്‌പെൻഷൻ വിവരമറിഞ്ഞ മാധ്യമപ്രവർത്തകൻ വിളിപ്പപ്പോൾ തനിണ്ടായ നാക്കുപിഴയിൽ അനന്തകൃഷ്ണൻ ഖേദം പ്രകടിപ്പിച്ചു. 'സസ്‌പെൻഷൻ വിവരമറിഞ്ഞ ഒരു മാധ്യമപ്രവർത്തകൻ എന്നെ വിളിച്ചപ്പോൾ ക്യാമ്പിൽ ധാരാളം പേർ മദ്യപിച്ചിരുന്നു എന്ന് പറഞ്ഞ എന്റെ ഭാഗത്ത് നിന്നുണ്ടായ നാക്ക് പിഴയിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. എന്നെ ഒറ്റുകാരനാക്കി സസ്‌പെൻഡ് ചെയ്തതിനുള്ള മാനസിക സംഘർഷമാണ് അത്തരം നാക്ക്പിഴ എന്നിൽ നിന്നുണ്ടാവുന്നതിനിടയാക്കിയത്.'

സസ്‌പെൻഷൻ അറിയിപ്പിൽ പറഞ്ഞിരിക്കുന്നതും 'വാർത്ത ചോർത്തിയതിനുള്ള തെളിവുകൾ ലഭിച്ചതുകൊണ്ടാണ് നടപടി' എന്നാണ് എന്താണ് ആ തെളിവുകൾ എന്ന് കുറഞ്ഞ പക്ഷം എന്നെയെങ്കിലും ബോധ്യപ്പെടുത്താനുള്ള മര്യാദ സംസ്ഥാന പ്രസിഡന്റ് കാണിക്കണം.
ഈ രാജ്യത്ത് ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകന് ഞാൻ ക്യാമ്പിൽ നടന്ന വിവരങ്ങൾ കൈമാറി എന്ന് സംസ്ഥാന പ്രസിഡന്റിന് തെളിയിക്കാൻ കഴിഞ്ഞാൽ ഞാൻ എന്റെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം',അലോഷ്യസ് സേവ്യറെ അനന്തകൃഷ്ണൻ പോസ്റ്റിൽ വെല്ലുവിളിച്ചു.

അനന്തകൃഷ്ണന്റെ പോസ്റ്റിന്റെ പൂർണരൂപം:

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എൻ.എസ്.യു.ഐ നേതൃത്വം സസ്‌പെൻഡ് ചെയ്ത വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. തിരുവനന്തപുരത്ത് നടന്ന തെക്കൻ മേഖല ക്യാമ്പിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് വാർത്ത ചോർത്തി എന്നതാണ് എനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. ഇത്രയും കാലത്തെ സംഘടനാ പ്രവർത്തന കാലത്തിനിടക്ക് നാളിതുവരെ ഏതെങ്കിലും മാധ്യമപ്രവർത്തകർക്കോ, പൊലീസിനോ, എതിർ സംഘടനക്കോ സ്വന്തം പ്രസ്ഥാനത്തെ ഒറ്റികൊടുത്ത ചരിത്രം എനിക്കില്ല.

പ്രസ്തുത സംഭവങ്ങൾക്ക് ശേഷം ക്യാമ്പ് ഹാളിൽ തന്നെ സംസ്ഥാന കമ്മിറ്റി കൂടിയിരുന്നു. അതിൽ ഞങ്ങൾ എല്ലാ ഭാരവാഹികളുടെയും ഫോൺ സംസ്ഥാന പ്രസിഡന്റ് പരിശോധിച്ചിരുന്നു അതിൽ നിന്ന് കേൾ ലിസ്റ്റ്, വാട്‌സാപ്പ്, ഫോട്ടോ, വീഡിയോ എന്നിവ പരിശോധിച്ചു. അതിൽ ഒരാളിൽ നിന്നും യാതൊന്നും കണ്ടെത്താനായില്ല. എന്നാൽ സംഭവം നടക്കുന്ന സമയം വീഡിയോ എടുത്തിരുന്ന ചിലരിൽ നിന്ന് സംസ്ഥാന ഭാരവാഹികൾ ഇടപെട്ട് ഡിലീറ്റ് ചെയ്തിരുന്നു. പിറ്റേ ദിവസം രാവിലെ പല ചാനലുകളിലും വീഡിയോ സഹിതം വാർത്തകൾ പുറത്ത് വന്നത് ശ്രദ്ധയിൽപ്പെട്ടു.

