- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിന്നുതിരിയാൻ ഇടമില്ലാത്ത വിധം കെ എസ് യു ജംബോ പട്ടിക; സംസ്ഥാനത്ത് നിന്ന് 45പേരുടെ പട്ടിക നൽകിയപ്പോൾ, എൻ എസ് യു ഐ പുറത്തുവിട്ട പട്ടികയിൽ 94 പേർ; വി ടി ബൽറാമും ജയന്തും സ്ഥാനമൊഴിഞ്ഞു; കെ സിയുടെ ചരടുവലിയെന്നും ആരോപണം; കെ.സുധാകരനും അതൃപ്തി
തിരുവനന്തപുരം: കെഎസ് യു സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസിൽ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനായി അലോഷ്യസ് സേവ്യർ തുടരും. സീനിയർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് ഷമ്മാസും ആൻ സെബാസ്റ്റ്യനും തുടരും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി അനന്തനാരായണൻ എച്ച്, അരുൺ രാജേന്ദ്രൻ, വിശാഖ് പാത്തിയൂർ, യദുകൃഷ്ണൻ എം ജെ എന്നിവരേയും തിരഞ്ഞെടുത്തു. കേരളത്തിൽ തയ്യാറാക്കിയ പട്ടിക കേന്ദ്രത്തിന് കൈമാറുകയായിരുന്നു. പട്ടിക ഹൈക്കമാൻഡ് തിരുത്തിയെന്നാണ് പരാതി. ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ ചില ചരടുവലി നടത്തിയെന്നും ആരോപണമുണ്ട്. പട്ടികയിൽ, വിവാഹിതർ കയറികൂടിയെന്നും ജംബോ പട്ടികയാണെന്നും വിമർശനം ഉയർന്നു. ദേശീയ പ്രസിഡന്റ് ശൗര്യവീർ സിങ്ങാണ് പട്ടിക പ്രഖ്യാപിച്ചത്.
പുനഃസംഘടനാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് ആരോപിച്ച് സംസ്ഥാന കെ.എസ്.യുവിന്റെ മേൽനോട്ടചുമതല വഹിച്ചിരുന്ന കോൺഗ്രസ് നേതാവ് വി.ടി ബൽറാമും അഡ്വ. ജയന്തും സ്ഥാനമൊഴിഞ്ഞു. ചുമതല ഒഴിയുന്നതായി ചൂണ്ടിക്കാണിച്ച് ഇരുവരും ശനിയാഴ്ച കെ. സുധാകരന് കത്ത് നൽകി. കെ.എസ്.യുവിൽ നിന്ന് കെ.എം. അഭിജിത്തിനെ മാറ്റി അലോഷ്യസ് സേവിയറിനെ അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച് പട്ടിക പുറത്തുവന്നിരുന്നു. എന്നാൽ, ഇതിനുശേഷം സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറെ നീണ്ടു. നിലവിൽ ഇപ്പോൾ പുനഃസംഘടനാ പട്ടികയ്ക്ക് അംഗീകാരമായെങ്കിലും പുറത്തുവന്നിരിക്കുന്നത് ഒരു ജംബോ പട്ടികയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ബൽറാമും ജയന്തും നൽകിയ പട്ടികയിൽ ഉണ്ടായിരുന്നത് 45 പേർ മാത്രമായിരുന്നു. എന്നാൽ നിലവിൽ എൻ.എസ്.യു.ഐ അംഗീകരിച്ച പട്ടികയിൽ 94 പേരുണ്ട്. ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. നേരത്തെ അലോഷ്യസ് സേവറിനൊപ്പം രണ്ട് വൈസ് പ്രസിഡന്റുമാരായിരുന്നു നിയമിതരായത്. എന്നാൽ, പുതിയ പട്ടികയിൽ ഇരുവരെയും സീനിയർ വെസ് പ്രസിഡന്റുമാരായി ഉയർത്തുകയും മറ്റ് നാല് പേരെ വൈസ് പ്രസിഡന്റുമാരായി നിയമിക്കുകയുമായിരുന്നു. ഇതിനു പുറമെ മറ്റ് ഒട്ടനവധി പേരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം. വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രശ്നം സംസ്ഥാന കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചു. വിഷയത്തിൽ അഞ്ച് ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ആദേശ് സുധർമൻ, അജാസ് കുഴൽമന്ദം, അൽഅമീൻ അഷറഫ്, ആനന്ദ് കെ ഉദയൻ, അനന്തകൃഷ്ണൻ വെമ്പായം, അനീഷ് ആന്റണി, അർജുൻ, അരുൺ എസ് കെ, അരുണിമ എൻ കുറുപ്പ്, ആഷിക് ബൈജു, അസ്ലാം ഓലിക്കൽ, ബേസിൽ, ഫർഹാൻ, ഗൗജ വിജയകുമാർ, ഹാഷിം സുലൈമാൻ, ജിതിൽ, ജിത്തു ജോസ്, കണ്ണൻ നമ്പ്യാർ, മാഹിൻ എം, മിവാ ജോളി, മുബാസ്, നിതിൻ, പ്രവാസ്, പ്രിയങ്ക ഫിലിപ്പ്, റഹ്മത്തുള്ള എം, രാഹുൽ, സച്ചിൻ, സനൂജ്, ശരത്, സിംജോ സാമുവൽ എന്നിവരെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റുമാരായി ഗോപു നെയ്യാർ(തിരുവനന്തപുരം), അൻവർ സുൽഫിക്കർ(കൊല്ലം), തോമസ് എ ഡി(ആലപ്പുഴ), അലൻ ജിയോ മൈക്കിൾ(പത്തനംതിട്ട), നൈസാം കെ എൻ(കോട്ടയം), നിധിൻ ലൂക്കോസ്(ഇടുക്കി), കൃഷ്ണലാൽ കെഎം(എറണാകുളം), ഗോകുൽ ഗുരുവായൂർ(തൃശൂർ), നിഖിൽ കണ്ണാടി(പാലക്കാട്), അൻഷിദ് ഇ കെ(മലപ്പുറം), ഗൗതം ഗോകുൽദാസ്(വയനാട്), സൂരജ് വി ടി(കോഴിക്കോട്), അതുൽ എം സി(കണ്ണൂർ), ജവാദ് പുത്തൂർ(കാസറഗോഡ്) എന്നിവരെ തിരഞ്ഞെടുത്തു.ഇതിനുപുറമെ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളെയും വിവിധ സെല്ലുകളുടെ ചുമതല ഉള്ളവരെയും തിരഞ്ഞെടുത്തു.
മറുനാടന് മലയാളി ബ്യൂറോ