തിരുവനന്തപുരം: കെബി ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാവുക അടുത്ത മാസം മാത്രം. നവകേരള സദസ്സിനു ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ എൽഡിഎഫ്. മുൻധാരണ പ്രകാരം കെ.ബി.ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകും. ഡിസംബറിൽ സത്യപ്രതിജ്ഞയായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ നവകേരള സദസ് ജനുവരിയിലും ഉണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റി വച്ചവയാണ് അവ. അതുകൂടി പൂർത്തിയാക്കിയ ശേഷം പുനഃസംഘടനയെന്ന ചർച്ച ഇടതുപക്ഷത്ത് സജീവമാണ്.

അങ്ങനെ എങ്കിൽ സത്യപ്രതിജ്ഞ ജനുവരിയിലേക്ക് നീളും. ഗണേശിനും കടന്നപ്പള്ളിക്കും. രണ്ടരവർഷം വീതം മന്ത്രിസ്ഥാനം നൽകാൻ എൽഡിഎഫ് നേരത്തേ തീരുമാനിച്ചിരുന്നു. ഡിസംബർ 29ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നായിരുന്നു സൂചന. ചില മണ്ഡലങ്ങളിലെ മാറ്റിവച്ച നവകേരള സദസ്സ് ജനുവരി ആദ്യവാരം പൂർത്തിയായിട്ടു മതിയോ സത്യപ്രതിജ്ഞയെന്ന ചർച്ച സിപിഎമ്മിനുണ്ട്. ഇതിനെ ഗണേശും കടന്നപ്പള്ളിയും എതിർക്കാനും സാധ്യതയില്ല.

ഡിസംബർ 23ന് തിരുവനന്തപുരത്താണു സദസ്സിന്റെ ഔദ്യോഗിക സമാപനം. 24ന് ചേരുന്ന ഇടതുമുന്നണി യോഗത്തിലാകും മന്ത്രിസഭാ പുനഃസംഘടനയുടെ അന്തിമ തീരുമാനമുണ്ടാവുക. വകുപ്പുകൾ അടക്കം ചർച്ചയിൽ തീരുമാനമാകും. കടന്നപ്പള്ളിക്ക് ദേവസ്വം കൊടുക്കുമെന്ന ചർച്ചയും സജീവമാണ്. മുമ്പ് തുറമുഖ വകുപ്പും കടന്നപ്പള്ളി കൈകാര്യം ചെയ്തിട്ടുണ്ട്. ഗണേശിന് ഗതാഗതവും വനവും എല്ലാം പരിഗണനയിലാണ്. സിപിഎം മന്ത്രിമാർ തുടരും. മറ്റെതേങ്കിലും ഘടകകക്ഷി മന്ത്രിമാരെ മാറ്റുമോ എന്നതും നിർണ്ണായകമാണ്.

എൻസിപിയിൽ മന്ത്രിസ്ഥാനത്തിന് വേണ്ടി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് രംഗത്തുണ്ട്. മന്ത്രി എകെ ശശീന്ദ്രൻ ഇപ്പോൾ ചികിൽസയിലുമാണ്. ഇതെല്ലാം എൻ സിപിയിൽ മന്ത്രിമാറ്റമുണ്ടാക്കുമോ എന്ന ചർച്ച സജീവമാക്കുന്നു. സിപിഐയുടെ പുതിയ സെക്രട്ടറി ബിനോയ് വിശ്വമാണ്. ഇത് സിപിഐയിലെ നയങ്ങളേയും ഇനി ബാധിക്കും. ഇടതു മുന്നണി യോഗത്തിലാകും എല്ലാം തെളിയുക. ഏതായാലും വിപുലമായ പുനഃസംഘടന ഉണ്ടാകാൻ ഇടയില്ല. വകുപ്പു മാറ്റത്തിന് സിപിഎം തയ്യാറാകുമെന്നും സൂചനയുണ്ട്.

ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പകുത്തുനൽകാനുള്ള എൽഡിഎഫിലെ മുൻധാരണ നടപ്പാക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. ഗണേശും (കേരള കോൺഗ്രസ്ബി) കടന്നപ്പള്ളിയും (കോൺഗ്രസ്എസ്) മന്ത്രിമാരാകുമ്പോൾ യഥാക്രമം ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) എന്നിവർ ഒഴിയും. നവംബർ 20ന് പിണറായി മന്ത്രിസഭ രണ്ടരവർഷം പൂർത്തിയാക്കിയിരുന്നു.