അന്നേദിവസം രാവിലെ എന്നെ വിളിച്ചിരുന്ന കെപിസിസി മുൻ ഭാരവാഹിയോട് മാത്രം അവിടെ ചെറിയ വഴക്ക് നടന്നുവെന്നും ഒരാൾ ഹോസ്പിറ്റലിൽ ഉണ്ടെന്നും അയാളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു.അല്ലാതെ ഒരു വിവരവും ആർക്കും കൈമാറിയിട്ടില്ല അതിനു ശേഷം 8 മണിക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ രണ്ട് മാധ്യമപ്രവർത്തകർ എന്നെ വിളിച്ചിരുന്നു. 'ഞാൻ ആ സമയം ക്യാമ്പിൽ ഇല്ലായിരുന്നെന്നും അവിടെ അങ്ങനെ ഒരു സംഭവവും നടന്നില്ല' എന്നും ഞാൻ അവരോട് പറഞ്ഞു.

പിന്നീട് ക്യാമ്പിൽ വെച്ച് സംസ്ഥാന പ്രസിഡന്റിനോട് എന്നെ വിളിച്ച മാധ്യമപ്രവർത്തകരുടെ പേരുകളും ഞാൻ നേരിട്ട് പറഞ്ഞിരുന്നു. അതിന് ശേഷം ഉച്ചയോട് കൂടിയാണ് ഞാനടക്കമുള്ളവരാണ് വാർത്ത ചോർത്തി നൽകിയതെന്ന ഒരു പ്രചരണം ചില സംസ്ഥാന ഭാരവാഹികൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. ഏകദേശം ഈ സമയം ആണ് ആലപ്പുഴയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹിക്ക് അദ്ദേഹത്തിന്റെ സുഹൃത്തായ ഏഷ്യനെറ്റ് റിപ്പോർട്ടർ അദ്ദേഹത്തിന് ലഭിച്ച വാട്‌സാപ്പ് സന്ദേശം ആരാണ് അയച്ചതെന്ന് കാണിച്ചു എന്നും തിരുവനന്തപുരത്തിന് പുറത്തുള്ള ഒരു ജില്ലാ ഭാരവാഹിയുടെ വാട്‌സാപ്പ് സന്ദേശമാണ് വെളിവാക്കിയത് എന്നും അറിഞ്ഞു.

ഈ വിവരം അറിഞ്ഞ ഞാൻ എനിക്കെതിരെയുള്ള ആസൂത്രിത പ്രചരണം അവസാനിച്ചു എന്ന് കരുതി ഇരിക്കുമ്പോഴാണ് പിറ്റേന്ന് എന്നെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള നടപടി വരുന്നത്. ഇത് സംസ്ഥാന പ്രസിഡന്റിന്റെ ക്യാമ്പ് നടത്തിപ്പിൽ ഉണ്ടായ വീഴ്‌ച്ച മറക്കാനും കമ്മിറ്റികളിൽ സംസ്ഥാന പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുള്ള തെറ്റുകളും വീഴ്ചകളും ക്രമക്കേടുകളും ഉൾപ്പടെ ചൂണ്ടികാണിക്കുന്നതിലുള്ള പ്രതികാരനടപടിയുമാണെന്ന് എനിക്ക് ബോധ്യം വന്നത്.

