- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ച്, മരണത്തിൽ ദുരൂഹതയില്ല; കുഞ്ഞനന്തന്റെ മകൾ
കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിംലീഗ് നേതാവ് കെ എം ഷാജി രംഗത്തുവന്നതോടെ ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ ഷബ്ന മനോഹരൻ. മരണത്തിൽ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സർക്കാർ ആണെന്നും ഷബ്ന പറഞ്ഞു. കൊന്നത് യുഡിഎഫ് സർക്കാർ ആണെന്നും അൾസർ മൂർച്ഛിച്ചാണ് പിതാവ് മരിച്ചതെന്നും ലീഗ് നേതാവിനെ തള്ളികൊണ്ട് ഷബ്ന പറഞ്ഞു.
ഞങ്ങൾക്ക് അങ്ങനെയൊരു ആരോപണം ഇല്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി ചികിത്സ നൽകിയില്ലെന്ന ആരോപണം ഉണ്ട്. അതിനാലാണ് അൾസർ ഗുരുതരമായത്. പല തവണ ഉന്നയിച്ചപ്പോളും വ്യാജമാണെന്ന് യുഡിഎഫും മാധ്യമങ്ങളും ഒരുപോലെ പറഞ്ഞു. എൽഡിഎഫ് വന്നപ്പോഴേക്കും രോഗം പാരമ്യത്തിൽ എത്തിയിരുന്നു. യുഡിഎഫ് അച്ഛനെ കൊന്നതാണെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നില്ലേ. കെ എം ഷാജി തെരഞ്ഞെടുപ്പു സാഹചര്യം നോക്കി ഒന്ന് എറിഞ്ഞു നോക്കിയതാണെന്നും ഷ്ബ്ന ആരോപിച്ചു.
അതേസമയം ഷബ്നയുടെ ആരോപണം യുഡിഎഫ് കൺവീനർ എം എം ഹസൻ തള്ളി. ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ലെന്ന് ഹസ്സൻ പ്രതികരിച്ചു. വിഐപി ചികിത്സയാണ് കുഞ്ഞനന്തന് ലഭിച്ചത്. യുഡിഎഫ് ഭരിക്കുമ്പോഴും എൽഡിഎഫ് ഭരിക്കുമ്പോഴും കുഞ്ഞനന്തന് ചികിത്സ ലഭിച്ചു. ഭീഷണിപ്പെടുത്തി എല്ലാ സൗകര്യങ്ങളും പ്രതികൾ ഏർപ്പെടുത്തിയിരുന്നു എന്നും ഹസ്സൻ പറഞ്ഞു. കുഞ്ഞനന്തന്റെ മരണത്തിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി ഉന്നയിച്ച ആരോപണത്തിന്റെ വസ്തുത ഷാജിക്ക് മാത്രമേ അറിയൂ എന്നും എം എം ഹസ്സൻ പറഞ്ഞു.
ടിപി കൊലക്കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധ ഏറ്റാണ് കുഞ്ഞനന്തൻ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി ആരോപിച്ചിരുന്നു. കൊണ്ടോട്ടി മുനിസിപ്പൽ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാനപ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ എം ഷാജി.
രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഐഎം ആണ്. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ് ഇതിനൊക്കെ അടിസ്ഥാനമെന്നും കെ എം ഷാജി ആരോപിച്ചിരുന്നു.
'ഞങ്ങൾക്ക് വേണ്ടതുകൊന്നവനെയല്ല. കൊല്ലാൻ ഉപയോഗിച്ചത് കത്തിയാണ്, ബോംബാണ്. അതൊരു ഉപകരണമാണ്. അതുപോലൊരു ഉപകരണമാണ് കൊലപാതകികളായ രാഷ്ട്രീയക്കാരും. പക്ഷെ കൊല്ലാൻ പറഞ്ഞവരെ വിടരുത്. കൊല്ലിച്ചവരെ വേണം. ടി പി വധക്കേസിൽ കുഞ്ഞനന്തൻ മരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് കുഞ്ഞനന്തൻ മരികക്കുന്നത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് പറയുന്നതിന്റെ പേരിൽ എന്നെ തൂക്കികൊന്നാലും കുഴപ്പമില്ല. രഹസ്യം ചോർന്നേക്കുമെന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ചന്ദ്രശേഖരൻ വധക്കേസിൽ നേതാക്കളിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്ദനായിരുന്നു. ഏഴ് പ്രതികൾക്ക് ചന്ദ്രശേഖനോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ്.' കെ എം ഷാജി ആരോപിച്ചു.
ടി പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി കെ കുഞ്ഞനന്തൻ. വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ജയിലിൽ ആയിരിക്കെ തന്നെ കുഞ്ഞനന്തനെ പാർട്ടി ഏരിയാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു.