- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ രണ്ടത്താണിയെ തള്ളി മലപ്പുറത്ത് പി. അബ്ദുൽ ഹമീദ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി; പകരം കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനായ പി.എം.എ സമീറിനെ സെക്രട്ടറിയാക്കി;'ചന്ദ്രിക' സാമ്പത്തിക തിരിമറി വിഷയത്തിലെ ആരോപണ വിധേയനെ വാഴിച്ചതിൽ ലീഗിൽ അമർഷം
മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ അബ്ദുറഹിമാൻ രണ്ടത്താണിയെ തള്ളി മലപ്പുറത്ത് പി. അബ്ദുൽ ഹമീദ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി. പകരം കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനായ പി.എം.എ സമീറിനെ സെക്രട്ടറിയാക്കി. ചന്ദ്രികയിലെ സാമ്പത്തിക തിരിമറി വിഷയത്തിൽ ആരോപണ വിധേയനായ ഫിനാൻസ് ഡയറക്ടർ സമീറിനെ സെക്രട്ടറിയാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ താൽപര്യപ്രകാരമെന്ന് ആരോപണം ഉയർന്നതോടെ പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിൽ അമർഷം.
മുസ്ലിംലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയിലെ പുതിയ ജില്ലാ ജനറൽ സെക്രട്ടറിക്കുവേണ്ടി സംഘടനയിൽ കടിപിടി തുടങ്ങിയിരുന്നു. നിലവിലെ ജനറൽ സെക്രട്ടറിയും എംഎൽഎയുമായ യു.എ.ലത്തീഫ് മാറി നിൽക്കുകയാണെന്ന് സ്വയം അറിയിച്ചതോടെയാണു മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കഴിഞ്ഞാൽ നേതാക്കൾ ഏറ്റവും പ്രധാന്യം നൽകുന്ന മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തിനുവേണ്ടി സംഘടനയിൽ വലിയ ചർച്ചകൾ നടന്നിരുന്നത്.
മുസ്ലിംലീഗ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ശാഖാതലം മുതൽ മണ്ഡലം വരെ ഭാരവാഹികൾ ഒരേ ഒരു സ്ഥാനം എന്ന തീരുമാനം നടപ്പിൽ വരികയും എന്നാൽ മലപ്പുറം ജില്ലയിലുള്ള എംഎൽഎമാർ സംഘടിച്ച് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ. യുടെ നേതൃതത്തിൽ പാണക്കാട് സ്വാധീനിച്ച് പി അബ്ദുൽ ഹമീദ് എംഎൽഎയെ ജനറൽ സെക്രട്ടറി ആകുവാൻ ശ്രമം നടത്തുകയും അത് ഏറെ കുറെ വിജയിക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. അതുപോലെ തന്നെയാണിപ്പോൾ പ്രഖ്യാപനവും വന്നിട്ടുള്ളത്. ഈ നീക്കത്തിന് പാണക്കാട്ടെ ചില തങ്ങൾമാർ അനുകൂലമായ നിലപാടാണ് എടുത്തിരുന്നത്.
എന്നാൽ മുസ്ലിംലീഗിലെ ഏറ്റവും ശക്തനായ നേതാവും ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി മുൻ എംഎൽഎകൂടിയായ അബ്ദുറഹിമാൻ രണ്ടത്താണിയെ ജില്ലാ ജനറൽ സെക്രട്ടറി ആക്കണമെന്ന ശക്തമായ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. എന്നാൽ മറ്റുള്ളവരെല്ലാം ഒറ്റക്കെട്ടായി ഹമീദ് മാസ്റ്ററെ പിന്തുണച്ചതോടെ കുഞ്ഞാലിക്കുട്ടിയും വഴങ്ങുകയായിരുന്നു. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ താൽപര്യപ്രകാരമാണ് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടർ പി.എം എ സമീറിനെ മലപ്പുറം ജില്ലാ സെക്രട്ടറിയാക്കിയത്.
പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച മറ്റു നേതാക്കളെ പിന്തള്ളി സമീറിനെ ജില്ലാസെക്രട്ടറിയാക്കിയത് പ്രവർത്തകർക്കും വലിയൊരു വിഭാഗം നേതാക്കൾക്കൾക്കും അമർഷമുണ്ടാക്കിയിട്ടുണ്ട്. കാര്യമായ പാർട്ടി പ്രവർത്തനമൊന്നുമില്ലാതെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ബിസിനസ്സ് പങ്കാളിയായതിനാലാണ് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സ്ഥാനം ഇയാൾക്കു നൽകിയതെന്നുവരെ ലീഗ് നേതാക്കൾക്കിടയിൽ അണിയറ സംസാരങ്ങളുയർന്നിട്ടുണ്ട്. മാത്രമല്ല ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയത്തിൽ ആരോപണ വിധേയനായ ഇയാൾക്കെതിരെ അന്വേഷണം വരെ നടക്കുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു.
വേതനം ലഭിക്കാത്തതിനെ തുടർന്നു ചന്ദ്രികയിലെ ജീവനക്കാർ സമരത്തിലായിരുന്നു. 2014 ൽ സമീർ ചുമതലയേറ്റതു മുതലാണ് ചന്ദ്രികയുടെ ശനിദശ തുടങ്ങിയതെന്നാണ് സമരം ചെയ്യുന്ന ജീവനക്കാർ പറയുന്നത്. ചന്ദ്രികയുടെ നവീകരണത്തിന് പല ഘട്ടങ്ങളിലായി പിരിച്ച കോടികൾ സമീർ സ്വന്തം ബിസിനസ്സിൽ മുടക്കി ലാഭം കൊയ്യുകയാണെന്നാണ് സമരസമിതി നേതാക്കളുടെ ആരോപിച്ചിരുന്നത്. ഇക്കാര്യം രഹസ്യമായി ചില ലീഗ് നേതാക്കളും ശരിവെയ്ക്കുന്നു.
പാർട്ടിയിലെ മുതിർന്ന നേതാക്കളെപ്പോലും നോക്കുകുത്തിയാക്കി ഫിനാൻസ് ഡയറക്ടർ തന്നിഷ്ട പ്രകാരം തീരുമാനമെടുത്ത് ചന്ദ്രിക കോഴിക്കോട് യൂണിറ്റ് അടച്ചുപൂട്ടാനാണ് ശ്രമിക്കുന്നതെന്ന് ചന്ദ്രിക ഗവേണിങ് ബോഡി അംഗമായ ഒരു പ്രമുഖ പാർട്ടി നേതാവ് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ബിസിനസ്സ് പങ്കാളി കൂടിയായ ഫിനാൻസ് ഡയറക്ടർ ഈ അടുപ്പം മുതലെടുത്താണ് അദ്ദേഹത്തെ മറികടന്ന് സ്വന്തം ഇംഗിതം നടപ്പാക്കുന്നതെന്നും നേതാവ് പറഞ്ഞു.
ചന്ദ്രികയുടെ കട ബാധ്യതകൾ കുന്നു കൂട്ടി 'ബെടക്കാക്കി തനിക്കാക്കുന്ന ' തന്ത്രമാണ് ഫിനാൻസ് ഡയറക്ടർ സ്വീകരിക്കുന്നതെന്നാണ് സമരക്കാർ പറയുന്നത്. നഷ്ടങ്ങൾ പെരുപ്പിച്ച് കാണിച്ച് യൂണിറ്റുകൾ ഓരോന്നായി പൂട്ടിച്ച് സ്ഥല വിൽപ്പനയ്ക്ക് നിർബന്ധിതമാക്കുകയാണ് ഫിനാൻസ്ഡയറക്ടർ. ഇതിന് കോഴിക്കോട്ടെ ഗവേണിങ് ബോഡി എതിരാണ്. ഹദിയ ഫണ്ട് ക്വാട്ട തികയ്ക്കാത്ത വിഷയത്തിൽ കോഴിക്കോട്ടെ കമ്മിറ്റിക്കെതിരെ നടപടി സ്വീകരിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ച് ചന്ദ്രിക ദിനപത്രത്തിന്റെ പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനും ഫിനാൻസ് ഡയറക്ടർ ചരടുവലിക്കുന്നുണ്ടെന്നാണ് ഗവേണിങ് ബോഡി അംഗങ്ങൾ കരുതുന്നത്.
അതോടൊപ്പം തന്നെ, അനേക കോടികൾ പി എഫ് വിഹിതം അടയ്ക്കാനുണ്ട്. തൊഴിലാളികൾ കൊടുത്ത കേസിൽ ഫിനാൻസ് ഡയറക്ടർ ജാമ്യത്തിലാണ്. മാസങ്ങൾ മുടങ്ങിക്കിടക്കുന്ന ശമ്പളം കൃത്യതയോടെ കൊടുത്തു തീർക്കാൻ മുതിർന്ന നേതാവ് ഇ .ടി മുഹമ്മദ് ബഷീറിന്റെ സാന്നിധ്യത്തിൽ ഫിനാൻസ് ഡയറക്ടറും തൊഴിലാളികളും ഒരു കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഫിനാൻസ് ഡയാക്ടർ കരാർ പാലിക്കാതെ അത് പൊളിച്ചെന്നുമാണ് ജീവനക്കാരുടെ ആരോപണം. ഇത്തരത്തിൽ ആരോപണ വിധേയനായ വ്യക്തിക്കു ലീഗ് ജില്ലാ സെക്രട്ടറി സ്ഥാനം നൽകിയത് അടുത്ത ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്കു വഴിവെച്ചേക്കും.
അതേ സമയം പാണക്കാട് അബ്ബാസലിശിഹാബ് തങ്ങളെ ജില്ലാ പ്രസിഡന്റായും പി. അബ്ദുൽ ഹമീദ് എംഎൽഎയെ ജനറൽ സെക്രട്ടറിയായുമാണ് പുതിയ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. അഷ്‌റഫ് കോക്കൂർ ആണ് ട്രഷറർ. ഇന്നു മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇസ്മായിൽ മൂത്തേടം, എം.കെ.ബാവ, എം.എ.ഖാദർ, ഉമ്മർ അറയ്ക്കൽ, പി.സെയ്തലവി, ബി.എസ്.എച്ച് തങ്ങൾ, കുഞ്ഞാപ്പു ഹാജി തുവൂർ (വൈസ് പ്രസിഡന്റുമാർ), നൗഷാദ് മണ്ണിശ്ശേരി, കെ.എം.ഗഫൂർ, അൻവർ മുള്ളമ്പാറ, പി.എം.എ.സമീർ, അഡ്വ.പി.പി.ആരിഫ്, എ.പി.ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറിമാർ) എന്നിവരെയാണ് പ്രഖ്യാപിച്ചത്.
മുസ്ലിം ലീഗ് ഉന്നത നേതാക്കൾ ചർച്ച ചെയ്ത് പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇതുകൊണ്ട് തന്നെ കൗൺസിലിൽ ചർച്ചകൾക്ക് ഇടമേകാതെ റിട്ടേണിങ് ഓഫിസർ സി.എ.എം.എ കരീം ഭാരവാഹികളെ പ്രഖ്യാപിച്ചു. ഐക്യകണഠേനെയാണ് ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നതെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. വള്ളിക്കുന്ന് എംഎൽഎയായ പി.അബ്ദുൽ ഹമീദ് രണ്ടാം തവണയാണ് ജില്ലാ ജനറൽ സെക്രട്ടറിയാകുന്നത്.
സംഘടനാ രംഗത്തെ പ്രവർത്തന മികവും ജനറൽ സെക്രട്ടറിയെന്ന മുൻ പരിചയവും പി.അബ്ദുൽഹമീദിന് അനുകൂലമായി. ലീഗിന്റെ അഭിമാന പദ്ധതിയായ ബൈത്തുറഹ്‌മയിൽ പ്രധാന പങ്കും വഹിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. ഒരേസമയം ഒരാൾക്ക് ഒരു പദവി എന്ന നേരത്തെയുള്ള മാനദണ്ഡത്തിന് ജില്ലാ ജനറൽ സെക്രട്ടറിക്കു ഇളവ് നൽകി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്