സസ്‌പെൻഷൻ വിവരമറിഞ്ഞ ഒരു മാധ്യമപ്രവർത്തകൻ എന്നെ വിളിച്ചപ്പോൾ ക്യാമ്പിൽ ധാരാളം പേർ മദ്യപിച്ചിരുന്നു എന്ന് പറഞ്ഞ എന്റെ ഭാഗത്ത് നിന്നുണ്ടായ നാക്ക് പിഴയിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. എന്നെ ഒറ്റുകാരനാക്കി സസ്‌പെൻഡ് ചെയ്തതിനുള്ള മാനസിക സംഘർഷമാണ് അത്തരം നാക്ക്പിഴ എന്നിൽ നിന്നുണ്ടാവുന്നതിനിടയാക്കിയത്.

സസ്‌പെൻഷൻ അറിയിപ്പിൽ പറഞ്ഞിരിക്കുന്നതും 'വാർത്ത ചോർത്തിയതിനുള്ള തെളിവുകൾ ലഭിച്ചതുകൊണ്ടാണ് നടപടി' എന്നാണ് എന്താണ് ആ തെളിവുകൾ എന്ന് കുറഞ്ഞ പക്ഷം എന്നെയെങ്കിലും ബോധ്യപ്പെടുത്താനുള്ള മര്യാദ സംസ്ഥാന പ്രസിഡന്റ് കാണിക്കണം. ഈ രാജ്യത്ത് ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകന് ഞാൻ ക്യാമ്പിൽ നടന്ന വിവരങ്ങൾ കൈമാറി എന്ന് സംസ്ഥാന പ്രസിഡന്റിന് തെളിയിക്കാൻ കഴിഞ്ഞാൽ ഞാൻ എന്റെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം.

മറിച്ചാണങ്കിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർന് എന്ത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കണം. ഒറ്റപ്പെട്ട ചിലർ ഉണ്ടാക്കിയ സംഘർഷം എല്ലാ തരത്തിലും സംഘടനയ്ക്ക് കളങ്കം ഉണ്ടാക്കിയിരുന്നു അതിന് പിന്നാലെ ഉണ്ടായ പ്രതികാര നടപടിയുടെ വിഷമത്തിൽ എന്റെ ഭാഗത്തുനിന്ന് ഉണ്ടായ നാക്കുപിഴയും പല തരത്തിലുള്ള പ്രയാസങ്ങൾക്ക് കാരണമായിട്ടുണ്ടന്നറിയാം അതിന് കെ.എസ്.യു പ്രവർത്തകരോട് ഒരിക്കൽക്കൂടി മാപ്പ് ചോദിക്കുന്നു.

അലോഷ്യസ് സേവ്യർ പ്രതികാരപൂർവം പെരുമാറിയെന്നാണ് സസ്പെൻഷനിലായ സുധാകര പക്ഷക്കാരനായ കെഎസ് യു സംസ്ഥാന ജനറൽസെക്രട്ടറി ആരോപിക്കുന്നത്. ക്യാംപ് നടത്തിപ്പിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെപിസിസി അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ഉയർത്തിക്കാട്ടിയാവും അച്ചടക്കനടപടിക്ക് എൻഎസ്‌യുവിനോട് കെപിസിസി അധ്യക്ഷൻ ശുപാർശ ചെയ്യുക. എന്നാൽ തന്റെ അനുയായിയായ സംസ്ഥാന അധ്യക്ഷനെ സംരക്ഷിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ.

സംഘടനാവിരുദ്ധ പ്രവർത്തനത്തിനാണ് അനന്തകൃഷ്ണനും ആഞ്ചലോ ജോർജിനുമെതിരെ നടപടി. മേഖലാ ക്യാമ്പിനെതിരെ വ്യാജവാർത്ത പ്രചരിപ്പിക്കാൻ സഹായിച്ചെന്നും മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ എത്തിച്ചുനൽകിയെന്നുമാണ് ഇവർക്ക് രണ്ടുപേർക്കും നൽകിയ നോട്ടീസിലുള്ളത്. ഇവരുടെ പ്രവർത്തനം സംസ്ഥാന കമ്മിറ്റിയെ അപകീർത്തിപ്പെടുത്തിയെന്നും എൻ എസ് യു ഐ ദേശീയ സെക്രട്ടറി ബിനു സമ്പത്ത് കുമാർ അറിയിച്ചു. ഈ രണ്ടു പേരും സുധാകരന്റെ വിശ്വസ്തരാണ്. സംഭവത്തിൽ കെപിസിസി അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് കെ എസ് യു നേതൃത്വത്തിന് എതിരെയായിരുന്നു. കെപിസിസി നേതൃത്വത്തോട് സംഭവിച്ചത് പറഞ്ഞവരെയാണ് എൻ എസ് യു നേതൃത്വത്തെ കൊണ്ട് പുറത്താക്കിയതെന്നാണ് ആരോപണം.

നെയ്യാർഡാമിലെ അടിയിൽ കെപിസിസിയിലും ഇതോടെ ഭിന്നത രൂക്ഷമായി. വിഡി സതീശനെ അനുകൂലിക്കുന്ന കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കെസി വേണുഗോപാലിന്റേയും ഇടപെടലുണ്ട്. ഈ ഹൈക്കമാൻഡ് സ്വാധീനത്തിലാണ് സുധാകരനൊപ്പം ഉള്ളവർക്കെതിരെ അതിവേഗ നടപടികൾ എടുക്കുന്നത്. ഇതിനൊപ്പം അടിയുണ്ടാക്കിയവർക്കെതിരേയും നടപടി എടുത്തു. ക്യാമ്പിൽ അനാവശ്യ കലഹമുണ്ടാക്കിയെന്നാണ് അൽ അമീൻ അഷറഫിനെതിരേയും ജെറിൻ ആര്യനാടിനെതിരേയുമുള്ള ആരോപണം. അന്വേഷണവിധേയമായാണ് ഇരുവർക്കും സസ്പെൻഷൻ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനാതല അന്വേഷണം നടത്തും. കെപിസിസിയുടെ അന്വേഷണ റിപ്പോർട്ടിനെ കെ എസ് യു അംഗീകരിക്കില്ലെന്ന് സാരം.

കെ എസ് യുവിനെതിരെ നടപടി എടുക്കാൻ കെപിസിസിക്ക് കഴിയില്ലെന്നാണ് അലോഷ്യസ് അനുകൂലികൾ ഉയർത്തുന്ന വാദം. കെ എസ് യു തികച്ചും സ്വതന്ത്ര സ്വഭാവമുള്ള വിദ്യാർത്ഥി സംഘടനയാണെന്നും പറയുന്നു. ഇതിനിടെയാണ് കെ എസ് യുവിന്റെ ദേശീയ ഘടകമായ എൻ എസ് യുവിന് കേരള ഘടകം അടിയെ കുറിച്ച് റിപ്പോർട്ട് നൽകിയത്. ക്യാമ്പിലേക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിക്കാതിരുന്നതിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നടപടിയിൽ കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

തമ്മിൽത്തല്ലിൽ കെ.എസ്.യു നേതൃത്വത്തെ കുറ്റപ്പെടുത്തി കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്യാമ്പ് നടത്തിപ്പിൽ കെ.എസ്.യു നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. കെ.എസ്.യു നേതൃത്വത്തിലെ ഒരുവിഭാഗം, വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്യാമ്പിലേക്ക് ക്ഷണിച്ചെന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് തെറ്റാണെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ക്ഷണിക്കാതിരുന്നത് വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കുട്ടികളല്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇതിന് പിന്നാലെയാണ് സുധാകരനെ അനുകൂലിക്കുന്നവർക്കെതിരെ നടപടി വന്നത്.

കഴിഞ്ഞ ദിവസം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്യാമ്പിനിടെയാണ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പരിക്കേറ്റ കെ എസ് യു പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്, നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. വാട്സാപ്പ് ഗ്രൂപ്പിലെ തർക്കങ്ങളെ തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു കെ എസ് യു നേതൃത്വത്തിന്റെ വിശദീകരണം.